KeralaNEWS

നവവധുവിന്‍റെ മരണം ശ്വാസം മുട്ടിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഞെട്ടിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍

 തൃശൂര്‍: പെരിങ്ങോട്ടുകരയിലെ ഭര്‍തൃഗൃഹത്തില്‍ ശ്രുതിയെന്ന യുവതിയുടെ ദുരൂഹമരണത്തില്‍ നിർണായക തെളിവുകള്‍ പുറത്ത്. വിദഗ്‍ധ ഡോക്ടര്‍മാരുടെ പാനല്‍ നടത്തിയ പരിശോധനയിലാണ് മരണം ശ്വാസം മുട്ടിയെന്ന് കണ്ടെത്തിയത്. കഴുത്തില്‍ ഉണ്ടായ ക്ഷതമാണ് മരണകാരണമെന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മേധാവി ഡോക്ടര്‍ സിറിയക് ജോബിന്‍റെ നേതൃത്വത്തിലുള്ള 5 ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഇതേ തുടർന്ന് ശ്രുതിയുടെ മരണം കൊലപാതകമാണെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.

മുല്ലശ്ശേരി നരിയംപുള്ളി ആനേടത്ത് സുബ്രഹ്മണ്യന്‍റെയും ശ്രീദേവിയുടേയും ഏക മകളായ ശ്രുതി 2020 ജനുവരി ആറിനാണ് പെരിങ്ങോട്ടുകരയിലെ ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. പെരിങ്ങോട്ടുകര കരുവേലി സുകുമാരന്‍റെ മകന്‍ അരുണുമായി വിവാഹം കഴിഞ്ഞ് പതിനാലാം ദിവസമാണ് മരണം. തുടക്കത്തില്‍ തന്നെ അന്വേഷണം അട്ടിമറിക്കുന്ന നിലപാടായിരുന്നു അന്തിക്കാട് പൊലീസിന്‍റേതെന്നാണ്
ശ്രുതിയുടെ മാതാപിതാക്കളുടെ ആരോപണം. കുളിമുറിയില്‍ കുഴഞ്ഞുവീണാണ് ശ്രുതി മരിച്ചതെന്നായിരുന്നു അരുണിന്‍റെയും കുടുംബത്തിന്‍റെയും മൊഴി. എന്നാല്‍ നിലവില്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് നിര്‍ദേശ പ്രകാരം വിദഗ്ധ ഡോക്ടര്‍മാരുടെ പാനല്‍ നടത്തിയ പരിശോധനയില്‍ മരണം ശ്വാസം മുട്ടിയെന്ന് സ്ഥിരീകരിക്കുകയാണ്. കഴുത്തിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് കണ്ടെത്തല്‍. മകളുടെ മരണം കൊലപാതകമാണെന്നും
ഭര്‍ത്താവ് അരുണിനും കുടുംബത്തിനും ഇതില്‍ പങ്കുണ്ടെന്നും ശ്രുതിയുടെ മാതാപിതാക്കള്‍ പറയുന്നു.

Signature-ad

പ്രധാന തൊണ്ടി മുതലായ ശ്രുതിയുടെ വസ്ത്രങ്ങള്‍ അന്തിക്കാട് പൊലീസ് കത്തിച്ചുകളഞ്ഞതായി പിതാവ് സുബ്രഹ്മണ്യന്‍ ആരോപിച്ചു.
സ്ത്രീധനത്തിന്‍റെ പേര് പറഞ്ഞ് ശ്രുതിയെ അരുണ്‍ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും
പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അമ്മ ശ്രീദേവിയും പറഞ്ഞു

ഡോക്ടര്‍ സിറിയക് ജോബിന് പുറമെ ഡോക്ടര്‍മാരായ കെ.ആര്‍ രാധ, സ്മിത രാംദാസ്, സിബു മാത്യു, ജിജിത് കൃഷ്ണന്‍ എന്നിവരുടെ പാനലാണ്
സൂക്ഷ്മ പരിശോധന നടത്തിയത്. കഴിഞ്ഞ നവംബറില്‍ ഈ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരമാണ്
റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ബന്ധുക്കള്‍ക്ക് ലഭ്യമായത്. ഇത്ര ശക്തമായ തെളിവുണ്ടായിട്ടും അരുണിനും കുടുംബത്തിനുമെതിരെ കേസെടുക്കാത്തത് ദുരൂഹമെന്നാണ് ശ്രുതിയുടെ മാതാപിതാക്കളുടെ ആരോപണം.

Back to top button
error: