NEWS

മുറികൾ തുറന്നിട്ടും പ്രവർത്തിപ്പിക്കാം;ഇതാ കറന്റ്ചാർജ് കുറഞ്ഞ ഇൻവെർട്ടർ എസികൾ

രു മുറിയിൽ എയർ കണ്ടീഷണർ ഫിറ്റ് ചെയ്യാനുദ്ദേശിക്കുന്നവർ ഈ അടുത്ത കാലം വരെ ചെയ്തിരുന്നത് ആ മുറിയിലേക്ക് ഒരീച്ച പോലും കടക്കാത്ത വിധം സീൽ ചെയ്യുക എന്നതായിരുന്നു.എസി ഫിറ്റ് ചെയ്യാൻ വരുന്ന ടെക്നീഷ്യൻ അൽപ്പം വിടവൊക്കെ സാരമില്ല എന്ന് പറഞ്ഞാലും വീട്ടുകാരൻ സമ്മതിക്കില്ല.ആ ഗ്യാപ്പിലൂടെ മുറിയിലെ തണുപ്പ് മുഴുവൻ പുറത്തു പോകും,എസിക്ക് കംപ്ലൈന്റ് വരും, കറന്റ് ചാർജ് അധികമാകും ഇതെല്ലാമായിരുന്നു ഇതിന് പിന്നിൽ.
ഇൻവെർട്ടർ എസി എന്ന ഭീകരൻ എത്തുന്നതിന് മുൻപ് ഈ കാര്യം ഏറെക്കുറേ ശരിയുമായിരുന്നു.സാധാരണ കംപ്രസർ ഉപയോഗിക്കുന്ന ഒരു ടൺ  കൺവെൻഷണൽ എയർ കണ്ടീഷണറിൻ്റെ റണ്ണിങ്ങ് പവർ കൺസെംപ്ഷൻ കമ്പനികളുടെ മാറ്റം അനുസരിച്ച്  1300  വാട്ട്സ് മുതൽ  1800 വാട്സ് വരെയായാണ് കണ്ട് വരുന്നത്.
കണക്ക് വലിയ പിടിയില്ലാത്തവർക്കും  മനസിലാക്കാനായി  എളുപ്പത്തിനായി ഇത്  ശരാശരി 1500 വാട്സ് എന്ന് കണക്കാക്കാം.ഇതിൻ്റെ റണ്ണിങ്ങ് കറണ്ട്   1500 വാട്ട്സ്  ഹരണം ലൈൻ വോൾട്ടേജ് 230 വോൾട്ട് സമം 6.5 ആമ്പിയർ എന്നതാണ് ഉത്തരം.
ഇനി ലൈൻ വോൾട്ടേജ് 190 വോൾട്ടായി കുറഞ്ഞാൽ ആമ്പിയർ 7.8 ആയി ഉയരും.ലൈൻ വോൾട്ടേജ് 190 നും 230 നും ഇടയിൽ വരുമെന്ന ഉദ്ദേശത്തിൽ ശരാശരി റണ്ണിങ്ങ് കറണ്ട് 7 ആമ്പിയർ എന്ന് കൂട്ടുന്നു.
ഇനി കൺവെൻഷണൽ ( സാദാ കംപ്രസർ എസി) എയർ കണ്ടീഷണറുകളുടെ കറണ്ട് ചാർജിൽ ഇടപെടുന്ന മറ്റൊരു വില്ലൻ ഉണ്ട്. അവനാണ് സ്റ്റാർട്ടിങ്ങ് കറണ്ട്.റണ്ണിങ്ങ് കറണ്ടിൻ്റെ ആറ് മടങ്ങ് കൂടുതലായിരിക്കും സ്റ്റാർട്ടിങ്ങ് കറണ്ട് അപ്പോൾ 7 ആമ്പിയറിൻ്റെ 6 മടങ്ങ് സമം 42 ആമ്പിയർ വരുന്നു. ഏകദേശം 3 സെക്കൻഡ് മുതൽ 5 സെക്കൻഡ് വരെ വേണ്ടി വരും ഇത് റണ്ണിങ്ങ് കറണ്ടിലേക്ക് സ്റ്റഡിയാകാൻ.
വീടുകളിലെ അടച്ച മുറിയിൽ 8 മണിക്കൂർ പ്രവർത്തിക്കുന്ന ഒരു ഏയർ കണ്ടീഷണർ ഏകദ്ദേശം 32 തവണ ഓൺ ഓഫ്  ആകുന്നുവെന്നാണ് കണക്ക്.ഇതും എസിയുടെ പ്രവർത്തന ചിലവ് വല്ലാതെ ഉയർത്തിയിരുന്നു
തൻ മൂലം എസി വച്ചു എന്ന ഒറ്റക്കാരണത്താൽ ഈച്ചക്ക് പോലും കടക്കാൻ സാധ്യമല്ലാത്ത സീൽ ചെയ്ത മുറിയിൽ കിടന്ന് എസിയുടെ തണുപ്പ് പരമാവധി കൂട്ടി വച്ച് അത് മൂന്നോ നാലോ മണിക്കൂർ ഓൺ ചെയ്ത ശേഷം ഓഫ് ചെയ്ത് മൂടിപ്പുതച്ച് കിടന്ന് ഉറങ്ങുക എന്നതാണ് പലരുടെയും ശീലം.
എന്നാൽ ഇൻവെർട്ടർ ഏസികളുടെ വരവോടെ പരമ്പരാഗത എയർ കണ്ടീഷണർ സങ്കൽപ്പം തന്നെ മാറി മറിഞ്ഞു.ഇപ്പോൾ ആർക്കും പാർഷ്യലി ഓപ്പണായ മുറിയിൽ പോലും എസി യിട്ട് കറണ്ട് ചാർജിനെ പേടിക്കാതെ സുഖമായി കിടന്നുറങ്ങാം.
ഒരു ടൺ ഇൻവെർട്ടർ ഏസിയുടെ റണ്ണിങ്ങ് കറണ്ട് ശരാശരി 4 ആമ്പിയറാണ് അപ്പോൾ 4 A x 230 V= 920 വാട്ട്സ്.സ്റ്റാർട്ടിങ്ങ് കറണ്ട് ഇല്ല.
ഒരിക്കൽ ഓൺ ചെയ്താൽ ഓഫ് ചെയ്യുന്നത് വരെ ഇൻവെർട്ടർ ഏസിയുടെ  കംപ്രസർ ഓഫാകുന്നില്ല. കംപ്രസറിൻ്റെ സ്പീഡ് വേരി ചെയ്താണ് ഇൻവെർട്ടർ ഏസി റൂമിലെ താപനില നിയന്ത്രിക്കുന്നത്.
അന്തരീക്ഷ താപനില 30 ഡിഗ്രി ആയിരിക്കുമ്പോൾ നമ്മൾ ഏസിയിൽ ടെമ്പറേച്ചർ 26 ഡിഗ്രി  ആയി സെറ്റ് ചെയ്യുന്നുവെന്നിരിക്കട്ടെ .ആദ്യത്തെ ഏതാനും മിനിറ്റുകൾ കംപ്രസറിൻ്റെ വേഗത 0.RPM ൽ നിന്ന് പരമാവധി RPM ലേക്ക് ക്രമമായി ഉയർത്തി അത് പ്രവർത്തിക്കും.BLDC മോട്ടോർ ആയതിനാൽ ഇത് വളരെയെളുപ്പം സാധിക്കും.
പരമാവധി വേഗത്തിൽ മുറി തണുപ്പിക്കാനാണിത്.
ഇൻവെർട്ടർ ഏസി കംപ്രസറിൻ്റെ വേഗത മിനിമം 700 RPM മുതൽ മാക്സിമം 8000 RPM വരെയാണ്.
പരമാവധി വേഗതയിൽ പ്രവർത്തിക്കുമ്പോഴാണ് ഏറ്റവും കൂടിയ വാട്ട്സും, ആമ്പിയറും എസി ഉപയോഗിക്കുന്നത്.പരമാവധി വേഗത്തിൽ പ്രവർത്തിക്കുമ്പോൾ 5 സ്റ്റാർ റേറ്റിങ്ങുള്ള വൺ ടൺ ഇൻവെർട്ടർ  ഏസി 4 ആമ്പിയർ റണ്ണിങ്ങ് കറണ്ട് എടുക്കും അപ്പോൾ 920 വാട്ട്സ് .
മുറിയിലെ തണുപ്പ് നമ്മൾ സെറ്റ് ചെയ്ത 26 ഡിഗ്രിയിലേക്ക് എത്തിക്കഴിഞ്ഞാൽ ഏസി ഓഫാവുകയല്ല ചെയ്യുന്നത് കംപ്രസറിൻ്റെ RPM മിനിമം ലവലായ 700 ലേക്ക് കുറയുന്നു. അപ്പോൾ പവർ കൺസെംപ്ഷൻ 250 വാട്ടിൽ താഴെയായി കുറയുന്നു. സ്പ്ലിറ്റ് ഏസിയിൽ അകത്തെയും, പുറത്തെയും യൂണിറ്റുകളിൽ ഉള്ള സർക്കുലേറ്റിങ്ങ്  ഫാനുകൾ ഉപയോഗിക്കുന്ന കറണ്ട് ഉൾപ്പടെയാണിത്. 5 സ്റ്റാർ റേറ്റിങ്ങിൽ അവയും BLDC തന്നെയായിരിക്കും.
ഇത് മൂലം രണ്ട് മൂന്ന് സാദാ ഫാനുകൾ ഉപയോഗിക്കുന്ന കറണ്ട് മാത്രം ഉപയോഗിച്ച് കറണ്ട് ചാർജിനെ പേടിക്കാതെ രാത്രി മുഴുവൻ ഏസിയിട്ട് കിടന്നുറങ്ങാം.
അന്തരീക്ഷ താപനിലയിൽ നിന്ന് വെറും രണ്ടോ മൂന്നോ ഡിഗ്രി മുറിയിലെ താപനില കുറഞ്ഞാൽ തന്നെ നമുക്ക് നല്ല തണുപ്പ് അനുഭപ്പെടും, എയർ കണ്ടീഷണർ മുറിയിലെ ആർദ്രതയും ( ഹ്യുമിഡിറ്റി) നിയന്ത്രിക്കുന്നതിനാലാണ് നമുക്ക് കുറഞ്ഞ വ്യത്യാസത്തിലും തണുപ്പ് അനുഭവപ്പെടുന്നത്.
ഇങ്ങനെ സെറ്റ് ചെയ്താൽ
ഏസിയുള്ള മുറിയിൽ നിന്നും പെട്ടെന്ന് പുറത്തേക്കിറങ്ങിയാലും വലിയ ക്ഷീണം അനുഭവപ്പെടില്ല.കറണ്ട് ചാർജും കുറയും, ഏസിയുടെ കാര്യക്ഷമതയും കൂടും.
അതിനാൽ ഏസിയുള്ള മുറികളിൽ താപനിലയും ,ആർദ്രതയും അളക്കുന്ന ഒരു മീറ്റർ കൂടി ഘടിപ്പിച്ചാൽ നിങ്ങൾക്കിത് നോക്കി മനസിലാക്കാം. എല്ലാ ഓൺ ലൈൻ സ്റ്റോറുകളിലും, ഇലക്ട്രോണിക്സ് ,ഡ്യൂട്ടി പെയ്ഡ് കടകളിലും ഇത് ലഭിക്കും. 300-500 രൂപയൊക്കെയേ വില വരൂ.
ഇനി നമ്മുടെ വിഷയത്തിലേക്ക് വരാം പൂർണ്ണമായും അടയ്ക്കാത്ത മുറിയിൽ ഏസി വച്ചാൽ തണുപ്പ് പുറത്ത് പോയി കറണ്ട് ചാർജ് കൂടില്ലേ.?
ഇല്ല എന്നാണ് ഇതിനുത്തരം. തണുപ്പ് എന്നാൽ തണുത്ത വായു. തണുത്ത വായുവിന് ഭാരം കൂടുതലായതിനാൽ എപ്പോഴും അത് മുറിയുടെ താഴെ  വശത്തായിരിക്കും.ചൂടുള്ള വായു മുകൾതട്ടിലും. തണുത്ത വായു ഒരു മന്ദഗതിക്കാരനാണ്.അവന് ഒരു സ്പീഡും ഇല്ല പതിയെ അങ്ങനെ ഒഴുകിപ്പരക്കുകയേ ഉള്ളൂ.
എന്നാൽ ചൂടുവായു ശീഘ്രഗതിക്കാരനാണ്.അവന് വേഗം മുകളിലേക്ക് സഞ്ചരിക്കണം, തണുപ്പിൽ നിന്ന് പരമാവധി അകന്ന് നിൽക്കണം എന്ന ഒറ്റച്ചിന്തയേ ഉള്ളൂ.അതിനാൽ ഇൻവെർട്ടർ ഏസിയിരിക്കുന്ന മുറിയുടെ മുകൾ ഭാഗത്തെ എയർ വെൻ്റിലേഷനുകൾ തുറന്ന് കിടന്നാലും അതിലൂടെ ചൂട് വായു മാത്രമേ പുറത്തേക്ക് പോകൂ. പിന്നെ ഒരു കാര്യം ശ്രദ്ധിക്കണം ഇൻവെർട്ടർ ഏസി ഫിറ്റ് ചെയ്ത മുറിയിൽ സീലിങ്ങ് ഫാനിട്ട് സ്പീഡിൽ  കറക്കുകയൊന്നും ചെയ്യരുത്. അത് ചിലപ്പോൾ തണുപ്പ് വെൻ്റിലേഷനിൽ കൂടി നഷ്ടപ്പെടാൻ ഇടയാകും ,കൂടാതെ സാദാ ഫാനുകൾ ഒരു ഫിലമെൻ്റ് ബൾബ് പുറപ്പെടുവിക്കുന്ന ചൂട് പുറത്ത് വിടുന്നുണ്ട്.
നിങ്ങളുടെ മുറിയുടെ ജനലുകൾക്ക് കൊതുകു വല അടിച്ചിട്ടുണ്ടെങ്കിൽ ധൈര്യമായി എസിയിട്ട മുറിയുടെ ജനലുകൾ തുറന്നിടാം.കാരണം ഇഴയടുപ്പമുള്ള കണ്ണികളിലൂടെ തണുപ്പിന് കടന്ന് പോകാൻ ഇത്തിരി ബുദ്ധിമുട്ടാണ്. കൊതുകുവലയ്ക്കുള്ളിൽ കിടന്നാൽ നല്ല ചൂട് തോന്നാറില്ലേ..  വായുവിന് സുഗമമായി  വലയ്ക്കുള്ളിലേക്ക് പ്രവേശിക്കാനും പുറത്ത് പോകാനും സാധിക്കാത്തതിനാലാണിത്.
അതിനാൽ വല അടിച്ചിട്ടുണ്ടെങ്കിൽ ധൈര്യമായി എസിയിട്ട മുറിയുടെ ജനലുകൾ തുറന്നിടാം.
ഇനി നിങ്ങൾ ഒരു എക്സിബിഷൻ കാണാൻ പോകുമ്പോഴോ, ലുലു മാൾ, ബിസ്മി പോലുള്ള വലിയ സൂപ്പർ മാർക്കറ്റുകളിൽ പോകുമ്പോഴോ അവിടെ എയർ കണ്ടീഷനിങ്ങ്‌ ഏങ്ങനെ ചെയ്തിരിക്കുന്നുവെന്ന് നോക്കണം. വിശാലമായ ഹാളിൻ്റെ മുകൾ ഭാഗം തുറന്ന് കിടക്കുന്നു. അല്ലെങ്കിൽ തുളകളുള്ള പ്രിഫേർഡ് ഷീറ്റു പയോഗിച്ചുള്ള സീലിങ്ങേ കാണാൻ സാധിക്കൂ.. തൻമൂലം എയർ ടൈറ്റ് സീലിങ്ങ് ചെയ്യാനുള്ള വൻ തുക ലാഭിക്കാൻ കഴിയുന്നു. കുറച്ച് കാലം മുൻപ് വരെ ഇതല്ലായിരുന്നു.സ്ഥിതി.
ഒരു മുറി പോലെ തിരിച്ച് നന്നായി കൊതുകുവല വലിച്ച് കെട്ടിയാൽ ഒരു വലിയ ഹാളിലെ  ചെറിയ ഭാഗം നമുക്ക് ഏസി ചെയ്യാം.
ഇൻവെർട്ടർ ഏസി വേഗം ചീത്തയാകും ,നന്നാക്കാൻ നല്ല തുക വരും,എന്നൊരു ധാരണ പലരിലുമുണ്ട്.ഇത് ഒരു പാതിവെന്ത സത്യം മാത്രമാണ്.
പൂർണ്ണമായും ഇലക്ട്രോണിക് സർക്യൂട്ടറിയിൽ ഓടുന്നു എന്നതിനാൽ ഇടിമിന്നൽ ഏസികളുടെ ഒരു നിതാന്ത ശത്രുവാണ്. ഇടിമിന്നൽ ഉള്ളപ്പോൾ പവർ പ്ലഗ്ഗീൽ നിന്നും ഊരിയിടുക. ഉപയോഗിക്കാത്തപ്പോൾ റിമോട്ടിൽ ഓഫ് ചെയ്തിടരുത്. പവർ സ്വിച്ച് ഓഫാക്കണം എന്നീ മുൻകരുതലുകൾ എടുത്താൽ പ്രായേണ തകരാറുകൾ ഒന്നും അങ്ങനെ വരാറില്ല.
ഇനി വന്നാലും പേടിക്കാനില്ല.ഏത് ഇൻവെർട്ടർ ഏസികളുടെയും PCB നല്ല വൃത്തിയായി കുറഞ്ഞ ചിലവിൽ നന്നാക്കി നൽകുന്ന മെക്കാനിക്കുകൾ ഇന്ന് കേരളത്തിന്റെ ഏതൊരു മുക്കിലും മൂലയിലും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: