കീവ്: യുക്രെയ്ൻ യുദ്ധത്തിന്റെ ഗതി മാറ്റിയെഴുതിയ മരിയുപോൾ ‘ഉരുക്കുകോട്ട’ തകർന്നു. തുറമുഖ നഗരത്തിൽ റഷ്യയ്ക്കു കീഴടങ്ങാതെ ചെറുത്തുനിൽപിന്റെ തുരുത്തായിരുന്ന അസോവ്സ്റ്റാൾ ഉരുക്കുഫാക്ടറിയും റഷ്യ പിടിച്ചു. ഇനിയും ചോരപ്പുഴയൊഴുകാതെ പോരാട്ടം മതിയാക്കാൻ യുക്രെയ്ൻ സർക്കാർ നിർദേശിച്ചതിനെ തുടർന്നാണു സേന പിൻമാറുന്നത്.
82 ദിവസം പൊരുതിത്തളർന്ന 264 യുക്രെയ്ൻ സൈനികരെ റഷ്യയുടെ സഹായത്തോടെ ഒഴിപ്പിച്ചു. പോരാട്ടത്തിൽ ഗുരുതരമായി പരുക്കേറ്റ 53 സൈനികരെ റഷ്യൻ നിയന്ത്രണത്തിലുള്ള നൊവോയസോവ്സ്ക് പട്ടണത്തിലെ ആശുപത്രിയിലേക്കാണു കൊണ്ടുപോയത്. റഷ്യയോടു കൂറുള്ള വിമതരുടെ നിയന്ത്രണത്തിലുള്ള ഒലെനിവ്ക പട്ടണത്തിലേക്കാണ് ബാക്കി 211 പേരെ മാറ്റിയത്. ഫാക്ടറിയിൽ ഇനിയും സൈനികർ ശേഷിക്കുന്നുണ്ടെന്ന് യുക്രെയ്ൻ ഡപ്യൂട്ടി പ്രതിരോധ മന്ത്രി അന്ന മൽയർ പറഞ്ഞു.
2014 ലെ റഷ്യൻ അധിനിവേശ വേളയിൽ പ്രത്യേകം രൂപീകരിച്ച അസോവ് റെജിമെന്റാണ് അസോവ്സ്റ്റാളിൽ പൊരുതിത്തോറ്റത്. ചെറുത്തുനിൽപിന്റെ ഉജ്വലമാതൃക കാട്ടിയ ഇവർ ഈ യുദ്ധത്തിലെ വീരനായകരാണെന്ന് യുക്രെയ്ൻ സേന പ്രഖ്യാപിച്ചു. റഷ്യൻ ആക്രമണത്തിൽ മരിയുപോൾ നഗരത്തിലാകെ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.
ഹർകീവിൽനിന്ന് റഷ്യൻ സേനയെ തുരത്തിയെങ്കിലും കിഴക്കൻ യുക്രെയ്നിലെ ഡൊനെറ്റ്സ്ക് മേഖലയിൽ കനത്ത പോരാട്ടം നടക്കുന്നു. പടിഞ്ഞാറൻ നഗരമായ ലിവിവിലും റഷ്യൻ ആക്രമണം കനത്തു. അതിർത്തി പ്രവിശ്യയായ കേർസ്കിൽ യുക്രെയ്ൻ ആക്രമണമുണ്ടായി. റഷ്യ തിരിച്ചടിച്ചു.
ഇതിനിടെ, നാറ്റോ അംഗത്വത്തിനായുള്ള ഫിൻലൻഡിന്റെയും സ്വീഡന്റെയും നടപടികൾ പുരോഗമിക്കുന്നു. സൈനികസഖ്യത്തിലെ അംഗത്വം സംബന്ധിച്ച ചർച്ചയ്ക്കായി യുഎസ് പ്രസിഡന്റ് ജോ ബൈഡനെ കാണാൻ സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലെന ആൻഡേഴ്സനും ഫിൻലൻഡ് പ്രസിഡന്റ് സവ്‍ലി നിനിസ്റ്റോയും നാളെ വൈറ്റ്ഹൗസിലെത്തും.
850 റസ്റ്ററന്റുകൾ ഉൾപ്പെടെ വിറ്റ് റഷ്യയിലെ ബിസിനസ് പ്രവർത്തനങ്ങൾ പൂർണമായും അവസാനിപ്പിക്കുകയാണെന്ന് ഫാസ്റ്റ് ഫുഡ് കമ്പനി മക്ഡോണൾഡ്സ് അറിയിച്ചു. ജീവനക്കാർക്ക് ശമ്പളം നൽകിക്കൊണ്ടുതന്നെ കടകൾ ഇതുവരെ അടച്ചിട്ടിരിക്കുകയായിരുന്നു. കമ്പനിയുടെ ബോർഡുകൾ ഉടൻ നീക്കും.