അമേരിക്കയില്‍ പോയത് ചികിത്സക്ക് ചിലവ് വഹിച്ചത് പാര്‍ട്ടി, ജനങ്ങളെ ഉപയോഗിച്ച് ആരോപണങ്ങളെ നേരിടും; ഫണ്ട് ആരോപണങ്ങളോട് പ്രതികരിച്ച് കോടിയേരി
ഷാജ് കിരണണിനെ അറിയില്ല, ഇങ്ങനെയുള്ള സന്ദര്‍ഭത്തിലെല്ലാം ഓരോ ആളുകള്‍ കയറി വരും. അത്തരത്തിലൊരാളാണ് ഷാജ് കിരണ്‍
തിരുവനന്തപുരം: തന്‍െ്‌റ ചികിത്സയ്ക്കായി ഒരു നയാ പൈസ ആരും ചെലവാക്കിയിട്ടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വപ്ന സുരേഷ് പുറത്ത് വിട്ട ശബ്ദരേഖയിലെ ഫണ്ട് ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയില്‍ മൂന്ന് തവണ പോയിട്ടുണ്ടെന്നത് ശരിയാണെങ്കിലും ചികിത്സക്ക് വേണ്ടിയാണ് പോയത്. എന്റെ ചികിത്സാ ചിലവ് പൂര്‍ണ്ണമായും വഹിച്ചത് പാര്‍ട്ടിയാണ്. ഒരു നയാ പൈസ ആരും ചെലവാക്കിയിട്ടില്ല.
സ്വപ്ന സുരേഷിന്റെ ശബ്ദരേഖയിലുള്ള ഷാജ് കിരണന്‍ എന്ന വ്യക്തിയെ അറിയില്ല. ഇങ്ങനെയുള്ള സന്ദര്‍ഭത്തിലെല്ലാം ഇങ്ങനെ ഓരോ ആളുകള്‍ കയറി വരും. അത്തരത്തിലൊരാളാണ് ഷാജ് കിരണ്‍. ആ പേര് തന്നെ ആദ്യമായാണ് കേള്‍ക്കുന്നത്. സ്വപ്നയെ നേരിട്ട് കണ്ടിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണ് മുഖ്യമന്ത്രിയായ പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ട് പോകുന്നതെന്നാണ് ഷാജ് കിരണ്‍ സ്വപ്ന പുറത്ത് വിട്ട ശബ്ദരേഖയില്‍ ആരോപിക്കുന്നത്. ”പിണറായി വിജയന്റെയും കൊടിയേരിയുടേയും ഫണ്ട് പോവുന്നത് ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണ്. നാളെ ഞങ്ങളോട് ചോദിക്കും. എന്താണ് മോട്ടീവ്, ആരാണ് പിന്നിലെന്ന്? ഞങ്ങള്‍ എന്താണ് പറയേണ്ടത്” എന്നാണ് ശബ്ദരേഖയില്‍ ചോദിക്കുന്നത്. സ്വപ്ന സുരേഷ് 164 സ്റ്റേറ്റ്‌മെന്റ് നല്‍കിയ ശേഷമുള്ളതാണ് ഈ സംഭാഷണം.
എന്നാല്‍, സ്വപ്നയുടെ ഈ ആരോപണങ്ങള്‍ ഗൂഢാലോചനയാണെന്നും രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കലാണ് ലക്ഷ്യമെന്നും കോടിയേരി ആരോപിച്ചു. ആരോപണങ്ങള്‍ ആദ്യമായി കേള്‍ക്കുന്ന മുഖ്യമന്ത്രിയല്ല പിണറായി വിജയന്‍. കമലാ ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുണ്ടെന്ന ആരോപണം നേരത്തെ വന്നിരുന്നു. അതൊരു കഥയായിരുന്നു. എല്ലാം കഥകളാണ്. ഇത്തരം ആക്ഷേപങ്ങള്‍ കേട്ടുകൊണ്ട് ഉയര്‍ന്ന് വന്നയാളാണ് പിണറായി വിജയന്‍. കള്ളക്കഥകള്‍ക്ക് മുന്നില്‍ സിപിഎം കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. ജനങ്ങളെ ഉപയോഗിച്ച് ആരോപണങ്ങളെ നേരിടും. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ ഉള്‍പെടുത്താന്‍ ആദ്യം തന്നെ ശ്രമമുണ്ടായിരുന്നു. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തല്‍ ഗൂഢാലോചനയുടെ ഭാഗമാണ്.
രഹസ്യമൊഴി വെളിപ്പെടുത്തുന്നത് അസാധാരണ നടപടിയാണ്. സ്വപ്ന മുമ്പ് നല്‍കിയ രഹസ്യ മൊഴിയും ഇപ്പോള്‍ നല്‍കിയ രഹസ്യ മൊഴിയും തമ്മില്‍ നിറയെ വൈരുധ്യങ്ങളുണ്ട്. മുഖ്യമന്ത്രിക്കും കുടുംബങ്ങള്‍ക്കും എതിരെ പ്രചാരണം നടത്തുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. ആദ്യം ശിവശങ്കറിന് സ്വര്‍ണ്ണക്കടത്തില്‍ ബന്ധമില്ലെന്നാണ് സ്വപ്ന പറഞ്ഞത്. മുഖ്യമന്ത്രിക്ക് ബന്ധം ഇല്ലെന്നും അദ്ദേഹത്തിനെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടായെന്നും ഒന്നര വര്‍ഷം മുന്‍പ് അവര്‍ മൊഴി നല്‍കി. എന്നാല്‍ ഇപ്പോള്‍ വ്യത്യസ്തമായാണ് പറയുന്നത്.
ബിരിയാണി ചെമ്പില്‍ സ്വര്‍ണ്ണം കടത്തിയെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്. മുഖ്യമന്ത്രിയെയും കുടുംബത്തെയും കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരം സന്ദര്‍ഭത്തില്‍ സര്‍ക്കാര്‍ നോക്കി നില്‍ക്കരുത്. ഗൂഡാലോചനയില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും കോടിയേരി പറഞ്ഞു.