കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരേ ബാര്‍ കൗണ്‍സിലില്‍ കൂടുതല്‍ തെളിവുകള്‍ നല്കി ആക്രമിക്കപ്പെട്ട നടി. കേസ് അട്ടിമറിക്കാന്‍ അഭിഭാഷകര്‍ ഇടപെട്ടതുമായി ബന്ധപ്പെട്ട ശബ്ദരേഖകളാണ് നടി ബാര്‍ കൗണ്‍സിലിന് കൈമാറിയത്. ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരേ പുറത്തുവന്ന ശബ്ദരേഖകളാണ് ഇപ്പോള്‍ നടി ബാര്‍ കൗണ്‍സിലിനുമുന്നില്‍ ഹാജരാക്കിയിരിക്കുന്നത്.
അഭിഭാഷകരായ ബി. രാമന്‍പിള്ള, ഫിലിപ് ടി. വര്‍ഗീസ്, സുജേഷ് മേനോന് എന്നിവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടുകൊണ്ട് നടി ബാര്‍ കൗണ്‍സിലിന് പരാതി നല്‍കിയിരുന്നു. അഭിഭാഷകര്‍ സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും ശ്രമിച്ചു എന്ന ആരോപണവും ഈ പരാതിയില്‍ ഉന്നയിച്ചിരുന്നു. ഇതിന് ഉപോല്‍ബലകമായ തെളിവുകളാണ് ഇപ്പോള്‍ ബാര്‍ കൗണ്‍സിലിനു മുമ്പാകെ ഹാജരാക്കിയിരിക്കുന്നത്.
നേരത്തെ ഹൈക്കോടതിയില്‍ അടക്കം പ്രോസിക്യൂഷന് ഹാജരാക്കിയ ശബ്ദരേഖകളുടെ പകര്‍പ്പാണ് നടി ബാര്‍കൗണ്‍സിലിന് കൈമാറിയിരിക്കുന്നത്. നേരത്തെ നടി നല്കിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അഭിഭാഷകരോട് ബാര്‍ കൗണ്‍സില്‍ വിശദീകരണം തേടിയിരുന്നു. 14 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഇതിനിടയിലാണ് നടി പുതിയ തെളിവുകള്‍ ബാര്‍ കൗണ്‍സിലിനു മുമ്പാകെ ഹാജരാക്കിയിരിക്കുന്നത്.
പുതിയ തെളിവുകളിലും ബാര്‍ കൗണ്‍സില്‍ അഭിഭാഷകരോട് വിശദീകരണം ആവശ്യപ്പെടും. അഭിഭാഷകരുടെ വിശദീകരണം ലഭിച്ച ശേഷം ബാര്‍ കൗണ്‍സിലിന്റെ മുഴുവന്‍ അംഗങ്ങളും ഉള്‍പ്പെട്ട യോഗം ഇത് വിശദമായി ചര്‍ച്ചചെയ്യും. അഭിഭാഷകരുടെ ഭാഗത്തുനിന്ന് ഏതെങ്കിലും വിധത്തിലുള്ള ചട്ടലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. പ്രഥമദൃഷ്ട്യാ അത്തരത്തലെന്തെങ്കിലും കണ്ടെത്തിയാല്‍ ബാര്‍ കൗണ്‍സിലിന്റെ അച്ചടക്ക സമിതിക്ക് അത് കൈമാറും.