KeralaNEWS

എയ്‍ഡഡ് സ്കൂളുകളിലെ പിഎസ്‍സി നിയമനം; എതിര്‍ത്ത് എന്‍എസ്എസ്, എസ്എന്‍ഡിപിക്ക് പരോക്ഷ വിമര്‍ശനം

തിരുവനന്തപുരം: എയ്ഡഡ് സ്കൂള്‍ നിമയനങ്ങള്‍ പിഎസ്‍സിക്ക് വിടണമെന്ന ആവശ്യത്തെ എതിര്‍ത്ത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എയ്ഡഡ് സ്കൂള്‍ നിയമനങ്ങള്‍ പിഎസ്‍സിക്ക് വിട്ടാല്‍ തങ്ങള്‍ക്ക് നേട്ടം ഉണ്ടാക്കാമെന്ന് ഒരു വിഭാഗം കരുതുകയാണെന്ന് സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. എസ്എന്‍ഡിപ്പിക്കെതിരെ പരോക്ഷ വിമര്‍ശനമാണ് സുകുമാരന്‍ നായര്‍ നടത്തിയത്. നിയമനം പിഎസ്‍സിക്ക് വിട്ടാല്‍ സംവരണം നടപ്പാക്കേണ്ടിവരും.  അങ്ങനെ സംവരണസമുദായങ്ങളിലെ പ്രബലവിഭാഗങ്ങള്‍ക്ക് തന്നെ ആനുകൂല്യം ലഭിക്കും. ഇതിന് ആക്കം കൂട്ടുന്നതിന് വേണ്ടിയാണ് തങ്ങളുടെ സ്ഥാപനങ്ങളിലെ നിയമനങ്ങളെല്ലാം പിഎസ്‍സിക്ക് വിട്ടുനല്‍കാന്‍ തയ്യാറാണെന്നെന്ന വാഗ്ദാനം ഒരു വിഭാഗം മുന്നോട്ട് വെച്ചതെന്നാണ് സുകുമാരന്‍ നായരുടെ പ്രസ്താവന.

അതേസമയം എയ്ഡഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. എല്ലാ വശങ്ങളും പരിശോധിച്ച് മാത്രം തീരുമാനമെടുക്കും. ഇപ്പോള്‍ സിപിഎമ്മോ, മുന്നണിയോ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിരുന്നു. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്‍സിക്ക് വിടണമെന്നുംസാമൂഹ്യ നീതി ഉറപ്പാക്കാന്‍ നിയമനം സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകൂ എന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലനാണ്  ആവശ്യപ്പെട്ടത്. പ്രബല സമുദായങ്ങളുടെ സ്ഥാപനങ്ങളിലൊന്നും പണമില്ലാത്തവര്‍ക്ക് നിയമനം കിട്ടുന്നില്ല. മാനേജ്മെന്‍റുകള്‍ കോഴയായി വാങ്ങുന്ന കോടികള്‍ എങ്ങോട്ട് പോകുന്നുവെന്നറിയില്ല. നിയമനം പിഎസ്‍സിക്ക് വിടുന്നതിനോട് എസ്എന്‍ഡിപിയും എംഇഎസും യോജിപ്പറിയിച്ചിട്ടുണ്ട്. മറ്റു സമുദായ സംഘടനകളും ഈ നിര്‍ദ്ദേശത്തെ എതിര്‍ക്കില്ലെന്നാണ് പ്രതീക്ഷയെന്നും എ.കെ ബാലന്‍ ഏഷ്യാനെറ്റ് ന്യൂസിനോട്  വ്യക്തമാക്കിയിരുന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

Back to top button
error: