BusinessTRENDING

ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം സംബന്ധിച്ച വസ്തുതകള്‍ മറച്ച് വെച്ചാലും നഷ്ടപരിഹാരം ലഭിക്കും

ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം സംബന്ധിച്ച വസ്തുതകള്‍ മറച്ച് വെച്ചാലും അപേക്ഷകന് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവ്. ഇന്‍ഷുറന്‍സ് ക്ലെയിം കിട്ടാതെ പോകുന്ന സംഭവങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ച് ബിസിനസ് മേഖലയില്‍ നിന്നും ഇത്തരത്തില്‍ ഒട്ടേറെ പരാതികള്‍ ഉയരുന്നുന്ന അവസരത്തിലാണ് ഏറെ പ്രസക്തമായ ഉത്തരവ്. ജസ്റ്റീസ് സി. വിശ്വനാഥ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം സംബന്ധിച്ച വസ്തുതകള്‍ മറച്ച് വെച്ചാലും അപേക്ഷകന് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ട്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലുള്ള നിതിന്‍ ഇന്‍ഡസ്ട്രീസുമായി ബന്ധപ്പെട്ട് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ (എന്‍സിഡിആര്‍സി) മുന്‍പാകെ വന്ന പരാതിയിന്മേലാണ് തീര്‍പ്പുണ്ടായിരിക്കുന്നത്.

തീപിടുത്തത്തെ തുടര്‍ന്ന് കമ്പനിയില്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളടക്കം കത്തി നശിച്ചു. 2004 ജൂലൈയിലാണ് സംഭവം. ഇതിന് ഏതാനും മാസം മുന്‍പ് നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും നിതിന്‍ ഇന്‍ഡസ്ട്രീസ് ഇന്‍ഷുറന്‍സ് പരിരക്ഷ എടുത്തിരുന്നു. ഇന്‍ഷുറന്‍സ് കമ്പനി നിയമിച്ച സര്‍വേയറുടെ ആദ്യ റിപ്പോര്‍ട്ടില്‍ തീപിടുത്തത്തിന്റെ കാരണം വ്യക്തമാക്കിയിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം തടഞ്ഞു വെച്ചു. പരാതിക്കാന്‍ തീപിടുത്തത്തിനുള്ള കാരണം മറച്ച് വെക്കുകയാണെന്നും അതിനാല്‍ ക്ലെയിം തുകയ്ക്ക് അര്‍ഹതയുണ്ടായിരിക്കില്ല എന്നുമായിരുന്നു ഇന്‍ഷുറന്‍സ് കമ്പനി അറിയിച്ചത്. എന്നാല്‍ നിതിന്‍ ഇന്‍ഡസ്ട്രീസ് ഉടമ ഇതിനെതിരെ മഹാരാഷ്ട്രയിലെ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ മുന്‍പാകെ പരാതി സമര്‍പ്പിച്ചു. പരാതിക്കാരന് 13.3 ലക്ഷം രൂപ 9 ശതമാനം പലിശ സഹിതം ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവിടുകയും ചെയ്തു.

Signature-ad

ഇതിനെതിരെ ദേശീയ കമ്മീഷനെ ഇന്‍ഷുറന്‍സ് കമ്പനി സമീപിച്ചു. എന്നാല്‍ ഇവിടെയും ഇന്‍ഷുറന്‍സ് കമ്പനിയുടെ നീക്കം നീതി രഹിതമാണെന്ന് തെളിഞ്ഞു. തീപിടുത്തത്തിന്റെ യഥാര്‍ത്ഥ കാരണം സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍വേയര്‍ പിന്നീട് സമര്‍പ്പിച്ചിരുന്നുവെന്ന് തെളിഞ്ഞു. ആകസ്മികമായി ഉണ്ടായ ദുരന്തമായിരുന്നു തീപിടുത്തത്തിന് കാരണമെന്നും സര്‍വേയര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ കാരണം വെളിപ്പെടുത്താതിരുന്നത് അപേക്ഷകന്റെ ഭാഗത്തെ വീഴ്ച്ചയാണെങ്കിലും ഇതിന് ഗുരുതര സ്വഭാവമില്ലെന്നും, ഇതൊരു കാരണമായി ഉയര്‍ത്തി നഷ്ടപരിഹാരം നല്‍കുന്നത് തടഞ്ഞ് വെക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയ്ക്ക് സാധിക്കില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. മാത്രമല്ല ചെറിയ തോതിലുള്ള വീഴ്ച്ചയുണ്ടായതിനാല്‍ (കോണ്‍ട്രിബ്യൂട്ടറി നെഗ്ലിജന്‍സ്) 16.7 ലക്ഷം രൂപ ക്ലെയിം കിട്ടേണ്ട സ്ഥാനത്ത് 13.3 ലക്ഷം ആകും ലഭിക്കാന്‍ അര്‍ഹതയെന്നും ബെഞ്ച് വ്യക്തമാക്കി. മാത്രമല്ല 50,000 രൂപ ഇന്‍ഷുറന്‍സ് കമ്പനി പിഴയായി നല്‍കണമെന്നും എന്‍സിഡിആര്‍സി ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.

Back to top button
error: