ദില്ലി: പശ്ചിമബംഗാൾ ബിജെപി നേതാവും എംപിയുമായ ദിലീപ് ഘോഷിന് കേന്ദ്ര നേതൃത്ത്വത്തിന്‍റെ താക്കീത്. മാധ്യമങ്ങളിലോ പൊതു ഫോറങ്ങളിലോ സംസാരിക്കരുതെന്ന് നിർദേശം. ദൃശ്യമാധ്യമങ്ങളില്‍ അടുത്തിടെ ദിലീപ് ഘോഷ് നല്‍കിയ അഭിമുഖങ്ങൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിനെ തുടർന്നാണ് നിർദേശം. പാർട്ടി അധ്യക്ഷന്‍ ജെപി നദ്ദയുടെ നിർദേശ പ്രകാരം ദേശീയ ജനറല്‍ സെക്രട്ടറി അരുൺ സിംഗാണ് രേഖാമൂലം താക്കീത് നല്‍കിയത്. പാർട്ടി നേരത്തേ നടത്തിയ ഉപദേശങ്ങൾ ഘോഷ് കേട്ടില്ലെന്നും കത്തിൽ പറയുന്നു.
കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനോട് പരാജയപ്പെട്ട ബിജെപി നേതാവ് സുകാന്ത മജുംദാറിനെ ഘോഷ് പരസ്യമായി വിമർശിച്ചിരുന്നു. “സുകാന്ത മജുംദാറിന് അനുഭവപരിചയം കുറവാണ്. പാർട്ടി വളരെക്കാലമായി പോരാടുകയാണ്. പരിചയസമ്പന്നരായ പോരാളികളുണ്ട്. അവരെ സംസ്ഥാനത്ത് പോരാടാൻ സജ്ജമാക്കണം,” ഘോഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാർട്ടി മുമ്പ് നൽകിയ ഉപദേശം ഘോഷ് ഇതുവരെ ശ്രദ്ധിച്ചിട്ടില്ലെന്നും കത്തിൽ പറയുന്നു.
“പാർട്ടിയോടുള്ള നിങ്ങളുടെ പ്രതിബദ്ധത വലുതാണെങ്കിലും നിങ്ങളുടെ ചില പ്രസ്താവനകളോ പൊട്ടിത്തെറികളോ പാർട്ടി സംസ്ഥാന നേതാക്കളെ വേദനിപ്പിക്കുകയും കേന്ദ്ര നേതൃത്വത്തിന് നാണക്കേടുണ്ടാക്കുകയും ചെയ്‌തു, അത് ഒഴിവാക്കാവുന്നതായിരുന്നു” കത്തിൽ പറയുന്നു.
2021 ന്റെ തുടക്കത്തിൽ നടന്ന ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ 200 സീറ്റുകളെങ്കിലും നേടാനായിരുന്നു ബിജെപി ലക്ഷ്യമിട്ടിരുന്നത്. എന്നിരുന്നാലും, പാർട്ടിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. തെരഞ്ഞെടുപ്പിന് മുമ്പ് മമതാ ബാനർജിയുടെ പാർട്ടിയിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ നിരവധി നേതാക്കൾ ഒടുവിൽ തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങി.