NEWS

മുഹമ്മദ് ഷൈജലിന്റെ മൃതദേഹം ഔദ്യോഗിക സൈനിക ബഹുമതികളോടെ ഖബറടക്കി

ദില്ലി: ലഡാക്കില്‍ സൈനികവാഹനം മറിഞ്ഞ് മരണമടഞ്ഞ മലപ്പുറം പരപ്പനങ്ങാടി സ്വദേശി ലാന്‍സ് ഹവില്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ മൃതദേഹം ഔദ്യോഗിക സൈനിക ബഹുമതികളോടെ ഖബറടക്കി.

അങ്ങാടി മുഹയദീന്‍ ജുമാഅത്ത് പള്ളിയിലായിരുന്നു സംസ്‍കാര ചടങ്ങുകള്‍. ടെറിട്ടോറിയല്‍ ആര്‍മിയുടെ മദ്രാസ് റെജിമെന്‍റ് ഷൈജലിന് രാജ്യത്തിന്റെ ആദരം അര്‍പ്പിച്ചു.സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി വി അബ്ദു റഹ്മാന്‍ ചെട്ടിപ്പടിയിലേ വീട്ടിലെത്തി ആദരം അര്‍പ്പിച്ചു.

രാവിലെ 10.10 ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് ഷൈജലിന്റെ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. ജില്ലാ കലക്ടര്‍ വി ആര്‍ പ്രേം കുമാര്‍ വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങി.ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം. എല്‍. എമാരായ പി. അബ്ദുള്‍ ഹമീദ് , കെ.പി.എ മജീദ് തുടങ്ങിയവര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ അന്ത്യോപചാരം അര്‍പ്പിച്ചു.തുടര്‍ന്ന് തിരൂരങ്ങാടി യത്തീം ഖാനയിലും പരപ്പനങ്ങാടി സൂപ്പി കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും പൊതു ദര്‍ശനം നടത്തി.

 

 

വെള്ളിയാഴ്ച ലഡാക്കിലെ ഷ്യോക് നദിയിലേക്ക് സൈനികര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിലാണ് മുഹമ്മദ് ഷൈജല്‍ അടക്കം എഴ് സൈനികര്‍ മരിച്ചത്. ലഡാക്കിലെ തുര്‍ത്തുക്ക് സെക്ടറിലായിരുന്നു അപകടം. 26 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. സൈനിക ക്യാമ്ബിന്‍റെ 25 കിലോമീറ്റര്‍ അടുത്തെത്തിയപ്പോള്‍ വാഹനം നദിയിലേക്ക് വീഴുകയായിരുന്നു. അപകടത്തിന് പിന്നില്‍ അട്ടിമറിയുണ്ടോയെന്നും സൈന്യം പരിശോധിക്കുകയാണ്.സൈനിക സേവനം മതിയാക്കി അടുത്തവര്‍ഷം നാട്ടിലേക്ക് വരാനിരിക്കെയാണ് ഷൈജലിന്റെ അന്ത്യം.

Back to top button
error: