കൊല്‍ക്കത്ത: പലപ്പോഴും മലയാളികള്‍ ശബ്ദത്തിലൂടെ ആസ്വദിക്കുകയും എന്നാല്‍ മലയാളിയാണെന്ന് തിരിച്ചറിയാതെ പോവുകയും ചെയ്ത ഗായകനാണ് കൃഷ്ണകുമാര്‍ കുന്നത് എന്ന കെകെ. ചൊവ്വാഴ്ച കൊല്‍ക്കത്തയിലെ സംഗീത വേദിയിലെ പരിപാടിക്ക് ശേഷം കുഴഞ്ഞുവീണാണ് ഈ അനുഗ്രഹീത ഗായകന്‍ അന്തരിച്ചത്. ദില്ലിയിലാണ് ഇദ്ദേഹം ജനിച്ചതും വളര്‍ന്നതും. സിഎസ് മേനോനും, കുന്നത്ത് കനകവല്ലിയുമാണ് മാതാപിതാക്കള്‍.
1968 ജനിച്ച കൃഷ്ണകുമാര്‍ ദില്ലി മൌണ്ട് സെന്‍റ് മേരീസ് സ്കൂളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസം നേടി കിരോരി മാല്‍ കോളേജില്‍ നിന്നും ബിരുദവും നേടി. ബോളിവുഡിലേക്ക് എത്തും മുന്‍പ് പരസ്യങ്ങളുടെ ജിംഗിള്‍ പാടി പ്രശസ്തനായിരുന്നു കെകെ. ഏതാണ്ട് 3,500 ജിംഗിളുകള്‍ ഇദ്ദേഹം ആലപിച്ചു. 1999 ലെ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനായി പാടിയ ജോഷ് ഓഫ് ഇന്ത്യ എന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു.
1991 ല്‍ ജ്യോതിയെ വിവാഹം കഴിച്ച കെകെയ്ക്ക് രണ്ട് മക്കളാണ് ഉള്ളത്. മകനായ നകുല്‍ ഗായകനാണ് കെകെയ്ക്കൊപ്പം ഹംസഫര്‍ എന്ന ആല്‍ബത്തിലെ മസ്തി എന്ന ഗാനം നകുല്‍ ആലപിച്ചിട്ടുണ്ട്. താമര കുന്നത്താണ് മകള്‍
ഗായകൻ കിഷോർ കുമാറും സംഗീത സംവിധായകൻ ആർ. ബർമനും എന്നിവര്‍ തന്നെ ഏറെ സ്വാദീനിച്ചതായി പലപ്പോഴും കെകെ തന്നെ പറഞ്ഞിട്ടുണ്ട്. മൈക്കൽ ജാക്‌സൺ, ബില്ലി ജോയൽ, ബ്രയാൻ ആഡംസ്, ലെഡ് സെപ്പെലിൻ എന്നിവരും കെകെയുടെ പ്രിയപ്പെട്ട അന്താരാഷ്ട്ര ഗായകരായിരുന്നു.
ഒരു ഗായകന്റെ മുഖം പ്രധാനമായി കാണേണ്ടത് പ്രധാനമല്ലെന്ന് കെകെ പലപ്പോഴും പറഞ്ഞു. “ഗായകന്‍റെ ശബ്ദം കേൾക്കണം” എന്നതാണ് പ്രധാന കാര്യം എന്ന് താൻ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പല അഭിമുഖങ്ങളില്‍ പറഞ്ഞു. സംഗീതത്തിൽ ഔപചാരികമായ പരിശീലനമൊന്നും നേടാത്ത വ്യക്തിയായിരുന്നു കെകെ.
അഞ്ച് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ നേടിയ കെകെ. തമിഴ് കന്നഡ സിനിമ രംഗത്തും നിരവധി അവാര്‍ഡ് വാങ്ങിയിട്ടുണ്ട്. 2012 ല്‍ മലയാളത്തില്‍ ഈണം സ്വരലയ സിംഗര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.