NEWS

കേരളത്തിലെ ഒരു ഗ്രാമം ഒരു ദിവസത്തേക്ക് തമിഴ് ഗ്രാമമായി മാറുന്ന കഥ

ലയുയർത്തി നിൽക്കുന്ന മലനിരകളുടെ അടിവാരത്തിൽ വന്നവസാനിക്കുന്നൊരു നാട്ടുപാത. ഇരുവശവും നെൽവയലുകളും വരമ്പുകളിൽ അങ്ങിങ്ങായി ഓടി നടക്കുന്ന മയിലുകളും…യുഗങ്ങൾ കൈമാറി വന്ന, തലമുറകൾ പകർന്നു കൊടുത്ത ഒരു സംസ്കാരത്തിന്റെ ശേഷിപ്പുകൾ തേടിയുള്ള ഞങ്ങളുടെ യാത്ര ഇവിടെ തുടങ്ങുന്നു.പാലക്കാട് കൊല്ലങ്കോടിനടുത്തുള്ള കാച്ചാംകുറിശ്ശിയിൽ നിന്നും ദൂരെ അതിരുകാക്കുന്ന വിധം ഉയർന്നു നിൽക്കുന്ന ഗോവിന്ദമലയാണ് ലക്ഷ്യം.
സുരാസുരന്മാരുടെ പിതാവായ കശ്യപമഹര്ഷിയിൽ നിന്നാണ് കാച്ചാംകുറിശ്ശി എന്ന പേരിന്റെ ഉത്ഭവം.കശ്യപ കുറിശ്ശി ലോപിച്ചാണ് കാച്ചാംകുറിശ്ശിയായതെന്ന് നാട്ടുവായ്മൊഴി.മഹാവിഷ്ണു ഭക്തനായിരുന്ന കശ്യപ മഹർഷി തപസ്സിരുന്നത് ഗോവിന്ദ മലയിലായിരുന്നത്രെ.അവിടെ വച്ച് മഹാവിഷ്ണു ദർശനം കൊടുത്തെന്നും പിന്നീട് ത്രേതായുഗത്തിൽ വനവാസക്കാലത്ത് രാമാ ലക്ഷ്മണന്മാർ സീതാസമേതം അവിടെയെത്തിയെന്നും ഒക്കെയാണ് വിശ്വാസം.ഇത് സാധൂകരിക്കുന്ന തരത്തിൽ ഗോവിന്ദമലയുടെ തുഞ്ചത്ത്‌ രണ്ട് പാദങ്ങളുടെ അടയാളവും ഒരു ശംഖിന്റെ അടയാളവുമുണ്ട്.കാച്ചാംകുറിശ്ശി പെരുമാൾ ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹം കശ്യപമഹര്ഷിയാൽ പ്രതിഷ്ഠിച്ചതാണ്‌ എന്നാണ് മറ്റൊരു വിശ്വാസം.
നെല്ലിയാമ്പതി മലനിരകളിൽ തന്നെയാണ് ഗോവിന്ദമലയുടെ സ്ഥാനവും.എന്നാൽ വർഷത്തിൽ ഒരു ദിവസം മാത്രമാണ് അവിടെ പ്രവേശിക്കുവാനുള്ള അനുവാദം ഫോറസ്ററ് അധികൃതർ നൽകുന്നത്.തൈപ്പൂയത്തിന്റെ തലേ ദിവസം മുതൽ അന്ന് രാവിലെ വരെ ആണ് പ്രവേശാനുമതി നൽകുക. ഗോവിന്ദാമല തീർത്ഥാടനത്തിന് പ്രധാനമായും എത്തുന്നത് തമിഴ്‌നാട്ടിലെ വിശ്വാസികളാണ് എന്നതാണ് രസകരം.
 തൈപ്പൂയത്തിന്റെ തലേദിവസം നൂറുകണക്കിന് വാഹനങ്ങളിലായി കുടുംബസമേതം അവരെത്തും.അതോടെ അടിവാരത്തിൽ പാറകൾ നിറഞ്ഞ ഭാഗത്തു ഒരു തമിഴ് ഗ്രാമത്തിന്റെ അന്തരീക്ഷം ഉരുത്തിരിയും.തമിഴ് കലകളും നൃത്തരൂപങ്ങളുമൊക്കെയായി അവർ അന്ന് അവിടെ ചിലവഴിക്കും. വ്രതമെടുത്ത വന്ന ഭക്തർ വൈകുന്നേരത്തോടെ മലകയറും. കൂടെ വന്നവർ, സ്ത്രീകൾ ഒക്കെ താഴെ കാത്തിരിക്കും…രാത്രി മുകളിലെത്തി ചടങ്ങുകൾ കഴിച്ച് തിരിച്ചെത്തി,പുലർച്ചെ അവർ തിരിച്ച പോവും… കേരളത്തിന്റെ ഉള്ളിൽ ഒരു ദിവസത്തേക്കു അന്നവിടെ ഒരു തമിഴ് ഗ്രാമം രൂപപ്പെടും.
ഗോവിന്ദാമലയുടെ മുകളിൽ ആണ് കശ്യപമഹര്ഷി തപസ്സിരുന്നു, ‘ഗോവിന്ദൻ ‘ പ്രത്യക്ഷപെട്ടു എന്ന് കരുതുന്ന സ്ഥലം.മുകളിലെ ഒരു പാറക്കെട്ടിൽ ആണ് വിഷ്ണുപാദവും ശംഖും സ്ഥിതി ചെയ്യുന്നത്.അന്നേദിവസം അധികൃതർ ഒരു കയർ കെട്ടിയിടും, അതിൽ പിടിച്ച് മുകളിലേക്ക് കയറാം.ചെങ്കുത്തായ പാറക്കെട്ടുകൾ വഴിയുള്ള യാത്ര തന്നെ അപകടം നിറഞ്ഞതാണ്.അതിന് പിന്നാലെയാണ് ഇത്.പാറക്കെട്ടുകളേക്കാൾ ദൃഢമായ വിശ്വാസത്തിന് മുന്നിൽ ഇതൊക്കെയെന്ത്!
മലയുടെ ഏറ്റവും മുകളിലായി പാറക്കെട്ടുകൾക്കിടയിൽ ഒരു നീരുറവയുണ്ട്.ഇതിനെപ്പറ്റിയും ഒരു വിശ്വാസമുണ്ട്.മുകളിലെത്തി എല്ലാവരും ഒരുമിച്ച് നിന്ന് രാത്രി ഗോവിന്ദ നാമം മുഴക്കുമെന്നും ഇറ്റിറ്റായി വീണുകൊണ്ടിരിക്കുന്നു നീരുറവ അപ്പോൾ പതിയെ ശക്തി പ്രാപിക്കുമെന്നുമാണ് അത്.വിശ്വാസികൾ എല്ലാവരും അതിൽ നിന്ന് ജലം ശേഖരിച്ചിട്ടാവും മടക്കം.
എല്ലാവർഷവും തൈപ്പൂയത്തിന്റെ അന്ന് ഗോവിന്ദമലയുടെ അടിവാരത്തിൽ ഒരു രാത്രിക്കായ് വന്നു ചേരുന്ന തമിഴ്‌നാട്ടുകാരുടെ വിശ്വാസത്തിന്റെ തലയെടുപ്പ് പോലെ ഗോവിന്ദമല പിന്നിൽ ഉയർന്നു നിൽക്കുന്നത് മലയിറങ്ങുമ്പോൾ ഞങ്ങൾക്ക് കാണാമായിരുന്നു.അങ്ങകലെ മലയുടെ മുകളിൽ അമ്പലത്തിൽ നിന്നുള്ള വെളിച്ചം ഒരു പൊട്ടുപോലെയും … ഏതെങ്കിലും ഒരു തൈപ്പൂയരാവിൽ തമിഴ് മക്കളിൽ ഒരുവനായി ആ പാറക്കെട്ടിനു മുകളിൽ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒരു രാത്രി ചെലവഴിക്കണം എന്ന ദൃഢനിശ്ചയത്തോടെ ഞങ്ങൾ കാച്ചാംകുറിശ്ശിയോട് വിടപറഞ്ഞു.

Back to top button
error: