ചണ്ഡീഗഡ്: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയെ വെടിവെച്ച് കൊന്നു. മാനസയില്‍ വെച്ച് അഞ്ജാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
പ്രശസ്ത ഗായകനും റാപ്പറുമായ ഇദ്ദേഹം ഈയിടെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മാന്‍സയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മൂസെവാല നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ല 63,323 വോട്ടുകള്‍ക്കാണ് സിദ്ദു മൂസേവാലയെ പരാജയപ്പെടുത്തിയത്. കാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുമ്പോളായിരുന്നു ആക്രമണം. അക്രമികള്‍ 30 റൗണ്ടാണ് വെടിയുതിര്‍ത്തത്.
മൂസ്വാല ഉള്‍പ്പെടെ 400 പേരുടെ സുരക്ഷ പഞ്ചാബ് പോലീസ് പിന്‍വലിച്ചതിന് തൊട്ടുപിന്നാലെയാണ് ആക്രമണം. ആക്രമണത്തില്‍ മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. നിരവധി ആരാധകരുള്ള ഗായകനാണ് മൂസെവാല.
രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ സുരക്ഷാഭീഷണി ഉള്ളവർക്ക് നൽകിയിരുന്ന പോലീസ് സംരക്ഷണം പിൻവലിച്ച ആം ആദ്മി പാർട്ടിയുടെ നിലപാടും ഇതോടുകൂടി വിമർശനം നേരിടുകയാണ്. സംരക്ഷണം പിൻവലിച്ചതിനു തൊട്ടുപിന്നാലെയാണ് ഈ ആക്രമണമുണ്ടായത്. അതുകൊണ്ടുതന്നെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പൊടിക്കൈകൾ സ്വീകരിക്കുന്ന ആം ആദ്മിയുടെ തീരുമാനങ്ങൾ രാജ്യസുരക്ഷയ്ക്ക് പോലും ഭീഷണി ഉയർത്തുന്നു എന്ന് കോൺഗ്രസ് ആരോപിക്കുന്നു.