IndiaNEWS

‘എന്നെ വഞ്ചിച്ചു, ഗൂഢാലോചന നടത്തി’; നിരപരാധിയെന്ന് പുറത്തായ ‌സർവേ കമ്മിഷണർ

ന്യൂഡൽഹി: ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിൽ ശിവലിംഗം കണ്ടെത്തിയെന്ന വിവാദത്തിനിടെ താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട് പുറത്തായ സർവേ കമ്മിഷണർ അജയ് മിശ്ര രംഗത്ത്. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് അജയ് മിശ്ര ദേശീയ മാധ്യമത്തോടു പറഞ്ഞു. വാരാണസി ജില്ലാ കോടതി അജയ് മിശ്രയെ ചൊവ്വാഴ്ച സർവേ കമ്മിഷണർ സ്ഥാനത്തുനിന്നു നീക്കിയിരുന്നു. സർവേ വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്ന പരാതിയെ തുടർന്നായിരുന്നു നടപടി.

‘ഞാൻ തെറ്റുകാരനല്ല. ചീഫ് അഡ്വക്കേറ്റ് കമ്മിഷണർ വിശാൽ സിങ് എന്നെ വഞ്ചിച്ചു. ആളുകളെ വിശ്വാസത്തിലെടുക്കുന്ന എന്റെ പ്രകൃതം അയാൾ മുതലെടുത്തു. ഞാനും വിശാലും ഒരുമിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. എനിക്കെതിരെ ഗൂഢാലോചന നടത്തിയത് ഞാൻ അറിഞ്ഞില്ല. എനിക്ക് വളരെ ദുഃഖമുണ്ട്. എങ്കിലും സർവേയെക്കുറിച്ചു കൂടുതലൊന്നും പറയാനില്ല.’ – അജയ് മിശ്ര പറഞ്ഞു. ചീഫ് അഡ്വക്കേറ്റ് കമ്മിഷണർ വിശാൽ സിങ് സമർപ്പിച്ച പരാതിയെ തുടർന്നാണ് അജയ് മിശ്രയെ പുറത്താക്കിയത്.

സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയ വിശാൽ സിങ്, അജയ് നിയമിച്ച വിഡിയോഗ്രഫറാണ് മാധ്യമങ്ങൾക്ക് വാർത്ത നൽകിയതെന്ന് ആരോപിച്ചു. കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും മുൻപ് വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചതിനെ അഭിഭാഷകരും ചോദ്യം ചെയ്‌തിരുന്നു.

നേരത്തെ ഗ്യാൻവാപി പള്ളി പരിസരത്തു ശിവലിംഗം കണ്ടെത്തിയെന്നും ഇതു മറച്ചുവച്ച നിലയിലായിരുന്നുവെന്നും ഹിന്ദുവിഭാഗം അവകാശപ്പെട്ടിരുന്നു. ഈ സ്ഥലം സീൽ ചെയ്യാനും ഇവിടേക്ക് കടക്കുന്നതിൽനിന്ന് ആളുകളെ വിലക്കാനും വാരാണസി കോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന സ്ഥലം സംരക്ഷിക്കണമെന്ന് ചൊവ്വാഴ്ച സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു.

Back to top button
error: