കലിഫോര്‍ണിയ: സമൂഹമാധ്യമ വമ്പനായ ട്വിറ്റര്‍ െകെപ്പിടിയിലാക്കിയതിനു പിന്നാലെ ശീതളപാനീയ ഭീമനായ കൊക്ക കോളയും വാങ്ങുമെന്ന പ്രഖ്യാപനവുമായി ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ പുതിയ ഉടമയായ മസ്‌ക് ഭ്രമാത്കത നിറഞ്ഞ മറ്റൊരു ട്വീറ്റിലൂടെയാണ് കൊക്ക കോളയാണ് തന്റെ പുതിയ ലക്ഷ്യമെന്നു പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെ മക്‌ഡൊണാള്‍ഡ്‌സ് താന്‍ വാങ്ങുമെന്നും എല്ലാ ഐസ്‌ക്രീം മെഷീനുകളും താന്‍ നന്നാക്കുമെന്നുള്ള ഒരു മുന്‍ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ടും മസ്‌ക് പങ്കുവച്ചു. ട്വിറ്റര്‍ വാങ്ങാന്‍ പോകുമെന്ന കാര്യവും മസ്‌ക് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
കൊക്കെയ്ന്‍ തിരിച്ചുകൊണ്ടുവരുമെന്നാണ് മസ്‌കിന്റെ പുതിയ ട്വീറ്റ്. ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ശീതളപാനീയമായ കൊക്ക കോളയുടെ കൊക്കെയ്‌നുമായുള്ള ബന്ധം കൂടി ഓര്‍മിക്കുന്നതാണ് മസ്‌കിന്റെ ട്വീറ്റ്. കൊക്ക കോളയുടെ ട്രേഡ്മാര്‍ക്ക് നാമം അതിന്റെ രണ്ടു പ്രാഥമിക ഘടകങ്ങളില്‍നിന്നു വന്നുചേര്‍ന്നതാണ്. ലാറ്റിനമേരിക്കയിലെ കൊക്കാ മരവും കോള നട്‌സും. കോള നട്‌സ് കഫീന്റെ (കാപ്പി) ഉറവിടമാണെങ്കില്‍ മയക്കുമരുന്നായ കൊക്കെയ്ന്‍ ഉണ്ടാക്കുന്നത് കൊക്കാ ഇലയില്‍നിന്നാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ കൊക്കെയ്ന്‍ മരുന്നുകള്‍ക്കായി ഉപയോഗിച്ചിരുന്നപ്പോള്‍ കൊക്കെയ്ന്‍ ഉള്ള കൊക്കാ ഇലകള്‍ കാര്‍ബണേറ്റ് ചെയ്ത കൊക്ക കോള പാനീയത്തിന്റെ പ്രധാനഘടകങ്ങളിലൊന്നായിരുന്നു. എന്നാല്‍ കൊക്കെയ്ന്‍ അമേരിക്കയില്‍ നിരോധിച്ചതോടെ കൊക്കെയ്ന്‍ നീക്കിയ കൊക്കാ ഇലകളാണ് കൊക്ക കോളയുടെ രഹസ്യനിര്‍മാണക്കൂട്ടില്‍ ഉപയോഗിച്ചുവന്നിരുന്നത്.