പാലക്കാട്:മകളുടെ വിവാഹനിശ്ചയത്തിന്റെ തലേന്ന് വീട്ടില്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിൽ അച്ഛന്‍ ഷോക്കേറ്റുമരിച്ചു.എഴക്കാട് വടക്കേക്കരവീട്ടില്‍ പരേതരായ മലയന്റെയും കാളിയുടെയും മകന്‍ കാശു (52) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം.വ്യാഴാഴ്ച വീട്ടില്‍ നടക്കേണ്ട മകളുടെ വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടം.
സംഭവസമയത്ത് പ്രദേശത്ത് കനത്ത വേനല്‍മഴയും മിന്നലോടുകൂടിയ ഇടിയും ഉണ്ടായിരുന്നതിനാല്‍ വൈദ്യുതിവിതരണം തടസ്സപ്പെട്ടിരുന്നു.വീടിന് പുറത്തേക്ക് ലൈറ്റ് സ്ഥാപിക്കാനായി വയര്‍ കെട്ടുന്നതിനിടെ പെട്ടെന്ന് വൈദ്യുതി പ്രവാഹമുണ്ടായി കാശുവിന് ഷോക്കേല്‍ക്കുകയായിരുന്നു .ഉടൻ കോങ്ങാട് ഉള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.