പായിപ്ര പഞ്ചായത്ത് പായിപ്ര എസ്.സി കോളനിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. വലിയപറമ്ബില്‍ അജേഷിന്‍റെയും മഞ്ജുവിന്‍റെയും മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള നാലുകുട്ടികളെയാണ് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ജപ്തി നടപടിയുടെ ഭാഗമായി വൈകീട്ടോടെ ഇറക്കിവിട്ടത്.
അയല്‍വാസികള്‍, മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചെത്തിയ ശേഷമേ കുട്ടികളെ ഇറക്കിവിടാവൂ എന്ന് ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ പിന്മാറിയില്ല. ഇതോടെ വിവരമറിഞ്ഞെത്തിയ എം.എല്‍.എ, പായിപ്ര പഞ്ചായത്ത് പ്രസിഡന്‍റ് മാത്യൂസ് വര്‍ക്കി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളെ തിരികെ പ്രവേശിപ്പിക്കുകയായിരുന്നു.
ഒന്നര ലക്ഷം രൂപയോളം ബാങ്കില്‍ വായ്പ കുടിശ്ശികയായതിന്‍റെ പേരിലാണ് നടപടി. അജേഷ് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.പഞ്ചായത്ത് നല്‍കിയ മൂന്ന് സെന്‍റ് സ്ഥലത്ത് നിര്‍മിച്ച വീടിനെതിരെയാണ് ജപ്തി നടപടി ഉണ്ടായത്.