NEWS

തൃക്കാക്കരയിലെ എൽഡിഎഫ് കൺവെൻഷൻ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

തൃക്കാക്കര: തൃക്കാക്കരയിലെ എല്‍.ഡി.എഫ് കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഈ ഉപതെരഞ്ഞെടുപ്പില്‍ കേരളം ആഗ്രഹിക്കുന്നതരത്തില്‍ പ്രതികരിക്കാന്‍ ഈ മണ്ഡലം തയ്യാറെടുത്തിട്ടുണ്ട്. അതിന്റേതായ വേവലാതികള്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ കാണാനും കഴിയുന്നുണ്ടെന്ന് പിണറായി പറഞ്ഞു. ഒരു മണ്ഡലത്തിലെ പ്രതിനിധിയെ തെരഞ്ഞടുക്കാനുള്ളതാണെങ്കിലും ഇതിന് അതിന് അപ്പുറം മാനങ്ങളുണ്ട്. ദേശീയ തലത്തിലും ഏറെ ശ്രദ്ധിക്കുന്നതാണ് ഈ ഉപതെരഞ്ഞെടുപ്പ്.

ഒരു ഭാഗത്ത് മതനിരപേക്ഷത തകര്‍ക്കുന്ന നീക്കം ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നു. ഭരണഘടനയുടെ മൂല്യങ്ങള്‍ക്ക് ഇവര്‍ വിലകല്‍പ്പിക്കുന്നില്ല. ഇന്നലെയുണ്ടായ സുപ്രീം കോടതി വിധിയെ ലക്ഷ്മണരേഖ മറികടക്കാന്‍ പാടില്ലെന്ന് ഭീഷണിയുടെ സ്വരത്തില്‍ പറയുന്ന കേന്ദ്രമന്ത്രിയെയാണ് നമുക്ക് കാണാന്‍ കഴിഞ്ഞതായും പിണറായി പറഞ്ഞു. രാജ്യത്ത് സംഘര്‍ഷമുണ്ടാക്കി വിദ്വേഷപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബോധപൂര്‍വം ശ്രമങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് പ്രബലമായ രണ്ട് മതന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ പലഭാഗങ്ങളിലായി വ്യാപക ആക്രമണങ്ങളാണ് സംഘടിപ്പിക്കുന്നത്. അതോടൊപ്പം നമ്മുടെ രാജ്യത്തെ പട്ടികജാതി-വര്‍ഗവിഭാഗങ്ങള്‍ക്കെതിരെ നീതി രഹിത നടപടികള്‍ ഉണ്ടാകുന്നു. സംഘപരിവാര്‍ശക്തികള്‍ക്ക് അവരുടെതായ ലോകമാണ് സൃഷ്ടിക്കേണ്ടത്. അതിനെതിരായ നില്‍ക്കുന്നവര്‍ക്കെതിരെയാണ് കടുത്ത നടപടികള്‍ ഉണ്ടാകുന്നത്.

Signature-ad

 

 

ഇതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്ത് ഉയര്‍ന്നുവരുന്നു.എല്ലാ മതനിരപേക്ഷ ചിന്താഗതിക്കാരും ഈ കാടത്തത്തിനെതിരെ രംഗത്തുവരുന്നു.എന്നാല്‍ കോണ്‍ഗ്രസ് വാക്കാലെങ്കിലും ശക്തമായി നേരിടാന്‍ കഴിയാത്ത നേതൃത്വമായി അവര്‍ മാറി. ബിജെപിയുടെ ബി ടീമായി കോണ്‍ഗ്രസ് മാറി. വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. വര്‍ഗീയതയുടെ ചില പ്രതീകങ്ങള്‍ എടുത്തണിയാന്‍ കോണ്‍ഗ്രസിന്റെ പരമോന്നത നേതാക്കള്‍ക്ക് അടക്കം മടിയില്ലാതെ കഴിയുന്നു.കോണ്‍ഗ്രസിന് വര്‍ഗീയനീക്കങ്ങളെ തടയാനോ രാജ്യത്തിന്റെ മതനിരപേക്ഷത ശരിയായ അര്‍ത്ഥത്തില്‍ സംരക്ഷിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Back to top button
error: