ഔഷധ സസ്യമെന്നതിലുപരി സുസ്ഥിര പച്ചക്കറിയായും മധുരഫലമായും ഉപയോഗിച്ചുവരുന്നതും തലമുറകളോളം നിലനിന്ന് വിളവ് തരുന്നൊരു അപൂർവ്വ സസ്യവുമാണ് ആകാശവെള്ളരി.ജീവിതശൈലീ രോഗങ്ങളെ ചെറുക്കാനുത്തമമായ ഈ സസ്യം അനായാസം വീടുകളിൽ വളർത്തി വിളവെടുക്കാവുന്നതാണ്.
ആകാശവെള്ളരി (Giant Granadilla) യെന്ന അപൂർവ്വ വിളയെ പരിചയപ്പെടാം. നമുക്കെല്ലാം സുപരിചിതമായ പാഷൻ ഫ്രൂട്ടിന്റെ കുടുംബക്കാരനാണ് ഔഷധഗുണത്തിലും അഗ്രഗണ്യനായ ഈ വള്ളിവർഗ്ഗ വിള. പണ്ടുകാലം മുതലേ കേരളത്തിലെ വൈദ്യ കുടുംബങ്ങളിൽ ആഞ്ഞിലി മരങ്ങളിൽ പടർത്തി വളർത്തിയിരുന്നൊരു ഔഷധസസ്യം കൂടിയാണിത്.
പ്രോട്ടീൻ, നാരുകൾ, ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ് എന്നീ പോക്ഷകങ്ങളാൽ സമ്പുഷ്ടമായ ആകാശ വെള്ളരി പ്രമേഹം, രക്തസമ്മർദ്ദം, ആസ്ത്മ, ഉദരരോഗങ്ങൾ തുടങ്ങിയ ജീവിത ശൈലീരോഗങ്ങക്കെതിരെ പ്രയോഗിക്കാവുന്ന ഉത്തമ ഔഷധം തന്നെയാണ്. 200 വർഷം വരെ ആയുസ്സുള്ളയീ അപൂർവ്വ വിള മനോഹരമായ പൂക്കളും കായ്കളുമായി നിൽക്കുന്നത് അടുക്കളത്തോട്ടത്തിനൊരു അലങ്കാരം മാത്രമല്ല നല്ലൊരു മുതൽക്കൂട്ടുമായിരിക്കും.
കൃഷി രീതി
വിത്തുപയോഗിച്ചും തണ്ടുകൾ മുറിച്ചു നട്ടുമാണ് വംശവർദ്ധനവ് നടത്തുന്നത്. രണ്ടടി വീതം നീളം, വീതി, ആഴം എന്ന അളവിലെടുത്ത കുഴികളിൽ മേൽമണ്ണ്, ഉണക്ക ചാണകപ്പൊടി, കമ്പോസ്റ്റ്, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്തിളക്കി തൈകൾ നടാം. മഴയില്ലാത്തപ്പോൾ ദിവസ്സവും നന്നായി നനച്ചു കൊടുക്കണം. ആകാശ വെള്ളരി തൈകൾ വള്ളിവീശിവരുമ്പോൾ തന്നെ പടർന്നു കയറാനുള്ള സൗകര്യം ചെയ്തു കൊടുക്കണം. മരങ്ങളിലും പടർത്താമെങ്കിലും കായ്കൾ പറിച്ചെടുക്കാൻ പന്തലിൽ പടർത്തുന്നതാണ് നല്ലത്. ഖരദ്രവ രൂപങ്ങളിലുള്ള ജൈവവളങ്ങളും വളർച്ചാ ത്വരകങ്ങളും മാറിമാറി പ്രയോഗിക്കാം. തണ്ടുകൾ നട്ടുപിടിപ്പിച്ച തൈകൾ ഒരു വർഷം കൊണ്ടു പൂവിട്ട് കായ്കൾ പിടിക്കാൻ തുടങ്ങും. എല്ലാകാലങ്ങളിലും പൂവിട്ടു കായ്കൾ പിടിക്കുമെങ്കിലും വേനൽക്കാലത്താണ് ഏറ്റവും കൂടുതൽ കായ്കളുണ്ടാകുന്നത്.
ഉപയോഗങ്ങൾ
രണ്ട് കിലോഗ്രാം വരെ തൂക്കം വയ്ക്കുന്ന ആകാശ വെള്ളരി കായ്കൾ ഇളം പ്രായത്തിൽ പച്ചക്കറിയായിട്ടും മൂന്നു മാസ്സത്തോളമെടുത്ത് വിളഞ്ഞു പഴുത്തുകഴിഞ്ഞാൽ പഴമായും ഉപയോഗിക്കാവുന്നതാണ്. പച്ച നിറത്തിലുള്ള കായ്കൾ വിളഞ്ഞു പഴുക്കുമ്പോൾ മഞ്ഞ നിറമായി മാറും. പഴുത്ത കായ്കൾ മുറിക്കുമ്പോൾ പുറത്ത് പപ്പായയിലേതു പോലെ കനത്തിൽ മാംസളമായ കാമ്പും അകത്ത് പാഷൻ ഫ്രൂട്ടിലേതു പോലെ പൾപ്പും വിത്തുകളുമുണ്ടാകും.
പൾപ്പിന് നല്ല മധുരവുമുണ്ടാകും വെള്ളരിയെന്നാണ് പേരെങ്കിലും പാഷൻ ഫ്രൂട്ടിന്റെ രുചിയിൽ മാധുര്യമേറുന്ന ഈ പഴങ്ങൾ കൂടുതലും ജ്യൂസ്സായിട്ടാണ് ഉപയോഗിക്കപ്പെടുന്നത്. ജെല്ലി, ജാം, ഫ്രൂട്ട് സലാഡ്, ഐസ് ക്രീം എന്നിവയുണ്ടാക്കാനും നല്ലതാണ് ഈ പഴങ്ങൾ.
ഔഷധഗുണമുള്ള ആകാശ വെള്ളരിയുടെ ഇലകൾ കൊണ്ടുണ്ടാക്കുന്ന ഔഷധച്ചായ ദിവസ്സവും കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും പ്രമേഹം, രക്ത സമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിച്ചു നിർത്താനും സഹായിക്കുന്നു. പച്ചയോ ഉണക്കിയെടുത്തതോ ആയ രണ്ട് ആകാശവെള്ളരിയിലകൾ ഒരു ഗ്ലാസ്സ് വെള്ളത്തിത്തിലിട്ട് തിളപ്പിച്ചെടുത്താൽ ഒരാൾക്ക് ഒരു നേരം കുടിക്കാനുള്ള ഔഷധച്ചായ റെഡി.