NEWSWorld

66 പേർ കൊല്ലപ്പെട്ട വിമാനാപകടത്തിന് കാരണം പൈലറ്റ് സി​ഗരറ്റ് കത്തിച്ചത് -റിപ്പോർട്ട് പുറത്ത്

കെയ്റോ:  2016ലെ ഈജിപ്ത് വിമാനദുരന്തത്തിന് കാരണം പൈലറ്റ് കോക്പിറ്റിലിരുന്ന് സി​ഗരറ്റ് വലിച്ചതെന്ന് റിപ്പോർട്ട്. ഫ്രഞ്ച് വ്യോമയാന വിദഗ്ധരുടെ റിപ്പോർട്ടിലാണ് പൈലറ്റ് കത്തിച്ച സിഗരറ്റിൽ നിന്നാണ് കോക്പിറ്റിൽ തീപടർന്നതെന്ന് പറയുന്നത്. വിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന 66 പേരും മരിച്ചിരുന്നു.

എംഎസ് 804 എന്ന വിമാനത്തിന്റെ പൈലറ്റ് കോക്ക്പിറ്റിൽ ഒരു സിഗരറ്റ് കത്തിച്ചതിനെ തുടർന്ന് എമർജൻസി മാസ്കിൽ നിന്ന് ചോർന്ന ഓക്സിജൻ തീപടരാൻ കാരണമായെന്ന് 134 പേജുള്ള റിപ്പോർട്ടിൽ പറയുന്നു. ഈജിപ്ഷ്യൻ പൈലറ്റുമാർ പതിവായി കോക്പിറ്റിൽ പുകവലിക്കുന്നുണ്ടെന്നും പുകവലി 2016 വരെ നിരോധിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.  റിപ്പോർട്ട് പാരീസിലെ അപ്പീൽ കോടതിയിലേക്ക് അയച്ചു. 2016 മേയിലാണ് എയർബസ് എ 320 പാരീസിൽ നിന്ന് കെയ്‌റോയിലേക്കുള്ള യാത്രാമധ്യേ ദുരൂഹ സാഹചര്യത്തിൽ ക്രീറ്റ് ദ്വീപിന് സമീപം കിഴക്കൻ മെഡിറ്ററേനിയൻ കടലിൽ തകർന്നുവീണത്.

Signature-ad

വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. 40 ഈജിപ്തുകാർ, 15 ഫ്രഞ്ച് പൗരന്മാർ, രണ്ട് ഇറാഖികൾ, രണ്ട് കാനഡക്കാർ, അൾജീരിയ, ബെൽജിയം, ബ്രിട്ടൻ, ചാഡ്, പോർച്ചുഗൽ, സൗദി അറേബ്യ, സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ യാത്രക്കാരനുമാണ് മരിച്ചത്. ഗ്രീക്ക് ദ്വീപായ കാർപത്തോസിൽ നിന്ന് 130 നോട്ടിക്കൽ മൈൽ അകലെ 37,000 അടി ഉയരത്തിലായിരുന്നു വിമാനം. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഗ്രീസിന് സമീപം സമുദ്രത്തിൽ നിന്നാണ് കണ്ടെത്തിയത്.  ഭീകരാക്രമണത്തെ തുടർന്നാണ് വിമാനം തകർന്നതെന്നായിരുന്നു ഈജിപ്റ്റ് അധികൃതർ പറഞ്ഞത്.

Back to top button
error: