NEWS

എന്താണ് വാഹനങ്ങളിലെ ബി എച്ച് സീരീസ് രജിസ്ട്രേഷൻ? എന്താണ് ഇതിന്റെ പ്രയോജനം?

വാഹനങ്ങൾക്ക് ഭാരത് സീരിസ് (ബി.എച്ച് സീരിസ്) രജിസ്ട്രേഷൻ നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കേരള സർക്കാർ കഴിഞ്ഞ ദിവസം അപ്പീൽ നൽകി. നികുതി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കാണെന്നും ഇത് പരിഗണിക്കാതെ ബി.എച്ച്. സീരിസ് നടപ്പാക്കുന്നത് നിയമപരമായി തെറ്റാണെന്നുമാണ് അപ്പീലിൽ പറയുന്നത്. പാർലമെന്റിൽ നിയമം കൊണ്ടുവരാതെയാണ് ബി.എച്ച്. സീരിസ് രജിസ്ട്രേഷൻ നടപ്പാക്കുന്നതെന്നും അപ്പീലിൽ ആരോപിക്കുന്നു.
എന്താണ് ബി എച്ച് സീരീസ് രജിസ്ട്രേഷൻ?
 
 
വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെയും ഇവയിലെ ജീവനക്കാരുടെയും വാഹനങ്ങൾ അഖിലേന്ത്യാടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്യാനാണ് കേന്ദ്രസർക്കാർ മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തി ബി.എച്ച്. രജിസ്ട്രേഷൻ ഏർപ്പെടുത്തിയത്. ഒരിടത്ത് ഉപയോഗിക്കുന്ന വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് രജിസ്ട്രേഷൻ മാറ്റാതെ കൊണ്ടുപോകാമെന്നതാണ് ഇതിന്റെ ഗുണം.
ബി.എച്ച്. രജിസ്ട്രേഷനിൽ രണ്ടുവർഷ തവണകളായി നികുതി അടയ്ക്കാം. ജി.എസ്.ടി. ചുമത്താതെയുള്ള വാഹനവിലയാണ് നികുതിക്ക് അടിസ്ഥാനമാക്കുന്നത്.വാഹനം വാങ്ങുന്നവരെ സംബന്ധിച്ച് ഇത് ഏറെ ആശ്വാസമാണ്.റോഡ് നികുതി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്കാണ്. എന്നാൽ, വിവിധ സംസ്ഥാനങ്ങളിലെ നികുതിഘടനയിലെ വ്യത്യാസം കാരണം വാഹന ഉടമകൾക്കുണ്ടാകുന്ന നഷ്ടം നികത്താനാണ് പുതിയ സംവിധാനം കേന്ദ്രസർക്കാർ ഏർപ്പെടുത്തിയത്.
സംസ്ഥാനാന്തര രജിസ്ട്രേഷൻ ഉടമയ്ക്ക് സ്വയം തിരഞ്ഞെടുക്കാം. സ്ഥാപനത്തിൽനിന്നുള്ള സാക്ഷ്യപത്രവും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുമാണ് ഹാജരാക്കേണ്ടത്. ഐ.ടി. കമ്പനികൾ, വൻകിട വ്യാപാരശൃംഖലകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് നിലവിലെ വിജ്ഞാപനപ്രകാരം പുതിയ രജിസ്ട്രേഷന് അർഹതയുണ്ട്. രജിസ്ട്രേഷന്റെ വിജ്ഞാപനം വന്നെങ്കിലും ഉടമസ്ഥാവകാശ കൈമാറ്റം സംബന്ധിച്ച് കേന്ദ്രം വ്യവസ്ഥകൾ ഇറക്കിയിട്ടില്ല.
എന്തുകൊണ്ട് കേരളം എതിര്?
 
നികുതി ഗണ്യമായി കുറയുന്നത് വാഹന ഉടമകൾക്കു നേട്ടമാണെങ്കിലും
സംസ്ഥാനാന്തര വാഹന രജിസ്ട്രേഷൻ സംവിധാനമായ ബി.എച്ച്. സീരീസ് നടപ്പാക്കുന്നതോടെ കേരളത്തിന് വലിയ നികുതി നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തലുകൾ.വാഹനവിലയുടെ എട്ടുമുതൽ 12 വരെ ശതമാനമാണ് പുതിയ സംവിധാനത്തിൽ നികുതിയായി ഈടാക്കുന്നത്.കേരളത്തിൽ 21 ശതമാനംവരെ നികുതി ചുമത്തുന്നുണ്ട്.
 
 
ഏറ്റവും കൂടുതൽ റോഡ് നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അഞ്ചുലക്ഷംവരെ വിലയുള്ള വാഹനങ്ങൾക്ക് ഒമ്പത്, പത്തുലക്ഷംവരെ 11, പതിനഞ്ചുലക്ഷംവരെ 13, ഇരുപതു ലക്ഷംവരെ 16, അതിനുമുകളിൽ 21 ശതമാനം വരെ നികുതി ഈടാക്കുന്നുണ്ട്.15 വർഷത്തേക്ക് ഒറ്റത്തവണയായി നികുതി അടയ്ക്കുകയും വേണം. ഇതുകാരണം ആഡംബരവാഹനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ വ്യാജവിലാസത്തിൽ രജിസ്റ്റർ ചെയ്യുന്നുമുണ്ട്.

നടനും ബി.ജെ.പി രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിയുടെ പിവൈ 01 ബിഎ 999 നമ്പറിലുള്ള ഓഡി ക്യു 7 കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് ഇത്തരത്തിൽ നികുതി വെട്ടിക്കാനാണെന്ന് ആരോപണം ഉയർന്നിരുന്നു.ഇതിലൂടെ നികുതിയിനത്തില്‍ സുരേഷ് ഗോപി ലാഭിച്ചത് അഞ്ചര ലക്ഷം രൂപയാണെന്നും ആരോപണമുണ്ടായിരുന്നു.

 

താല്‍ക്കാലിക പോണ്ടിച്ചേരി വിലാസം സംഘടിപ്പിച്ചാല്‍ അവിടെ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് തടസമില്ല.അത് ഡീലര്‍മാര്‍ തന്നെ സംഘടിപ്പിച്ചു നല്‍കുകയാണ് ചെയ്യുന്നത്.

 

 

വാൽക്കഷണം: പോണ്ടിച്ചേരിയില്‍ ഇരുപത് ലക്ഷം രൂപക്ക് മുകളിലുള്ള ഏത് കാറിനും 55,000 രൂപ ഫ്‌ളാറ്റ് ടാക്‌സാണ്.അതിന് താഴെയുള്ളവക്ക് വെറും പതിനയ്യായിരം രൂപയും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: