KeralaNEWS

അതിജീവിത മുഖ്യമന്ത്രിയെ നേരിട്ടു കാണും, കേസിൻ്റെ പുനരന്വേഷണ സമയപരിധി നീട്ടി നൽകാനാകില്ലെന്ന് കോടതി

ടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചെന്ന വിവാദങ്ങൾക്കിടെ അതിജീവിത നാളെ മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കാണും. കേസിലെ ആശങ്കകളെല്ലാം അതിജീവിത നേരിട്ട് ബോധിപ്പിക്കുമെന്നു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയാണ് വ്യക്തമാക്കിയത്.

നടിയുടെ ആശങ്കകളെല്ലാം മുഖ്യമന്ത്രിയോട് പറയണം. അതിജീവിത ഇതുവരെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടിട്ടില്ല. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇതില്‍ കുറേക്കാര്യങ്ങൾക്കു കൂടി വ്യക്തത വരുമെന്നും ഹര്‍ജി വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച ശുഭ വാര്‍ത്ത കിട്ടുമെന്നുമാണ് വിശ്വാസമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

സർക്കാരിനെതിരായ പരാതിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് ഇടത് നേതാക്കൾ ആരോപണം ഉന്നയിക്കുമ്പോഴാണ് നടി നേരിട്ട് മുഖ്യമന്ത്രിയെ കാണുന്നത്. പരാതിയിൽ വെട്ടിലായ സർക്കാരും കൂടിക്കാഴ്ചക്ക് താല്പര്യമെടുത്തു. അതിനിടെ തുടരന്വേഷണം നീട്ടണമെന്ന ഹർജിയിൽ പ്രതി ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

സർക്കാരിനെ കടുത്ത വെട്ടിലാക്കിയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. പ്രതിയായ ദിലീപും ഭരണകക്ഷിയിലെ ഉന്നതരും ചേർന്ന് കേസ് അന്വേഷണം അട്ടിമറിക്കുന്നു എന്നായിരുന്നു നടിയുടെ ആക്ഷേപം. പ്രതിഭാഗം അഭിഭാഷകരെ പോലും ചോദ്യം ചെയ്യാതെ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് നടി സംശയം ഉന്നയിച്ചത്. നടിയുടെ പരാതി രാഷ്ട്രീയവിവാദമായതോടെ സിപിഎം നേതാക്കൾ കൂട്ടത്തോടെ  നടിയെ വിമർശിച്ചിരുന്നു. സർക്കാർ ഇരയെ തള്ളുകയാണെന്ന ആക്ഷേപം മുറുകുന്നതിനിടെയാണ് അതിജീവിത മുഖ്യമന്ത്രിയെ കാണുന്നത്.

കേസ്അന്വേഷണത്തിലെ ആശങ്കൾ നടി മുഖ്യമന്ത്രിയെ നേരിട്ടറിയിക്കും. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പുതിയ നിയമനം നൽകാത്തതും ചൂണ്ടിക്കാട്ടും.

ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണത്തിനുള്ള സമയപരിധി നീട്ടി നൽകാൻ ആകില്ലെന്ന് ജസ്റ്റീസ് സിയാദ് റഹ്മാൻ വ്യക്തമാക്കി. ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ചാണ് സമയപരിധി നിശ്ചയിച്ചത്, അതിനാൽ ഈ ബഞ്ചിന് ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. മെയ് 30നാണ് അന്വേഷണത്തിനുള്ള സമയപരിധി അവസാനിക്കുന്നത്. നടിക്ക് നീതി വേണമെന്നാണ് എല്ലാഘട്ടത്തിലും നിലപാടെന്ന് സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ വ്യക്തമാക്കി. അതിജീവിതയെ വിശ്വാസത്തിൽ എടുത്തു തന്നെ ആണ് ഇത് വരെ കേസ് നടത്തിയത് എന്ന് ഡിജിപി പറഞ്ഞു.
നടി പരാതിയിൽ ഉന്നയിച്ച കാര്യങ്ങൾ സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ തള്ളി.  നടിയുടേത് അനാവശ്യ ആശങ്ക മാത്രമാണ്. അന്വേഷണം നിലച്ചതോടെ കുറ്റപത്രം നൽകുന്നത് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്ന നടിയുടെ ആവശ്യം അംഗീകരിക്കാൻ ആകില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ വ്യക്തമാക്കി.
കേസിൽ രണ്ട് ദിവസത്തിനകം സർക്കാർ വിശദീകരണം നൽകണമെന്ന് പറഞ്ഞ കോടതി ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.

Back to top button
error: