NEWSWorld

ഭഗവന്ത്മാൻ എന്ന സൂപ്പർമാൻ, പഞ്ചാബിലെ ആംആദ്മി പാര്‍ട്ടിയുടെ വിജയശില്‍പ്പി

ഹാസ്യനടനിൽ നിന്ന് രാഷ്‌ട്രീയ പ്രവേശനം. അവിടെ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചുവടുവച്ച ഭഗവന്ത്മാൻ രാഷ്‌ട്രീയത്തിൽ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. പഞ്ചാബിൽ ആംആദ്മി സർക്കാർ അധികാരത്തിലെത്തുമെന്ന് ഉറപ്പായോടെ ഗ്രാഫ് ഉയരുന്നത് ഭഗവന്ത്മാന്റെയാണ്. പഞ്ചാബിൽ കോൺഗ്രസിനെ തറപറ്റിച്ചാണ് എ.എ.പി അധികാരത്തിലെത്തുന്നത്. ഭഗവന്ത്മാനെ മുന്നിൽ നിർത്തി നടത്തിയ പോരാട്ടം അന്തിമവിജയം നേടിയതോടെ എ.എ.പിയുടെ സൂപ്പർമാൻ ആയിരിക്കുകയാണ് ഭഗവന്ത്മാൻ.

നിയമസഭാ തിരഞ്ഞെടുപ്പിൽ സംഗ്രൂരിലെ ധുരി മണ്ഡലത്തിൽ നിന്നാണ് ഭഗവന്ത്മാൻ ജയിച്ചത്.
പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ അദ്ദേഹത്തെ എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.
ജുഗ്‌നു എന്നപേരിൽ ഹാസ്യതാരമായി അറിയപ്പെടുന്ന ഭഗവന്ത്മാൻ പഞ്ചാബി കോമഡി ഷോ ജുഗ്‌നു കെഹന്ദ ഹേ, ജുഗ്‌നു ഹാസിർ ഹേ എന്നിവയിലൂടെ ജനപ്രിയതാരമായി. ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച് എന്ന ടെലിവിഷൻ കോമഡി ഷോയിലും അദ്ദേഹം പങ്കെടുത്തു. രാഷ്‌ട്രീയ ആക്ഷേപഹാസ്യങ്ങൾ നിറഞ്ഞ അദ്ദേഹത്തിന്റെ കുൽഫി ഗർമ്മ ഗരം പോലുള്ള ഓഡിയോ കാസറ്റുകൾ അനുവാചകരെ രസിപ്പിച്ചു.

2014ൽ കെജ്രിവാളിന്റെ സംഘടനയിൽ ചേർന്ന പഞ്ചാബിലെ ആദ്യത്തെ പ്രമുഖരിൽ ഒരാളായിരുന്നു ഭഗവന്ത് മാൻ. എ.എ.പിയുടെ എംപിയായി രണ്ട് തവണ സംഗ്രൂരില്‍ നിന്ന് വിജയത്തേരിലേറിയ അദ്ദേഹം വിവാദങ്ങളുടെ തോഴനായിരുന്നു. വളരെ മികച്ച പ്രഭാഷകനും ടെലിവിഷന്‍ താരവുമായ ഭഗവന്തിന് പാര്‍ട്ടിയെ ഭരണത്തിലെത്തിക്കാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നു എഎപിയ്ക്ക്.
അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ജീവിതം മിക്കപ്പോഴും വിവാദങ്ങളിൽ മുങ്ങി. 2016-ൽ അദ്ദേഹം സോഷ്യൽ മീഡിയയിൽ ചെയ്ത ലൈവ് സ്ട്രീം വിവാദമായി. രാഷ്‌ട്രീയ എതിരാളികൾ അദ്ദേഹത്തെ മദ്യപാനിയായി ചിത്രീകരിച്ചതോടെ പാർട്ടിക്ക് നാണക്കേട് വരാതിരിക്കാൻ മദ്യപാനം ഉപേക്ഷിക്കുന്നു

വെന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്തു.

ഭഗവന്തിന്റെ നേതൃത്വത്തിൽ എ.എ.പി 70 മുതൽ 90 വരെ സീറ്റുകൾ നേടുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിരുന്നു. മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സരിപ്പിച്ച കോൺഗ്രസും ശിരോമണി അകാലിദൾ-ബഹുജൻ സമാജ് പാർട്ടി സഖ്യവും ബിജെപിയും പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടിയും ആം ആദ്മി പാർട്ടിയും എല്ലാം ചേർന്ന് കനത്തമത്സരമാണ് പഞ്ചാബിൽ നടത്തിയത്.
2017ലെ തിരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ ഫലങ്ങൾ ചതിച്ചതു കൊണ്ട് ഇത്തവണ എക്സിറ്റ് പോൾ പ്രവചനങ്ങളെ ആം ആദ്മി പാർട്ടി നിസംഗതയോടെ യാണ് വരവേറ്റത്. പക്ഷേ 90,100 സീറ്റുകൾ വരെ ആം ആദ്മിക്കു പ്രവചിച്ച എക്സിറ്റ് പോളുകൾ ഇത്തവണ അച്ചട്ടായി. വോട്ടെണ്ണിത്തീർന്നപ്പോള്‍ പഞ്ചാബിൽ എഎപിക്കു ലഭിച്ചത് 92 സീറ്റ്.

ചുരുക്കത്തിൽ പഞ്ചാബില്‍ എ.എ.പിയക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാൻ കഴിഞ്ഞു. അതേസമയം പഞ്ചാബില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു.

Back to top button
error: