തിരുവനന്തപുരം: ഇ.ഡി. കോണ്‍ഗ്രസിനെ വേട്ടയാടുന്നെന്നാരോപിച്ചും നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചും കോണ്‍ഗ്രസ് നടത്തിയ രാജ്ഭവന് മാര്‍ച്ചില്‍ സംഘര്‍ഷം. രാജ് ഭവന് മുന്നില്‍ മാര്‍ച്ച് തടയാന്‍ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. ഇത് മറികടക്കാനുള്ള ശ്രമത്തിനൊടുവിലാണ് സംഘര്‍ഷമുണ്ടായത്. പോലീസ് ജലപീരങ്കിയും കണ്ണീര് വാതകവും ഉപയോഗിച്ചു.
സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. രാഹുല്‍ ഗാന്ധിയെ തുടര്‍ച്ചയായി ഇ.ഡി ചോദ്യംചെയ്യുന്നതിനെതിരേ രാജ് ഭവന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന് തുടങ്ങിയവര്‍ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങിയ ശേഷമാണ് പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.
രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ മാര്‍ച്ചായിരുന്നെങ്കിലും പ്രവര്‍ത്തകര്‍ സംസ്ഥാന സര്‍ക്കാരിനും പോലീസിനുമെതിരെ മുദ്രാവാക്യം വിളിച്ചാണ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചത്. പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതോടെയാണ് ജലപീരങ്കിയും കണ്ണീര് വാതകവും ഉപയോഗിച്ച് പോലീസ് നേരിട്ടത്.
ഒരു ബാരിക്കേഡ് പ്രവര്‍ത്തകര്‍ മറിച്ചിട്ടു. പോലീസ് ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. ഇതോടെ പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ കണ്ണീര് വാതകവും പ്രയോഗിക്കുകയായിരുന്നു.