കേരള രാഷ്ട്രീയത്തിലെ ഏറ്റവും കറുത്ത ഏടുകളിലൊന്നായ 1986ലെ ‘തങ്കമണി വെടിവെപ്പ്’ അഥവാ ‘തങ്കമണി കൂട്ടബലാത്സംഗം’ എന്താണ്?
എണ്‍പതുകളില്‍ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമത്തില്‍ ഒരു ബസ്‌റൂട്ടിന്റെ പേരിലുണ്ടായ തര്‍ക്കം പിന്നീട് കേരളത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ‘തങ്കമണി’ സംഭവമായി മാറുകയും തുടര്‍ന്ന് വലിയ രാഷ്ട്രീയ അട്ടിമറികള്‍ വരെ സംഭവിക്കുകയും ചെയ്തു.
കേരളത്തിലെ പൊലീസ് ക്രൂരതകളുടെ ഏറ്റവും വലിയ ഉദാഹരണമായി ഇപ്പോഴും തങ്കമണി സംഭവത്തെ പലരും ചൂണ്ടിക്കാണിക്കാറുണ്ട്. നിരവധി നാടകങ്ങളും , സാഹിത്യ സൃഷ്ടികളും , കവിതകളുമെല്ലാം തങ്കമണി സംഭവത്തെക്കുറിച്ച് രചിക്കപ്പെട്ടിരുന്നു.
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കാമാക്ഷി പഞ്ചായത്തിലെ തങ്കമണി എന്ന ഗ്രാമത്തില്‍ ഒരു ബസ്സിന്റെ റൂട്ട് സര്‍വീസുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളും , ബസ് ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് സംഭവങ്ങളുടെ തുടക്കം.1986 കാലഘട്ടത്തില്‍ കട്ടപ്പന തങ്കമണി റൂട്ടില്‍ പാറമടയില്‍ നിന്നും തങ്കമണി വരെയുള്ള റോഡ് ഗതാഗതയോഗ്യമല്ലായിരുന്നു.അതിനാ ല്‍ കട്ടപ്പനയില്‍ നിന്നും തങ്കമണിയിലേക്ക് സര്‍വീസ് നടത്തുന്ന മിക്ക ബസുകളും പാറമട കഴിയുമ്പോള്‍ ആളുകളെ അവിടെ ഇറക്കി വിടുകയായിരുന്നു പതിവ്. എന്നാല്‍ തങ്കമണി വരെയുള്ള പണം നാട്ടുകാരില്‍ നിന്ന് ഈടാക്കുകയും ചെയ്തിരുന്നു. ഇതിനോട് നാട്ടുകാര്‍ക്കിടയില്‍ വലിയ എതിര്‍പ്പുകളുണ്ടായിരുന്നു. പ്രത്യേകിച്ചും സ്ഥിരമായി ബസ്സില്‍ യാത്ര ചെയ്യുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക്.
ഒരിക്കല്‍ പതിവുപോലെ തങ്കമണി റൂട്ടില്‍ ഓടിക്കൊണ്ടിരുന്ന ‘എലൈറ്റ്’ എന്ന സ്വകാര്യ ബസിലെ ജീവനക്കാര്‍ യാത്രക്കാരെ പാറമടയില്‍ ഇറക്കിവിട്ടപ്പോള്‍ ഒരു കോളേജ് വിദ്യാര്‍ത്ഥി അത് ചോദ്യം ചെയ്യുകയും ബസ് തങ്കമണിവരെ പോകണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് വാക്കുതര്‍ക്കമായി. ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചു. ബസ്സില്‍ നിന്നും പുറത്താക്കി.
വിവരമറിഞ്ഞ പ്രദേശവാസികള്‍ തൊട്ടടുത്ത ദിവസം ബസ് വന്നപ്പോള്‍ തടയുകയും , ബലം പ്രയോഗിച്ച് തങ്കമണിയിലേക്ക് കൊണ്ടു വരികയും ചെയ്തു. വിദ്യാര്‍ത്ഥിയെ അക്രമിച്ച ബസ് ജീവനക്കാര്‍ മാപ്പ് പറയാതെ ബസ് തിരികെ കൊണ്ടുപോകാന്‍ സാധിക്കില്ല എന്നറിയിച്ച് നാട്ടുകാര്‍ തങ്കമണിയില്‍ സംഘടിക്കുകയും ചെയ്തു.
എന്നാല്‍ സംഭവത്തില്‍ പ്രകോപിതനായ ബസ് ഉടമയായ ദേവസ്യ കട്ടപ്പനയില്‍ നിന്ന് പൊലീസുമായെത്തി ബസ് ബലം പ്രയോഗിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇത് പൊലീസും , നാട്ടുകാരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണമായി. പൊലീസ് പ്രദേശവാസികള്‍ക്ക് നേരെ ലാത്തിവീശി. ജനങ്ങള്‍ തിരിച്ച് പൊലീസിന് നേരെ കല്ലെറിഞ്ഞു. ഇത് പോലീസുകാരെ കൂടുതല്‍ പ്രകോപിതരാക്കി.
പഞ്ചായത്ത് പ്രസിഡണ്ട് മാത്യു മത്തായി തേക്കമലയും , ഫാ. ജോസ് കോട്ടൂരും അന്ന് പീരുമേട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ഐ.സി. തമ്പാനുമായി ചര്‍ച്ച നടത്തി പ്രശ്‌നം രമ്യതയില്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടെ
ങ്കിലും തമ്പാന്‍ അത് അനുസരിച്ചില്ല.തമ്പാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിറ്റേ ദിവസം സര്‍വ സന്നാഹങ്ങളുമായി തങ്കമണിയിലെത്തുകയും യാതൊരു മുന്നറിയിപ്പുമില്ലാതെ ജനങ്ങള്‍ക്ക് നേരെ നിഷ്ഠൂരമായി വെടിവയ്ക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു. വെടിവെപ്പില്‍ കോഴിമല അവറാച്ചന്‍ എന്നയാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയും , ഉടുമ്പയ്ക്കല്‍ മാത്യു എന്നയാള്‍ക്ക് ഇരു കാലുകളും നഷ്ടപ്പെടുകയും ചെയ്തു.
തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരാകുകയും , പലയിടങ്ങളിലായി ആളുകള്‍ സംഘടിക്കുകയും ചെയ്തു. അതോടെ ജില്ലയിലെ വിവിധ സ്‌റ്റേഷനുകളില്‍ നിന്നായി നിരവധി വാഹനങ്ങളില്‍ നൂറുകണക്കിന് പൊലീസുകാര്‍ വൈകിട്ടോടെ വീണ്ടും തങ്കമണിയില്‍ വന്നിറങ്ങി. സര്‍വ സന്നാഹങ്ങളുമായെത്തിയ പൊലീസുകാര്‍ കണ്ണില്‍ കണ്ടവരെയെല്ലാം ക്രൂരമായി മര്‍ദിക്കുകയും , അറസ്റ്റ് ചെയ്ത് കട്ടപ്പനയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പൊലീസുകാര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് വിവിധ പ്രദേശങ്ങളിലെ വീടുകളില്‍ കയറി, വാതിലുകള്‍ ചവിട്ടിത്തുറന്നു.
പൊലീസിന്റെ തേര്‍വാഴ്ചയില്‍ ഭയന്ന പ്രദേശത്തെ പുരുഷന്മാര്‍ കൃഷിയിടങ്ങളിലും മറ്റും ഒളിച്ചു രക്ഷപെട്ടു. ഈ സമയത്ത് വീടുകളില്‍ സ്ത്രീകളും , കുട്ടികളും തനിച്ചായപ്പോള്‍ പൊലീസുകാര്‍ സ്ത്രീകളെ കൂട്ടബലാല്‍സംഘത്തിനിരകളാക്കി എന്നതായിരുന്നു പിന്നീട് പുറത്തു വന്ന വാര്‍ത്തകള്‍. പൊലീസ് കസ്റ്റഡിയിലെടുത്ത് കട്ടപ്പനയിലേക്ക് കൊണ്ടുപോയ പുരുഷന്‍മാരും അതിക്രൂരമായ മൂന്നാംമുറയടക്കമുള്ള മര്‍ദനങ്ങള്‍ക്കിരയായിരുന്നു. ‘തങ്കമണി വെടിവെപ്പ്’ എന്നും ‘തങ്കമണി കൂട്ടബലാത്സംഗം’ എന്നുമാണ് സംഭവം പിന്നീട് അറിയപ്പെട്ടത്.
എലൈറ്റ് ബസിന്റെ ഉടമയായിരുന്ന ദേവസ്യ (എലൈറ്റ് ദേവസ്യ) പിന്നീട് കുമളി ഗസ്റ്റ് ഹൗസ് ഉദ്യോഗസ്ഥനാകുകയും, സൂര്യനെല്ലി സ്ത്രീപീഡനക്കേസിൽ മുഖ്യപ്രതി കളിലൊന്നാവുകയും ചെയ്തിരുന്നു.
കേരള രാഷ്‌ട്രീയത്തെ പിടിച്ചുലക്കിയ തങ്കമണി സംഭവം കേരളാപോലീസിന്റേയും , കരുണാകരൻ മന്ത്രിസഭയുടേയും പ്രതിച്ഛായ തകർത്ത ഒന്നു കൂടിയായിരുന്നു.
വാൽ കഷ്ണം
ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് തങ്കമണി. കാമാക്ഷി ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത്.ചെറുതോണി (ഇടുക്കി)യിൽ നിന്ന് ഏകദേശം 13 കിലോമീറ്റർ ദൂരവും, കട്ടപ്പനയിൽ നിന്ന് ഏകദേശം 18 കിലോമീറ്റർ ദൂരവും ആണ് ഇവിടെയ്ക്ക് . വളരെക്കാലം മുൻപ് ഈ മേഖലയിൽ അധിവസിച്ചിരുന്ന ആദിവാസി മൂപ്പനു മൂന്നു പെണ്മക്കൾ ആയിരുന്നു ഉണ്ടായിരുന്നത്. അതിൽ തങ്കമണി എന്ന മകൾക്ക് സ്ത്രീധനം ആയി നല്കിയ സ്ഥലമാണ് തങ്കമണി. ഇതാണ് തങ്കമണി എന്ന പേര് ഈ സ്ഥലത്തിനു കിട്ടുവാൻ കാരണമായി പറയുന്നത് . ഈ ആദിവാസി മൂപ്പന്റെ മറ്റുമക്കളായ കാമാക്ഷി, നീലി എന്നിവർക്ക് നല്കിയ സ്ഥലങ്ങളാണ് കാമാഷി, നീലിവയൽ എന്ന പേരിൽ അറിയപ്പെടുന്ന മറ്റു സമീപപ്രദേശങ്ങൾ.