NEWS

ഓഹരി വിപണിയിലെ കാളയും കരടിയും 

ഹരി വിപണിയിൽ കരടികൾ പിടിമുറുക്കിയിരിക്കുന്നുവെന്നും , കാളകൾ കുതിക്കുന്നുവെന്നുമൊക്കെ  പറഞ്ഞാൽ എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയാമോ?
ഓഹരി വിപണിയില്‍ സ്ഥിരമായി കേള്‍ക്കുന്ന ഒരു പദമാണ് ഓഹരി ചന്ത. ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന സ്ഥലമാണ് ഓഹരി ചന്ത അല്ലെങ്കില്‍ ഷെയര്‍ മാര്‍ക്കറ്റുകള്‍. ഓഹരി കമ്പോളത്തില്‍ ഓഹരി കച്ചവടക്കാരുമുണ്ട് , ഊഹക്കച്ചവടക്കാരുമുണ്ട്. ഓഹരി കമ്പോളത്തില്‍ ഓഹരികള്‍ക്ക് വില കൂടുമെന്ന് പ്രതീക്ഷിച്ച് കൊണ്ട് ഓഹരികള്‍ വാങ്ങിക്കൂട്ടുന്ന ഓഹരിക്കച്ചവടക്കാരാണ് ബുള്‍ (കാള) എന്ന് അറിയപ്പെടുന്നത്. അതുപോലെ ഓഹരി കമ്പോളത്തില്‍ ഓഹരികള്‍ക്ക് വില കുറയുമെന്ന് ഭയന്ന് ഓഹരികള്‍ വില്‍പ്പന നടത്തുന്ന ഊഹക്കച്ചവടക്കാരാണ് ബെയര്‍ അഥവാ കരടി.
കാളയും, കരടിയും ഓഹരി വിപണിയുടെ പൊതു സ്വഭാവം സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രതീകങ്ങളാണ്. ഓഹരി വിപണി നന്നായി മുന്നോട്ട് പോകുന്ന സാഹചര്യം ഉണ്ടെന്ന് വെക്കുക. സമ്പദ്‌വ്യവസ്ഥയിൽ നല്ല പുരോഗതി ഉണ്ട്. നിക്ഷേപകർക്ക് വിപണിയിൽ പങ്കെടുത്താൻ താല്പര്യവും , ശുഭാപ്തിവിശ്വാസവും ഉണ്ട്. തൊഴിലില്ലായ്മ കുറവ് എന്തുകൊണ്ടും സമ്പത് വ്യവസ്ഥ അതിന്റെ പുഷ്കാലത്താണ്. ഇത്തരം ഒരു സാഹചര്യത്തെ സൂചിപ്പിക്കാനാണ് കാളയെ(bull) ഉപയോഗിക്കുന്നത് .
ഇങ്ങനെയുള്ള അവസരത്തിൽ ഇക്കോണമി ‘bullish’ ആണെന്നാണ് പറയുക. അതായത് വിപണിയിലെ Bull അഥവാ കാള എന്നാൽ  സാമ്പത്തിക ആസ്തികളുടെ വില ഉയരുകയാണ് എന്ന് വിശ്വസിച്ച് ഓഹരിയെ വാങ്ങി ഇവയുടെ വിപണിയിലെ വില ഉയരാൻ കാത്തിരിക്കുന്ന ഒരു നിക്ഷേപകൻ എന്ന് അർത്ഥം .
മറിച്ച് സാമ്പത്തിക വിപണിയിൽ Bear അഥവാ കരടി എന്ന് പറഞ്ഞാൽ സാമ്പത്തിക ആസ്തികളായ ഒരു പ്രത്യേക ഓഹരി അല്ലെങ്കിൽ ഓഹരി വിപണി മൊത്തമായും അല്ലെങ്കിൽ വിപണിയിലെ ഒരു സൂചിക അല്ലെങ്കിൽ ഏതെങ്കിലും ചരക്ക് വില അല്ലെങ്കിൽ ബോണ്ട് വില താഴോട്ട് പോവുകയാണെന്ന് വിശ്വസിച്ച് ഇവയെ വലിയ വിലയിൽ വിറ്റശേഷം ചെറിയ വിലയിൽ വാങ്ങി ലാഭം ഉണ്ടാക്കുന്ന ഒരു നിക്ഷേപകൻ എന്നർത്ഥം .
കാളകളും കരടികളും തമ്മിലുള്ള ഒരു മത്സരമാണ് ഓഹരിവിപണിയിലെ വില നിലവാരം ഉയർത്തുകയും താഴ്ത്തുകയും ചെയ്യുക.ഒരു പ്രത്യേക സ്റ്റോക്കിനെ കുറിച്ച് നമ്മളുടെ വിചാരം പറയുമ്പോഴും ഈ പദങ്ങൾ ഉപയോഗിക്കാം. ഉദാഹരണത്തിന്, TCS ന്റെ സ്റ്റോക്ക് ചുരുങ്ങിയ  കാലയളവിൽ ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് വെക്കുക. അപ്പോൾ ആളുകൾ TCS ന്റെ സ്റ്റോക്ക് വാങ്ങിക്കൂട്ടുന്നു. ഇവിടെ ഓഹരികൾ bull ആണ് എന്ന് പറയാം. TCS ന്റെ വില കുറയുമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഓഹരി ഉടമ. ഇവിടെ  TCS ന്റെ കാര്യത്തിൽ  അയാൾ ഒരു ബെയർ ആണ് എന്ന് പറയാം.
ലോകരാജ്യങ്ങളുടെ ചരക്കുകൈമാറ്റങ്ങളുടെ നിരക്കുവച്ചും, ലോകത്തിൽ പൊട്ടിപുറപ്പെടുന്ന യുദ്ധങ്ങൾ വച്ചും, രാജ്യങ്ങൾ തമ്മിൽ വ്യാപാരത്തിൽ ഉടലെടുക്കുന്ന ശീതസമരങ്ങൾ വച്ചും അല്ലെങ്കിൽ കൊറോണ പോലെയുള്ള ആഗോളവ്യാപമായ മഹാമാരികളെക്കൊണ്ടും വിപണിയിലെ ചരക്കാവശ്യങ്ങളും അതുവഴി വ്യാപാരങ്ങളും ഇല്ലാതാവുകയോ കുറയുകയോ ചെയ്യുമ്പോൾ കരടികൾ ഓഹരിയുടെ വില താഴുന്നു എന്ന് മനസ്സിലാക്കി അവയെ വിറ്റഴിക്കാൻ ശ്രമിക്കുകയോ ഊഹക്കച്ചവടം നടത്തുകയോ ചെയ്യും.
പമ്പരാഗത രീതിയിൽ വാങ്ങിയതിന് ശേഷം വില്പന എന്നതാണ് വിപണിയുടെ നിർവചനം. കൈയിൽ ഇല്ലാത്ത സാധനം വില്കാനാവില്ലല്ലോ. എന്നാൽ വിറ്റിട്ട് വാങ്ങുക എന്ന പ്രക്രിയയും ഓഹരിവിപണിയിൽ നടക്കും. അതായത് വില താഴാൻ പോകുന്നു എന്ന അവസ്ഥയെ മുൻകൂട്ടിക്കണ്ട് വിലയേറിയിരിക്കുന്ന ഓഹരിയെ ആദ്യം കരടികൾ വിൽക്കും. വിൽക്കാനുള്ള ഓഹരികൾ തങ്ങൾ അംഗങ്ങളായ ദല്ലാളുകളുടെ അഥവാ ബ്രോക്കറുടെ കൈയിൽ നിന്നും കടമെടുത്ത് വിൽക്കും. എന്നിട്ട് വില താഴുമ്പോൾ ഈ എത്ര ഓഹരിയാണോ കടമെടുത്ത് വിറ്റത് അത്രയും ഓഹരികൾ ചെറിയ വിലയ്ക്ക് വാങ്ങി ദല്ലാൾക്ക് തിരിച്ചു കൊടുക്കും.
ഇത്തരത്തിൽ കടമെടുത്ത ഓഹരി വലിയ വിലയിൽ വിപണിയിൽ വിറ്റിട്ട് ചെറിയ വിലയിൽ തിരിച്ചു വാങ്ങി, ഈ വിലയിലെ വ്യത്യാസം ലാഭമായി കൊയ്യുന്ന ഊഹക്കച്ചവടക്കാരെയാണ് കരടികൾ എന്ന് വിപണി വിശേഷിപ്പിക്കുക.ഓഹരി വിപണി താഴോട്ട് പോകുന്നതിനെ സൂചിപ്പിക്കുന്ന മൃഗമാണ് കരടി. ബുൾ മാർക്കറ്റിന്റെ നേരെ വിപരീതമാണ് ബെയർ മാർക്കറ്റ്. വിപണി Bearish ആണെന്ന് പറഞ്ഞാൽ അതിനർത്ഥം സമ്പത് വ്യവസ്ഥ അത്ര സുഖത്തിലല്ല എന്നാണ്. മാന്ദ്യം ഉണ്ടാവുന്നുണ്ട്. തൊഴിലുകൾ കുറഞ്ഞു വരികയാണ്. വിലനിലവാരം ഇടിയുന്നു. ഇതെല്ലാമാണ് കരടി മാർക്കറ്റ് സൂചിപ്പിക്കുന്നത്. ഒരു പ്രത്യേക സ്റ്റോക്കിനെ പറ്റി പറയുമ്പോഴും ‘bearish’ എന്ന് പറയാറുണ്ട്.
കരടികൾ ഇരയെ ആക്രമിക്കുന്നത് രണ്ടുകാലിൽ ഉയർന്നു നിന്ന് കൂർത്തനഖങ്ങൾ ഉള്ള മുൻകാൽ അഥവാ കൈ ഉപയോഗിച്ച് താഴോട്ട് ശക്തമായി പ്രഹരിച്ചാണ്. അപ്പോൾ ഇര താഴോട്ടാണ് വീഴുന്നത്. ഇതേ അവസ്ഥയിൽ മുകളിലുള്ള വിപണിവിലയെ താഴേക്ക് അടിച്ചിട്ട് അവരുടെ ലാഭവിഹിതം കൈക്കലാക്കുന്നതിനാലാണ് കരടി എന്ന പ്രയോഗം വിറ്റുവാങ്ങുന്ന (short selling) ഊഹക്കച്ചവർക്കാർക്ക് വിപണി നൽകിയത്.
തിരിച്ച് കാളകളാണെങ്കിൽ തലകുനിച്ചു കൂർത്ത കൊമ്പുകൾ ഉപയോഗിച്ച് ഇരയെ ഉയർത്തിയെറിഞ്ഞാണ് ആക്രമിക്കുക. അപ്പോൾ താഴെയുള്ള വിപണിയുടെ വിലയെ ഉയർത്തുന്ന നിക്ഷേപകരെയും ഊഹക്കച്ചവടക്കാരെയും കാളകൾ എന്ന് സംബോധന ചെയ്യുന്നു.
വിപണിയിൽ കരടികൾ പിടിമുറുക്കി എന്ന് പറഞ്ഞാൽ നിഫ്റ്റി 50, സെൻസെക്സ് എന്നിങ്ങനെയുള്ള ഓഹരിവിപണിയിലെ പ്രധാന സൂചികകളിൽ വില നിരന്തരം താഴ്ന്ന് അവയുടെ ഏറ്റവും ഉയരെയുള്ള വിലയിൽ നിന്നും 20%ത്തിൽ അധികം ഇടിവ് നേരിട്ടു എന്നർത്ഥം. ഇത് സൂചികകൾ പോലെത്തന്നെ ഒരു പ്രത്യേക ഓഹരിവിലയിലും ബാധകമാണ്.
കരടിയും, കാളയും എങ്ങനെയാണ് ആക്രമിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഓഹരി വിപണിയുടെ സ്വഭാവം പറയുന്നത്. കാള തല കുമ്പിട്ട് വന്ന് കൊമ്പുകൾ കൊണ്ട് കുത്തി ഉയർത്തുകയാണ് ചെയ്യുക. അതെ സമയം കരടിയാകട്ടെ ബലിഷ്ഠമായ കൈകൾ ഉയർത്തി താഴോട്ട് അടിച്ചാണ് ആക്രമിക്കുക.
ഓഹരി വിപണിയിലെ നിക്ഷേപകർ ഒന്നുകിൽ കരടികൾ അല്ലെങ്കിൽ കാളകൾ, എന്ന് വിചാരിക്കണ്ട. പല തരം സ്വഭാവത്തെയും മാർക്കറ്റിന്റെ ചലനത്തെയും സൂചിപ്പിക്കാൻ മറ്റു മൃഗങ്ങളെയും ഉപയോഗിക്കാറുണ്ട്. കലമാൻ, പന്നി, ചെന്നായ, കോഴി എന്നിവ ഉദാഹരണങ്ങൾ. പ്രധാനമായും സ്റ്റോക് മാർക്കറ്റ് സംബന്ധമായിട്ടാണ് കാളയും, കരടിയും പ്രത്യക്ഷപെടാറുള്ളതെങ്കിലും, മറ്റു സാമ്പത്തിക മേഖലയുടെയും ചലനത്തെ കാണിക്കാൻ ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: