NEWS

വടക്കുംനാഥ ക്ഷേത്രത്തില്‍ വിഷുക്കൈനീട്ടം: സുരേഷ് ഗോപിയുടെ നടപടി വിവാദത്തിൽ

തൃശൂര്‍: തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ വിഷു കൈനീട്ടം നല്‍കാനായി നടന്‍ സുരേഷ് ഗോപി മേല്‍ശാന്തിയെ പണം ഏല്‍പിച്ചത് വിവാദത്തില്‍.ഇതേത്തുടർന്ന് ദര്‍ശനത്തിനെത്തുന്നവര്‍ക്ക് നല്‍കാന്‍ ശാന്തിക്കാര്‍ വ്യക്തികളില്‍ നിന്ന് പണം സ്വീകരിക്കരുതെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കി.

 

തൃശൂര്‍ ജില്ലയുടെ വിവിധ ഇടങ്ങളില്‍ കഴിഞ്ഞ ഒരാഴ്ച മുതല്‍ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ബി.ജെ.പി വിഷു കൈനീട്ടം പരിപാടി സംഘടിപ്പിച്ചിരുന്നു.കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ വടക്കുംനാഥ ക്ഷേത്രത്തില്‍ മേല്‍ശാന്തിക്ക് പണം നല്‍കിയതാണ് വിവാദത്തിലായത്.വിഷു ദിനത്തില്‍ ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് നല്‍കാന്‍ ഒരു രൂപയുടെ 1000 നാണയ തുട്ടുകളാണ് സുരേഷ് ഗോപി മേൽശാന്തിക്ക് നല്‍കിയത്.

വിഷു കൈനീട്ടത്തിന് രാഷ്ട്രീയ മാനം കൈവന്നതോടെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ശാന്തിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു.സുരേഷ് ഗോപിയുടെ പേരെടുത്ത് പറയാതെയാണ് ഉത്തരവിറക്കിയതെങ്കിലും, ചില വ്യക്തികള്‍ വിഷു കൈനീട്ടത്തിന്‍റെ പേരില്‍ ക്ഷേത്രത്തെ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതിനാലാണ് നടപടിയെന്നും ദേവസ്വം കമ്മീഷണര്‍ വ്യക്തമാക്കുന്നു.
  നിലവിൽ രാജ്യസഭാ എംപിയായ സുരേഷ് ഗോപിയുടെ കാലാവധി വരുന്ന ജൂണോടെ അവസാനിക്കും.ശേഷം തൃശ്ശൂരിൽ നിന്നും ലോക്സഭയിലേക്ക് മത്സരിക്കാൻ സുരേഷ് ഗോപി താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.ബിജെപിയുടെ മൗനാനുവാദത്തോടെയായിരുന്നു ഇത്.ഇതിന്റെ മുന്നോടിയാണ് തൃശൂർ കേന്ദ്രീകരിച്ചുള്ള സുരേഷ് ഗോപിയുടെ ഈ വിഷുക്കൈനീട്ടത്തിന് പിന്നിലെന്നാണ് ആരോപണം.

Back to top button
error: