IndiaNEWS

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് 32 വര്‍ഷത്തിന് ശേഷം മോചനം

32 വര്‍ഷം നീണ്ട ജയില്‍ വാസത്തിന് ശേഷം രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ഒടുവില്‍ തടവറയിൽ നിന്നു മോചനം. പേരറിവാളന്റെയും അമ്മയുടെയും ഹര്‍ജികളിലാണ് ജസ്റ്റിസ് എല്‍ നാഗേശ്വര റാവു വിധി പ്രസ്താവിച്ചത്. എത്രയും വേഗം പേരറിവാളനെ മോചിപ്പിക്കണം എന്നാണ് ഉത്തരവ്.

ഇക്കാര്യത്തില്‍ നേരത്തെ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ജയിലില്‍ നല്ല നടപ്പായിരുന്നിട്ടും പേരറിവാളനോട് വിവേചനം കാണിക്കുന്നുവെന്നായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം. വിചാരണക്കോടതി മുതല്‍ സുപ്രിംകോടതി വരെ പേരറിവാളന്റെ അമ്മ നടത്തിയ നിയമപോരാട്ടത്തിന്റെ കൂടി ഫലമാണ് ഇപ്പോഴത്തെ വിധി.

പേരറിവാളന്‍ അറസ്റ്റിലായത് 1991ലാണ്. രാജീവ് ഗാന്ധി വധക്കേസില്‍ 32 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ് പേരറിവാളന്‍. അറസ്റ്റിലാകുന്ന സമയത്ത് പേരറിവാളന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയതേ ഉണ്ടായിരുന്നുള്ളൂ. രാജീവ് ഗാന്ധിയെ തമിഴ്‌നാട്ടിലെ ശ്രീപെരുംമ്പത്തൂരില്‍ വച്ച് വധിക്കാന്‍ ഗൂഢാലോചന നടത്തിയ ശിവരാസന് സ്ഫോടക വസ്തുവായി 9 വോള്‍ട്ട് ബാറ്ററി നല്‍കിയെന്നതായിരുന്നു പേരറിവാളനു മേല്‍ ചുമത്തിയ കുറ്റം.

Back to top button
error: