IndiaNEWS

വീട്ടിലിരുന്നു ജോലി ചെയ്യുന്നവർക്കും കമ്പനി ഇപിഎഫ് വിഹിതമടയ്ക്കണം

ഗോദാവരി ഗാർമെന്റ്സ് എന്ന കമ്പനി നടത്തുന്ന ഫാക്ടറിയിൽ റെഡിമെയ്ഡ് വസ്ത്രങ്ങളാണ് നിർമ്മിക്കുന്നത്. നാല്പത്തിയൊന്ന് തൊഴിലാളികൾ ഫാക്ടറിയിൽ ജോലി ചെയ്യുന്നുണ്ട്. അവരുടെ പേരിൽ ഇപിഎഫ് വിഹിതം കൃത്യമായി അടയ്ക്കുന്നുമുണ്ട്. ഫാക്ടറിയിൽ പരിശോധന നടത്തിയ ഇപിഎഫ് ഇൻസ്പെക്ടർ, കമ്പനിക്കുവേണ്ടി വീടുകളിലിരുന്നു തയ്യൽ ജോലികൾ ചെയ്യുന്നവർക്ക് ഭീമമായ തുകകൾ പ്രതിഫലമായി നൽകിവരുന്നതായി കണക്കുകളിൽനിന്നു കാണാനിടയായി.

അതു സംബന്ധിച്ച് ഇൻസ്പെക്ടർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇപിഎഫ് കമ്മിഷണർ കമ്പനിക്കെതിരെ അന്വേഷണ നടപടികൾ തുടങ്ങി. വീടുകളിലിരുന്നു ജോലി ചെയ്യുന്നവർ കമ്പനിയുടെ തൊഴിലാളികൾ അല്ലാത്തതിനാൽ അവർക്ക് നൽകുന്ന പ്രതിഫലത്തിന്മേൽ ഇപിഎഫ് വിഹിതം അടയ്ക്കാനുള്ള ബാധ്യത തങ്ങൾക്കില്ല എന്ന നിലപാടാണ് കമ്പനി അധികൃതർ കൈക്കൊണ്ടത്.

വസ്ത്ര നിർമാണത്തിനാവശ്യമായ തുണി, നൂല്, ബട്ടൺ, മുതലായ അസംസ്കൃത വസ്തുക്കൾ കമ്പനിയാണ് പുറം ജോലിക്കാർക്ക് നൽകിവന്നിരുന്നത്. അത്തരം അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് പുറം ജോലിക്കാർ അവരവരുടെ വീടുകളിലിരുന്ന് സ്വന്തം തയ്യൽ മെഷീനുകളിലാണ് വസ്ത്രങ്ങൾ തയ്ക്കുന്നതായിരുന്നു രീതി. അത്തരം തൊഴിലാളികളുടെമേൽ കമ്പനിക്ക് മേൽനോട്ടമോ നിയന്ത്രണമോ ഉണ്ടായിരുന്നില്ല.

കമ്പനിയിൽനിന്ന് അസംസ്കൃത വസ്തുക്കൾ കൊണ്ടുപോകുന്നവർ തന്നെയാണോ വീടുകളിൽ വസ്ത്രനിർമാണം നടത്തുന്നത് എന്നുപോലും കമ്പനിക്ക് ഉറപ്പില്ലായിരുന്നു. എന്നാൽ അത്തരം വാദങ്ങളൊക്കെ തള്ളിക്കളഞ്ഞുകൊണ്ട് പിഎഫ് കമ്മിഷണർ അവരെയും ഇപിഎഫ് പദ്ധതിയിൽ ചേർക്കണമെന്ന് നിർദേശിക്കുകയും അവരുടെ വിഹിതമായി 1979–1991 കാലയളവിലേക്ക് 16 ലക്ഷത്തോളം രൂപ അടയ്ക്കണമെന്ന് ഉത്തരവിടുകയും ചെയ്തു. ഇതിനെതിരെ കമ്പനി ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു. കമ്പനിക്കു പുറത്തുവച്ച് ജോലി ചെയ്യുന്നവർ കമ്പനിയുടെ തൊഴിലാളികളല്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി പിഎഫ് കമ്മിഷണറുടെ ഉത്തരവ് റദ്ദാക്കി. ഇതിനെതിരെ ഇപിഎഫ് ഓർഗനൈസേഷൻ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചു.

പുറം ജോലിക്കാർ തയ്ച്ചുകൊണ്ടുവരുന്ന വസ്ത്രങ്ങളുടെ തയ്യൽ തൃപ്തികരമല്ലെന്നു കണ്ടാൽ അവ നിരസിക്കാനുള്ള അധികാരം കമ്പനിക്കുള്ളത് തൊഴിലാളികളുടെ ജോലിയിന്മേലുള്ള പരോക്ഷ മേൽനോട്ടമായി കണക്കാക്കേണ്ടതുണ്ട് എന്നാണ് സുപ്രീം കോടതി അഭിപ്രായപ്പെട്ടത്. കമ്പനിക്കു വേണ്ടി പ്രത്യക്ഷമായോ പരോക്ഷമായോ കമ്പനിക്കകത്തോ പുറത്തോ ജോലി ചെയ്യുന്നവർ കമ്പനിയുടെ തൊഴിലാളികളാണെന്ന് പ്രഖ്യാപിച്ച സുപ്രീം കോടതി ഇപിഎഫ്. കമ്മീഷണറുടെ ഉത്തരവ് ശരിവയ്ക്കുകയും ഒരു മാസത്തിനുള്ളിൽ കമ്പനി വിഹിതം മുഴുവൻ അടച്ചുതീർക്കണമെന്ന് നിർദേശിക്കുകയും ചെയ്തു.

Back to top button
error: