NEWS

ഹിന്ദി ദേശീയ ഭാഷയാണെന്ന് ബോളിവുഡ് താരം അജയ് ദേവ്ഗൺ; അല്ലെന്ന് കർണാടകയിലെ മുൻ മുഖ്യമന്ത്രിമാർ

ഹിന്ദി ദേശീയ ഭാഷയാണെന്ന ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ പ്രസ്താവനയ്ക്കെതിരെ  പ്രതികരണവുമായി കര്‍ണാടകയില്‍ നിന്നുള്ള നേതാക്കള്‍.കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യയും എച്ച്‌.ഡി. കുമാരസ്വാമിയുമാണ് അജയ് ദേവ്ഗണിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
‘ഹിന്ദി ഒരിക്കലും നമ്മുടെ രാഷ്ട്ര ഭാഷയായിരുന്നില്ല, ഇനി ആകുകയുമില്ല. നമ്മുടെ രാജ്യത്തിന്റെ ഭാഷാ വൈവിധ്യത്തെ ബഹുമാനിക്കുക എന്നത് രാജ്യത്തെ ഓരോ പൗരന്റെയും കടമയാണ്. ഓരോ ഭാഷക്കും അതിന്റേതായ ചരിത്രമുണ്ട്. ഒരു കന്നഡക്കാരനായതില്‍ ഞാന്‍ അഭിമാനിക്കുന്നു,” സിദ്ദരാമയ്യ ട്വീറ്റ് ചെയ്തു.

അതേസമയം അജയ് ദേവ്ഗണിനെതിരെ രൂക്ഷമായ ഭാഷയില്‍ സംസാരിച്ചുകൊണ്ടാണ് ജനതാദള്‍ നേതാവ് എച്ച്‌.ഡി. കുമാരസ്വാമി ഹിന്ദി വാദത്തിന് മറുപടി നല്‍കിയത്. ‘ഒരു രാജ്യം, ഒരു നികുതി, ഒരു ഭാഷ, ഒരു സര്‍ക്കാര്‍, എന്ന ബി.ജെ.പിയുടെ ഹിന്ദി ദേശീയതാ വാദത്തിന്റെ മൗത്ത്പീസായാണ് അജയ് ദേവ്ഗണ്‍ പിറുപിറുത്തത്,” എച്ച്‌.ഡി. കുമാരസ്വാമി പ്രതികരിച്ചു.

 

നേരത്തെ, കെ.ജി.എഫ് സിനിമയുടെ വിജയത്തെക്കുറിച്ച്‌ സംസാരിക്കവെ ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ലെന്ന് ഒരു പരിപാടിയില്‍ വെച്ച്‌ കന്നഡ നടന്‍ കിച്ച സുദീപ് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മറുപടിയായി ഹിന്ദി ദേശീയ ഭാഷയല്ലെങ്കില്‍ പിന്നെ നിങ്ങള്‍ എന്തിനാണ് സിനിമകള്‍ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യുന്നതെന്നായിരുന്നു അജയ് ദേവ്ഗണ്‍ ട്വീറ്റിലൂടെ ചോദിച്ചത്. ‘താങ്കള്‍ പറഞ്ഞത് പ്രകാരം ഹിന്ദി ദേശീയ ഭാഷയല്ലെങ്കില്‍ താങ്കളുടെ മാതൃഭാഷയിലുള്ള ചിത്രങ്ങള്‍ എന്തിനാണ് ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യുന്നത്. ഹിന്ദി എല്ലായ്‌പ്പോഴും നമ്മുടെ മാതൃഭാഷയും ദേശീയ ഭാഷയുമായിരിക്കും,’ എന്നാണ് അജയ് ദേവ്ഗണ്‍ ട്വീറ്റ് ചെയ്തത്.ഇതിനെതിരെയാണ് നേതാക്കൾ രംഗത്ത് വന്നത്.

Back to top button
error: