BusinessTRENDING

സിമന്റ് വ്യവസായത്തിലേക്കും ചുവടുവെക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

മുംബൈ: ഇന്ത്യയിലെ സിമന്റ് വ്യവസായത്തിലേക്കും ചുവടുവെക്കാനൊരുങ്ങി ഗൗതം അദാനി. ഇതിനായി സ്വിറ്റ്‌സര്‍ലാന്‍ഡ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹോല്‍സിമുമായി അദാനി ഗ്രൂപ്പ് ചര്‍ച്ചയാരംഭിച്ചു. ഇന്ത്യയിലെ പ്രമുഖ സിമന്റ് കമ്പനികളായ എസിസി, അംബുജ സിമന്റ് എന്നിവയില്‍ ഹോല്‍സിമിന് ഓഹരി പങ്കാളിത്തമുണ്ട്. ഈ ഓഹരികള്‍ വാങ്ങാനാണ് അദാനി ഗ്രൂപ്പ് നീക്കം നടത്തുന്നത്.

എസിസിക്കും അംബുജ സിമന്റിനും കൂടി ഇന്ത്യയില്‍ 20 നിര്‍മ്മാണശാലകളുണ്ട്. ഇരു കമ്പനികളും പ്രതിവര്‍ഷം 64 ടണ്‍ സിമന്റ് ഉല്‍പാദിപ്പിക്കുന്നുണ്ട്. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ അള്‍ട്രാടെകാണ് 117 മില്യണ്‍ ടണ്ണോടെ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത്. അംബുജക്കും എസിസിക്കും കൂടി 1.20 ലക്ഷം കോടി വിപണി മൂലധനമുണ്ട്. അതേസമയം, ഹോല്‍സിമുമായുള്ള ഇടപാടിന് അള്‍ട്രാടെകും താല്‍പര്യം പ്രകടിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. എന്നാല്‍ വാര്‍ത്ത ആദിത്യബിര്‍ള വക്താവ് നിഷേധിച്ചു.

അംബുജ സിമന്റില്‍ ഹോല്‍സിമിന് 63 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. എസിസിക്ക് 55 ശതമാനം ഓഹരി പങ്കാളിത്തവുമുണ്ട്. ഇത് വാങ്ങാനാണ് അദാനി ഗ്രൂപ്പിന്റെ നീക്കം. 17 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഹോല്‍സിം ഇന്ത്യയിലേക്ക് ചുവടുവെച്ചത്. എന്നാല്‍, കോവിഡിന് ശേഷം പല രാജ്യങ്ങളിലേയും ബിസിനസ് വില്‍ക്കാനുള്ള ശ്രമത്തിലാണ് ഹോല്‍സിം. സാംബിയ, മലാവി, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലെ ബിസിനസ് അവര്‍ ഒഴിവാക്കിയിരുന്നു.

Back to top button
error: