IndiaNEWS

കുതിച്ചുയര്‍ന്ന് വിമാന ഇന്ധനവിലയും; ടിക്കറ്റ് നിരക്ക് കൂട്ടാന്‍ കമ്പനികള്‍: ആകാശയാത്രയ്ക്ക് ചെലവേറും

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ എണ്ണ വിതരണ കമ്പനികള്‍ ഏവിയേഷന്‍ ഫ്യുവലിന്റെ നിരക്കുകള്‍ വര്‍ധിപ്പിച്ച് ഇന്ന് വീണ്ടും ഉത്തരവിറക്കിയതോടെ യാത്രാ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിക്കാനൊരുങ്ങി വിമാന കമ്പനികള്‍. ഇന്ന് 16.3 ശതമാനം വില വര്‍ധിച്ചതോടെ വിമാന ഇന്ധനവിലയും റെക്കോഡ് ഉയരത്തിലെത്തി. ഇതോടെ യാത്ര നിരക്കുകള്‍ വന്‍ തോതില്‍ വര്‍ധിച്ചേക്കും.

2021 ജൂണ്‍ മുതല്‍ ഏവിയേഷന്‍ ഫ്യൂവല്‍ വിലയില്‍ 120 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ആറ് മാസത്തിനിടെ 91 ശതമാനം വര്‍ധിച്ചു. 2022ല്‍ ഏതാണ്ട് ഇരട്ടിയായി. ഡല്‍ഹിയില്‍ എടിഎഫ് (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍) വില ഇപ്പോള്‍ കിലോലിറ്ററിന് 1.41 ലക്ഷം രൂപയാണ്. മെയ് മാസത്തില്‍ എടിഎഫ് വില 5 ശതമാനം വര്‍ധിപ്പിച്ച് ദേശീയ തലസ്ഥാനത്ത് കിലോലിറ്ററിന് 1.23 ലക്ഷം രൂപയായിരുന്നു.

Signature-ad

വരും ദിവസങ്ങളില്‍ വിമാന ടിക്കറ്റ് നിരക്കില്‍ ചുരുങ്ങിയത് 10 -15 %-ന്റെ വര്‍ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. കൊവിഡ് മാന്ദ്യത്തെ തുടര്‍ന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിട്ടുള്ള വിമാന കമ്പനികള്‍ക്ക് ഇന്ധനവില വീണ്ടും വര്‍ധിച്ച സാഹചര്യത്തില്‍ യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കാതെ പിടിച്ചു നില്‍ക്കുക പ്രയാസമാകും.

ടിക്കറ്റ് നിരക്കുയരുന്നത് പ്രവാസികളായ മലയാളികള്‍ക്കും വന്‍ തിരിച്ചടിയാണ്. പെരുന്നാളാഘോഷത്തിനും അവധിയാഘോഷത്തിനുമായി നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് പ്രവാസി കുടുംബങ്ങള്‍. ജൂലൈ 9 നോ 10 നോ ആയിരിക്കും ബലി പെരുന്നാള്‍. അവധി പ്രമാണിച്ച് ഇപ്പോള്‍ തന്നെ ഉയര്‍ന്നു തുടങ്ങിയ ടിക്കറ്റ് നിരക്കുകള്‍ ജൂലൈ ആദ്യ വാരത്തില്‍ ഇരട്ടിയോളമാകാനാണ് സാധ്യത. ഇതിനൊപ്പം ടിക്കറ്റ് നിരക്ക് വര്‍ധിക്കുകകൂടിചെയ്യുമ്പോള്‍ നാട്ടിലെത്താന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും.

Back to top button
error: