NEWS

കുടകിലെ രാമേശ്വര ക്ഷേത്രത്തിലേക്കും ഇരുപ്പു വെള്ളച്ചാട്ടത്തിലേക്കും ഒരു മഴക്കാല യാത്ര

ഴ നനഞ്ഞലിഞ്ഞ വീഥികളിലൂടെ കല്പറ്റയും പിന്നിട്ടു ചുവന്നുതുടുത്തു നിറഞ്ഞൊഴുക്കുന്ന പനമരം,മാനന്തവാടി പുഴകളെ സാക്ഷിയാക്കി ഞങ്ങളുടെ വാഹനം കാട്ടിക്കുളത്തെത്തി .. മഴക്കാലം തുടങ്ങിയതിന്റെ ആനന്ദ തിമിർപ്പിലായിരുന്നു കാളിന്ദി പുഴയും.ഇനിയങ്ങേട്ട് തൊല്പെട്ടി വന്യ ജീവി സങ്കേതത്തിലൂടെയാണ് യാത്ര.വന്യജീവികളും പക്ഷിലതാദികളും ചേർന്ന് സമ്പന്നമായ ഇടം.തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തോടു ചേര്‍ന്നാണ് പ്രസിദ്ധമായ തിരുനെല്ലി ക്ഷേത്രം.തോല്‍പ്പെട്ടിയുടെ വടക്കും പടിഞ്ഞാറും ബ്രഹ്മഗിരിക്കുന്നുകള്‍ കാവല്‍ നില്‍ക്കുന്നു.നാ​ഗർഹോള വന്യജീവി സങ്കേതവും തോല്‍പ്പെട്ടിയോടു ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.
മഴ ചുംബിച്ചുണർത്തിയ കാടുകൾ പച്ച പുതഞ്ഞു കിടക്കുന്നു .ഇടയിൽ മാൻ കൂട്ടങ്ങൾ കണ്ണിനു വിരുന്നേകി .വിടാതെ പിറകെ കൂടിയ മഴയെ നോക്കി കൊഞ്ഞനം കുത്തി ഞങ്ങൾ യാത്ര തുടർന്നു. കുടകിലെ കാപ്പിത്തോട്ടങ്ങൾ ക്കിടയിലൂടെയുള്ള വിജനമായ വീഥിയിലൂടെ ഇരിപ്പു ലക്ഷ്യമാക്കി ഞങ്ങളുടെ വാഹനം കുതിച്ചുപാഞ്ഞുകൊണ്ടിരുന്നു.ദൂരെ കാണുന്ന മലനിരകളിൽ നിന്നും തെന്നി നീങ്ങുന്ന കോടമഞ്ഞ് യാത്രയിൽ ഹരം പകർന്നു .പാടികളിൽ പലതും അടഞ്ഞു കിടക്കുന്നു.റോഡിൽ നിറയെ പഴുത്ത നാട്ടു മാങ്ങകൾ ചതഞ്ഞരഞ്ഞു കിടക്കുന്നു.
  ഇരിപ്പുവിലെത്തിയപ്പോഴും മഴയ്ക്ക് ശമനമുണ്ടായിരുന്നില്ല. രാമേശ്വര ക്ഷേത്രത്തിനു മുന്നിലെ ഗ്രൗണ്ടിൽ കാർ പാർക്കു ചെയ്ത് പുറത്തിറങ്ങുമ്പോൾ വിടാതെ പിറകെ കൂടിയ മഴ പൊടുന്നനെ ഒരു കുസൃതിക്കാരിയായി മാറി. കാറ്റിനൊപ്പം ചേർന്ന് ചാഞ്ഞും ചരിഞ്ഞും പെയ്ത് ദേഹമാസകലം നനുത്ത മഴത്തുള്ളികൾ തെറിപ്പിച്ചവൾ പൊട്ടിച്ചിരിച്ചു ദൂരേക്ക് മറയുന്നു.
 കൗണ്ടറിൽ നിന്നു ടിക്കറ്റെടുത്ത് ക്ഷേത്രത്തിനു സമീപത്ത് കൂടിയുള്ള വഴിയിലൂടെ നടന്നു .. പലരും മഴ മാറാൻ കാത്തു നില്ക്കുന്നുണ്ടായിരുന്നു. ആരോ ചട്ടം കെട്ടിയപ്പോലെ കാറ്റ് ഇടയ്ക്കിടെ കുട തട്ടിയെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ ,മഴ ചാഞ്ഞു പെയ്ത് നനച്ചു കൊണ്ടേയിരുന്നു , കൂടാതെ അസഹ്യമായ തണുപ്പും.ദൂരേയുള്ള മലമുകളിലെ പാറക്കൂട്ടങ്ങളിൽ നിന്നും താഴേക്ക് പതിക്കുന്ന  ജലധാര നയന മനോഹരമായിരുന്നു.

മഞ്ഞ നിറത്തിലുള്ള കുഞ്ഞു പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പാതയിലൂടെ ഇനിയങ്ങോട്ടുള്ള യാത്ര കാടിന്റെ സംഗീതം അറിഞ്ഞു കൊണ്ടായിരുന്നു. ഒരു വശത്ത്പാറക്കൂട്ടങ്ങളിൽ തട്ടി ചിതറി ഹർഷാരവത്തോടെ കുത്തിയൊലിച്ചൊഴുകുന്ന പുണ്യനദിയായ ലക്ഷ്മൺ തീർഥ. വലിയ മരങ്ങളും കുറ്റിച്ചെടികളും മുളങ്കാടുകളും മഴക്കാലത്തിന്റെ മാസ്മരിക ഭാവ പകർച്ച ഏറ്റുവാങ്ങി നിൽക്കുന്നു . കടന്നു പോകുന്ന വഴികളിലെല്ലാം , കാടിന്റെ സംഗീതത്തിനായി കാതോർത്ത് പരമാവധി ശബ്ദം കുറച്ച് യാത്ര ചെയ്യാൻ ഓർമ്മിപ്പിക്കുന്ന ബോർഡുകൾ കാണാം ..കൊച്ചു കുട്ടികൾ ഉൾപ്പെടെയുള്ള ധാരാളം യാത്രികർ മഴയിൽ നനഞ്ഞു കുതിർന്ന് നടന്നു പോകുന്നു.

തൂക്കുപാലത്തിലൂടെ നടക്കുമ്പോൾ താഴെ ഉരുളൻ പറക്കൂട്ടങ്ങളെ തട്ടി തെളിഞ്ഞൊഴുകുന്ന നദിയുടെ ദൃശ്യം.ഇരുകരകളിലും പന്തലിച്ചു നിൽക്കുന്ന കുറ്റികാടുകൾ ,ഓരത്തേക്ക് ചാഞ്ഞ് നിൽക്കുന്ന വലിയ വൃക്ഷങ്ങൾ .പിന്നെയും പടവുകൾ കയറി മുകളിലെത്തുമ്പോൾ കാഴ്ചയുടെ നവ്യാനുഭവം പകന്നുതന്ന് ഇരുപ്പു വെള്ളച്ചാട്ടം അഥവാ ലക്ഷ്മൺ തീർഥ ,വരണ്ട വേനലിനെ അതിജീവിച്ച് മഴക്കാലത്തിന്റെ സൗന്ദര്യം മുഴുവനുമാവാഹിച്ച് ആർത്തനാദം മുഴക്കി പാറക്കൂട്ടങ്ങൾക്കിടയിലൂടെ പളുങ്കു ചിതറിയപ്പോലെ താഴേക്ക് പതിക്കുന്നു.

കേരളത്തിലും കർണാടകയിലുമായി നീണ്ടു കിടക്കുന്ന ബ്രഹ്മഗിരി മലനിരകളിൽ നിന്നും ഉത്ഭവിക്കുന്നതാണ് ഇരുപ്പു വെള്ളച്ചാട്ടം. ജൈവവൈവിധ്യത്തിന്റെ അമൂല്യ കലവറയാണ് ഈ മലനിരകൾ. കുടക് ജില്ലയിലെ , ഈ വെള്ളച്ചാട്ടത്തിന് പിന്നിലെ കഥ ഇതിഹാസമായ രാമായണവുമായി ഇഴചേർന്നു കിടക്കുന്നു. സീതാന്വേഷണത്തിനിടെ രാമലക്ഷ്മണന്മാർ ഇവിടെയെത്തിയെന്നും ദാഹ പരവശനായ ശ്രീ രാമസ്വാമി ലക്ഷ്മണനോട് ദാഹജലം ആവശ്യപ്പെട്ടുവെന്നും , എവിടെ തിരഞ്ഞും വെള്ളം കിട്ടാതായ ലക്ഷ്മണ സ്വാമിതന്റെ ആവനാഴിയിൽ നിന്ന് മലമുകളിലേക്ക് അമ്പെയ്ക്കുകയും തുടർന്ന് അവിടെനിന്നും ജലധാര താഴേക്കു പതിച്ചു എന്നും പറയുന്നു . അതുകൊണ്ട് ഇതിനെ ലക്ഷ്മൺ തീർഥ എന്നും അപരനാമമുണ്ട്.

ഇരിപ്പുവിലെത്തുന്ന സഞ്ചാരികളുടെ ദൃഷ്ടി ആദ്യം പതിയുന്നതും കേരളീയ വാസ്തുവിദ്യയിൽ നിർമിച്ച  ശ്രീരാമ പ്രതിഷ്ഠയുള്ള രാമേശ്വര ക്ഷേത്രത്തിലാണ് . മഹാശിവരാത്രി ദിനം ഇരിപ്പുവിൽ സ്നാനം ചെയ്താൽ പാപങ്ങൾ അകലുമെന്നാണ് വിശ്വാസം…വ്യൂ പോയിൻറിലെ ഇരുമ്പു കസേരയിൽ ഇരുന്ന് മഴ നനഞ്ഞ് , ഓർമത്താളുകൾ ഓരോന്നായ് മറിക്കവേ  വെള്ളച്ചാട്ടത്തിന് ഹുങ്കാര ശബ്ദം അങ്ങോട്ടേക്ക് ചെല്ലാൻ ക്ഷണിച്ചു.മഴ അപ്പോഴും നിർത്താതെ പെയ്തു കൊണ്ടിരിന്നു .മഴത്തുള്ളികളും പാറക്കൂട്ടങ്ങളിൽ തട്ടി ചിതറി തെറിക്കുന്ന ജലകണങ്ങളും പരസ്പരം ആലിംഗന ബന്ധരാകുന്നു .ഏതൊരു സഞ്ചാരിയുടെയും മനം കുളിർപ്പിക്കുന്ന ദൃശ്യം.കുടകിൽ നിന്നും കാവേരി നദിയിലേക്കൊഴുകുന്ന പുഴയുടെ ആരംഭ ഭാഗത്താണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.വയനാടിന് വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന ഇരുപ്പു വെള്ളച്ചാട്ടം കുടകിലെ  പ്രധാന വെള്ളച്ചാട്ടമാണ്.ആബി വെള്ളച്ചാട്ടവും മല്ലള്ളി വെള്ളച്ചാട്ടവുമാണ് ഇവിടുത്തെ മറ്റ് രണ്ടു പ്രധാന വെള്ളച്ചാട്ടങ്ങൾ.

 

 

തെക്കെ ഇന്ത്യയിലെ കാശ്മീര്‍ എന്നും ഇന്ത്യയിലെ സ്കോട്ട്ലാന്‍റ് എന്നും അറിയപ്പെടുന്ന കൂര്‍ഗ് അതിന്‍റെ പ്രകൃതിഭംഗി കൊണ്ട് അനുഗ്രഹീതമാണ്. സുന്ദരമായ കാലവസ്ഥയും പച്ചപ്പ് നിറഞ്ഞ താഴ്വരയും മനം കവരുന്ന മലനിരകളും കുടക് എന്ന കൂര്‍ഗിനെ സഞ്ചാരികളുടെ പറുദീസ ആക്കി തീര്‍ത്തിരിക്കുകയാണ്.കുടകിലെത്തിയാല്‍ കണ്ണുകള്‍ക്കെന്ന പോലെ കാതുകള്‍ക്കും ആനന്ദാനുഭവം നല്‍കുന്നതാണ് അവിടുത്തെ വെള്ളച്ചാട്ടങ്ങള്‍. ഉയര്‍ന്നു നില്‍ക്കുന്ന പാറക്കൂട്ടങ്ങളിലൂടെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്‍റെ ആരവം അതിന്‍റെ ഭംഗിയോടൊപ്പം മനം നിറയ്ക്കുന്നതാണ്.

Back to top button
error: