‘കെജിഎഫ് ‘ എന്ന സിനിമ ഒരു ചരിത്രമാണ്. ഇന്നലെ വരെ ഇന്ത്യൻ സിനിമയുടെ ഭൂപടത്തിൽ അപ്രസക്തമായിരുന്ന കന്നട സിനിമയുടെ കുതിച്ചു കയറ്റമാണ് ‘കെജിഎഫ്’. കന്നടയോടൊപ്പം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ പുറത്തിറങ്ങിയ ‘കെജിഎഫ്’ ചലച്ചിത്ര പ്രേമികൾക്ക് ആവേശമായി മാറിയിരിക്കുന്നു.
വൻ സിനിമകളെയും പിന്നിലാക്കി ‘കെജിഎഫ് 2’ന്റെ കുതിപ്പാണ് ഓരോ ദിവസവും സിനിമാ മേഖലയിൽ നിന്നും പുറത്തുവരുന്നത്. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമായി കെജിഎഫ് 2 മാറിയിരിക്കുന്നു. ഭാഷാഭേദമെന്യെ എല്ലാവരും സിനിമ കാണുന്നുവെന്നതിന് തെളിവ് കൂടിയാണ് ബോക്സ് ഓഫീസിലെ ഈ കുതിപ്പ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം 1200 കോടി കടന്നിരിക്കുന്നു കെജിഎഫ് 2.
സിനിമ റിലീസ് ആയി ആറാഴ്ച പിന്നിടുമ്പോഴാണ് ചിത്രത്തിന്റെ ഈ നേട്ടം. ഇതുവരെ 1204.37 കോടിയാണ് ആഗോള തലത്തിൽ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാലയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ആമിർ ഖാന്റെ ദംഗലിനും എസ് എസ് രാജമൗലിയുടെ ബാഹുബലി: ദി കൺക്ലൂഷനും ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രം കൂടിയായി കെജിഎഫ് 2.
അതേസമയം, കെജിഎഫിന്റെ മൂന്നാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ഈ വർഷം ഒക്ടോബറിന് ശേഷം കെജിഎഫ് 3 ആരംഭിക്കുമെന്നാണ് നിർമാതാവ് വിജയ് കിരഗന്ദൂര്‍ പറയുന്നത്. ചിത്രം 2024ല്‍ റിലീസ് ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. മാര്‍വല്‍ ശൈലിയിലുള്ള ഒരു ഫ്രാഞ്ചൈസി ഒരുക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നതെന്ന് വിജയ് പറഞ്ഞു.