സിവിൽ സർവീസ് പാസായ ശാരീരിക പരിമിതിയുള്ളവർക്കും ഐപിഎസിന് അപേക്ഷിക്കാമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല വിധി. ഇതനുസരിച്ച് ഐപിഎസിനു പുറമേ ഇന്ത്യൻ റെയിൽവേയ്സ് പ്രൊട്ടക്ഷൻ ഫോഴ്സ് സർവീസ്, ഡൽഹി ഡാമൻ ഡിയു, ദാദ്ര നഗർ ഹവേലി, ആൻഡമാൻ ആൻഡ് നിക്കോബാർ ഐലൻഡ്സ്, ലക്ഷദ്വീപ് പോലീസ് സർവീസ് എന്നിവയിലേക്കും ഈ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.
നാഷണൽ പ്ലാറ്റ്ഫോം ഫോർ ദ റൈറ്റ്സ് ഓഫ് ദ ഡിസേബിൾഡ് എന്ന സംഘടനയുടെ ഹർജിയിൽ ജസ്റ്റീസുമാരായ എ.എം. ഖാൻവിൽക്കർ, അഭയ് ഓക്ക എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഇടക്കാല വിധി പ്രസ്താവിച്ചത്. സുപ്രീംകോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തിലായിരിക്കും ഇവരുടെ നിയമനം ഉൾപ്പെടെയുള്ള മറ്റു നടപടികൾ ഉണ്ടാകുക.
സിവിൽ സർവീസ് പരീക്ഷ പാസായവർക്ക് ഏത് സർവീസ് തെരഞ്ഞെടുക്കാനാണ് താത്പര്യം എന്നു വ്യക്തമാക്കി അപേക്ഷ നൽകേണ്ട അവസാന തീയതി വ്യാഴാഴ്ച കഴിഞ്ഞിരുന്നു. എന്നാൽ, അംഗപരിമിതി ഉള്ളവർക്ക് ഏപ്രിൽ ഒന്നു വരെ സുപ്രീംകോടതി സമയം നീട്ടി നൽകി. യുപിഎസ്സി സെക്രട്ടറി ജനറലിന് നേരിട്ടോ കൊറിയർ വഴിയോ ആണ് അപേക്ഷ നൽകേണ്ടത്.
കഴിഞ്ഞ തവണ കേസിൽ വാദം കേട്ടപ്പോൾ സുപ്രീംകോടതി ബെഞ്ച് വിഷയത്തിൽ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന്റെ സഹായം തേടിയിരുന്നു. സർക്കാർ വിഷയത്തിൽ മറുപടി നൽകുമെന്നാണ് അദ്ദേഹം ഇന്നലെ വ്യക്തമാക്കിയത്. സർക്കാരിനു മറുപടി നൽകാൻ രണ്ടാഴ്ച സമയം വേണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ആവശ്യപ്പെട്ടു.
എന്നാൽ, സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടാൽ അംഗപരിമിതർക്ക് ഏത് സർവീസ് വേണമെന്ന് അപേക്ഷിക്കാൻ സാധിക്കുമെന്ന് പരാതിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്താർ അറിയിച്ചു. തുടർന്ന് കോടതി അറ്റോർണി ജനറലിന്റെ അഭിപ്രായം തേടി.
അംഗപരിമിതർക്ക് പ്രത്യേകമായി അപേക്ഷ നൽകാമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യം ന്യായമാണെന്നു കോടതിയും ശരിവച്ചു.