ലഖ്‌നൗ: താജ്മഹലിലെ അടച്ചിട്ട 20 മുറികള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ രൂക്ഷവിമര്‍ശനങ്ങളുന്നയിച്ച് അലഹബാദ് ഹൈക്കോടതി.ഇങ്ങനെയാണെങ്കില്‍ നാളെ ജഡ്ജിമാരുടെ ചേംബറിലെ മുറിയും നിങ്ങള്‍ തുറക്കാന്‍ ആവശ്യപ്പെടുമല്ലോ എന്ന് ഹര്‍ജിക്കാരനോട് കോടതി പറഞ്ഞു. വിഷയത്തില്‍ നന്നായി ഗവേഷണം ചെയ്തു വരാനും കോടതി ഹര്‍ജിക്കാരനെ ‘ഉപദേശിച്ചു’.
ബിജെപിയുടെ അയോധ്യഘടകത്തിലെ സമൂഹമാധ്യമ ചുമതലയുള്ള രജനീശ് സിങ് ആണ് ആവശ്യവുമായി ലഖ്‌നൗ ബഞ്ചിനെ സമീപിച്ചത്. മുറികള്‍ തുറന്നു പരിശോധിക്കണമെന്നും ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് നിര്‍ദേശിക്കണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം. താജ്മഹല്‍ പഴയ ശിവക്ഷേത്രമാണെന്ന് ചില ചരിത്രകാരും ഹിന്ദു സംഘടനകളും അവകാശവാദമുന്നയിച്ചതായി ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
‘പോയി ഗവേഷണം ചെയ്യൂ. എംഎയും പിഎച്ച്‌ഡിയും എടുക്കൂ.എന്നിട്ട് ഇത്തരത്തിലുള്ള വിഷയം എടുക്കൂ. ആ വിഷയത്തിലെ ഗവേഷണത്തില്‍ ആരെങ്കിലും തടസ്സം നിന്നാല്‍ ഞങ്ങളുടെ അടുത്തു വരൂ.’ – കോടതി നിര്‍ദേശിച്ചു.