ലോകത്തിനാകെ അദ്ഭുതമാണ് പോളണ്ടിന്റെ തെക്ക് ഭാഗത്തുള്ള മിയസ്‌കെ ഒഡ്രിസ്‌കി എന്ന ചെറിയ ഗ്രാമം. പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ ഒരൊറ്റ ആണ്‍കുട്ടി മാത്രംമാണ് ഇവിടെ ജനിച്ചത്്, അതും കഴിഞ്ഞ വര്‍ഷം മേയില്‍. ഗര്‍ഭസ്ഥ ശിശു പെണ്‍കുട്ടിയാണെന്നറിഞ്ഞാല്‍ കൊലപാതകം നടത്തിയിരുന്ന ആളുകളുള്ള നമ്മുടെ നാട്ടില്‍ ഈ വാര്‍ത്ത ഏറെ അതിശേയാക്തി നിറഞ്ഞതായി തോന്നുമെങ്കിലും സംഗതി സത്യമാണ്. പെണ്‍കുട്ടികള്‍ മാത്രം ജനിക്കുന്ന ഗ്രാമമെന്ന പേരില്‍ മിയസ്‌കെ ഒഡ്രിസ്‌കി ഇതിനകം ലോക ശ്രദ്ധ നേടിക്കഴിഞ്ഞു.
ഏകദേശം മൂന്നുറോളം പേരുള്ള ഈ ഗ്രാമത്തില്‍ 2010 മുതല്‍ ആണ്‍കുട്ടികളൊന്നും ജനിക്കുന്നില്ല. ജനനരേഖകള്‍ അനുസരിച്ച്, 2009 മുതല്‍ നോക്കിയാല്‍ ആകെ ജനിച്ചത് ഒരു ആണ്‍കുട്ടി മാത്രമാണ്. ആണ്‍കുട്ടികളുടെ കുറവ് കാര്‍ഷിക സമൂഹമായ തങ്ങളുടെ ഗ്രാമത്തിന്റെ ഭാവിയെത്തന്നെ ബാധിക്കുമോ എന്ന ഭയത്തിലാണ് ഗ്രാമവാസികള്‍. അഗ്‌നിശമനാ സേനാംഗങ്ങള്‍ക്കായുള്ള ഒരു മത്സരത്തിനിടെയാണ് ആണ്‍കുട്ടികളുടെ കുറവ് അവര്‍ ആദ്യമായി ശ്രദ്ധിക്കുന്നത്. യൂണിഫോം ധരിച്ച എല്ലാവരും പെണ്‍കുട്ടികളാണെന്ന് അവര്‍ തിരിച്ചറിഞ്ഞു.
ഇതോടെ ആണ്‍കുട്ടികള്‍ക്കായുള്ള കാത്തിരിപ്പായി. എന്നാല്‍ ആ സമയപരിധിക്കുള്ളില്‍ 12 പെണ്‍കുട്ടികള്‍ ജനിച്ചിട്ടുണ്ട്. പത്രങ്ങള്‍ അഭിമുഖം നടത്തിയ മിക്ക കുടുംബങ്ങളിലും പെണ്‍മക്കളാണെന്ന് റിപ്പോര്‍ട്ട് വന്നു. എന്താണ് കൗതുകകരമായ ഈ ജനസംഖ്യാ ക്രമക്കേടിന് കാരണമെന്ന് മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞരും പ്രയാസപ്പെടുന്നു. ഗ്രാമത്തില്‍ ആവശ്യത്തിന് യുവാക്കള്‍ ഇല്ലാതിരുന്നതിനാല്‍, പ്രായപൂര്‍ത്തിയായ യുവതികള്‍ ജീവിതം ആരംഭിക്കാന്‍ ഗ്രാമത്തിന് വെളിയില്‍ പോയതും കാര്യങ്ങളെ കൂടുതല്‍ വഷളാക്കി.
ഒരു ആണ്‍കുട്ടിക്കായുള്ള ഗ്രാമത്തിന്‍െ് 10 വര്‍ഷ കാത്തിരിപ്പ് അവസാനിപ്പിച്ച് കഴിഞ്ഞ മേയില്‍ ആണ് കുഞ്ഞു ബാര്‍ട്ടിക് ജനിച്ചത്. ഗുഷഗോഷ് – അന്ന ദമ്പതിമാരായിരുന്നു ലോകം ശ്രദ്ധിച്ച ആ ഭാഗ്യശാലികള്‍.
ബാര്‍ടെക്കിന്റെ വരവോടെ ഗ്രാമം അല്പമൊരു ആശ്വാസത്തിലാണ്. കൂടുതല്‍ ആണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി മേയര്‍, അടുത്ത നവജാത ശിശുവിന്റെ മാതാപിതാക്കള്‍ക്ക് ഒരു പാരിതോഷികം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒരു തെരുവിന് അവന്റെ പേരിടാന്‍ പോലും അധികൃതര്‍ സന്നദ്ധത പ്രകടിപ്പിക്കുന്നു.
ഇവിടുത്തെ അമ്മമാരെല്ലാം ആണ്‍കുട്ടികള്‍ക്കായുള്ള പ്രാര്‍ത്ഥനയിലാണ്. ആണ്‍കുട്ടികളെ എങ്ങനെ ഗര്‍ഭം ധരിക്കാം എന്നതിനെക്കുറിച്ച് അശാസ്ത്രീയമായ നിരവധി ഉപദേശങ്ങള്‍ നഗരത്തില്‍ പ്രചരിക്കുന്നതായി പറയുന്നു. അമ്മമാരുടെ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നത് മുതല്‍ കട്ടിലിനടിയില്‍ ഒരു കോടാലി സൂക്ഷിക്കുന്നത് വരെ എത്തി നില്‍ക്കുന്നു ആ അന്ധവിശ്വാസങ്ങള്‍.
അതേസമയം കണക്കുകള്‍ സൂചിപ്പിക്കുന്നത്, പോളണ്ടില്‍ പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ ആണ്‍കുട്ടികളാണ് ജനിക്കുന്നതെന്നാണ്. 2017 -ല്‍ 196,000 പെണ്‍കുട്ടികള്‍ ജനിച്ചപ്പോള്‍, രാജ്യത്ത് ജനിച്ച ആണ്‍കുട്ടികളുടെ എണ്ണം 207,000 ആയിരുന്നു.