IndiaNEWS

‘വിക്രം’ നേടിയത് 325 കോടി, ഇത്ര ഭീമമായ തുക എന്തു ചെയ്യുമെന്ന് കമൽഹാസനോടു ചോദ്യം, വയർ നിറയെ ഭക്ഷണം കഴിക്കുമെന്ന് മറുപടി; പിന്നെയോ…?

നടൻ, ഗായകൻ, ചലച്ചിത്ര നിർമ്മാതാവ്, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിലൊക്കെ തിളങ്ങിയ കമൽ ഹാസൻ ഇന്ത്യൻ ചലച്ചിത്ര രംഗത്തെ അത്ഭുത പ്രതിഭയാണ്. സിനിമയിൽ നിന്നും ഏകദേശം റിട്ടയർ ചെയ്ത നിലയിലായിരുന്നു അടുത്ത കാലം വരെ ഇദ്ദേഹം. ഇപ്പോഴിതാ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നു.
‘വിക്രം’ എന്ന സിനിമ ഗംഭീര അഭിപ്രായത്തോടെ പ്രദർശനം തുടർന്നു കൊണ്ടിരിക്കുകയാണ്. വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട ഫഹദ് ഫാസിലാണ് ‘വിക്ര’മിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. വില്ലനായെത്തിയത് വിജയ് സേതുപതിയും.

റിലീസ് ചെയ്ത നാൾ മുതൽ ഗംഭീര വരവേൽപ്പാണ് ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനോടകം ‘വിക്രം’ 325 കോടി രൂപ കളക്ഷൻ നേടിയത്രേ. കോവിഡിന് ശേഷം ഒരു തമിഴ് ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ‘വിക്രം’ വാരിക്കൂട്ടുന്നത് കമൽ ഹാസനാണ് നിർമ്മാതാവ്.

കേരളത്തിൽ സൂപ്പർ ഹിറ്റായ മൂന്ന് കോളിവുഡ് ചിത്രങ്ങൾ കമൽഹാസന്റെ പേരിലായി. 1989ൽ അപൂർവ സഹോദരർഗൾ, 1996ൽ ഇന്ത്യൻ, ഇപ്പോൾ വിക്രമുമാണ് വലിയ വിജയം നേടിയത്.

സിനിമയിൽ കേന്ദ്രകഥാപാത്രമായി അതിഥി വേഷത്തിൽ സൂര്യ എത്തുന്നു. സൂര്യയ്ക്ക് ഒരു റോളക്സ് വാച്ച് കമൽ സമ്മാനമായി നൽകിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. പ്രതിഫലം വാങ്ങാതെയാണ് സൂര്യ ഈ സിനിമയിൽ അഭിനയിച്ചത്.
ലോകേഷ് കനകരാജ് ആണ് ‘വിക്രം’ സംവിധാനം ചെയ്തത്. ഇദ്ദേഹത്തിന് ഒരു ആഡംബര കാർ ആണ് കമൽഹാസൻ സമ്മാനമായി നൽകിയത്. ഇപ്പോൾ ‘വിക്രം’ എന്ന സിനിമയിൽ നിന്നും ലഭിച്ച കോടികൾ എന്ത് ചെയ്യും എന്ന ചോദ്യത്തിനുള്ള ഉത്തരം നൽകുകയാണ് കമൽഹാസൻ.

“എന്റെ എല്ലാ കടങ്ങളും ഞാൻ തിരിച്ചടയ്ക്കും, എനിക്ക് തൃപ്‌തിയാകുന്നത് വരെ ഞാൻ ഭക്ഷണം കഴിക്കും, എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എനിക്ക് കഴിയുന്നതെല്ലാം ഞാൻ നൽകും. അതിന് ശേഷം ബാക്കിയൊന്നുമില്ലെങ്കിൽ എന്റെ കയ്യിൽ ഒന്നുമില്ല എന്ന് പറയും. മറ്റൊരാളുടെ പണം വാങ്ങി മറ്റുള്ളവരെ സഹായിക്കുന്നതായി എനിക്ക് അഭിനയിക്കേണ്ടതില്ല. എനിക്ക് വലിയ പദവികളൊന്നും വേണ്ട. ഒരു നല്ല മനുഷ്യനാകാൻ ഞാൻ ആഗ്രഹിക്കുന്നു.”
ഇതായിരുന്നു കമലഹാസൻ പറഞ്ഞ വാക്കുകൾ. ലോട്ടറി അടിച്ച ഒരു സാധാരണക്കാരൻ പറയുന്ന അതേ വാക്കുകൾ തന്നെയാണല്ലോ ഇത്രയും വലിയ ഒരു കോടീശ്വരനായ കമൽഹാസനും പറയുന്നത് എന്നാണ് പ്രേക്ഷകരുടെ ചോദ്യം.

Back to top button
error: