റഷ്യന്‍ അധിനിവേശത്തെ അപലപിക്കാന്‍ തയാറായില്ല; 1-ാം നമ്പര്‍ ഓര്‍ക്കസ്ട്ര കണ്ടക്റ്റര്‍ക്ക് പണിയും പോയി പരിപാടിയും പോയി
വാര്‍ത്തകളറിയാന്‍ ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Whatsapp Group
മോസ്‌കോ: യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെ അപലപിക്കാന്‍ തയാറാകാത്തതു മൂലം പ്രശസ്ത ഓര്‍ക്കസ്ട്ര കണ്ടക്റ്റര്‍ക്കു ജോലിയും സംഗീത പരിപാടികളും നഷ്ടമായി. റഷ്യന്‍ കണ്ടക്ടര്‍ വലേറി ജെര്‍ജിയേവിനെ ജര്‍മനിയിലെ മ്യൂണിക്ക് ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയുടെ ചീഫ് കണ്ടക്ടര്‍ പദവിയില്‍ നിന്നാണ് ഒഴിവാക്കിയത്. ഇതോടൊപ്പം ഒട്ടേറെ ഓര്‍ക്കസ്ട്രകളും സംഗീത വേദികളും ജെര്‍ജിയേവുമായുള്ള സഹകരണം ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ ഉറ്റ സുഹൃത്തുകൂടിയാണ് ‘ലോകത്തെ ഏറ്റവും മികച്ച കണ്ടക്ടര്‍’ എന്നു ഖ്യാതിയുള്ള ജെര്‍ജിയേവ് (68). മ്യൂണിക് മേയര്‍ ഡീറ്റര്‍ റൈറ്ററാണ് സംഗീത ലോകത്തെ അത്ഭുതപ്പെടുത്തിയ പ്രഖ്യാപനം നടത്തിയത്.
പുട്ടിന്റെ കടുത്ത അനുയായിയായ ജെര്‍ജിയേവ്, യുക്രെയ്‌നിലെ റഷ്യന്‍ ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അധിനിവേശത്തെ അപലപിക്കാന്‍ ഫെബ്രുവരി 28 വരെയാണ് മ്യൂണിക് നഗരസഭ ജെര്‍ജിയേവിന് സമയം അനുവദിച്ചിരുന്നത്. അദ്ദേഹം ഗൗനിച്ചില്ല. തുടര്‍ന്ന് 2015 മുതല്‍ അദ്ദേഹം വഹിക്കുന്ന ചീഫ് കണ്ടക്ടര്‍ പദവിയില്‍നിന്നു നീക്കുകയായിരുന്നു. മ്യൂണിക് ഓര്‍ക്കസ്ട്രയ്ക്കു പുറമേ, റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാറിന്‍സ്‌കി തിയറ്റര്‍ ഓര്‍ക്കസ്ട്രയുടെ ചീഫ് ആന്‍ഡ് ആര്‍ടിസ്റ്റിക് ഡയറക്ടര്‍ കൂടിയാണ് ജെര്‍ജിയേവ്.
നെതര്‍ലന്‍ഡ്‌സിലെ റോട്ടര്‍ഡാം ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്ര അദ്ദേഹവുമായുള്ള കരാര്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. പാരിസിലെ ഫിലമോണിയെ കണ്‍സര്‍ട്ട് ഹാളില്‍ നടത്താനിരുന്ന സംഗീതപരിപാടിയും വിയന്ന ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയ്‌ക്കൊപ്പം ന്യൂയോര്‍ക്കിലെ കാര്‍നെഗി ഹാളില്‍ നടത്താനിരുന്ന സിംഫണി അവതരണവും റദ്ദാക്കിയവയില്‍ പെടുന്നു.
എഡിന്‍ബറോ സംഗീതോത്സവ സംഘാടകരും സ്വിറ്റ്‌സര്‍ലന്‍ഡിലെ വെര്‍ബിയെ സംഗീതോത്സവ സംഘാടകരും ജെര്‍ജിയേവുമായി സഹകരിക്കില്ല എന്ന് അറിയിച്ചു. ഇറ്റലിയിലെ മിലാനില്‍ തിയട്രോ അല്ലാ സ്‌കാലയിലെ ‘ദ് ക്വീന്‍ ഓഫ് സ്‌പേഡ്‌സ്’ എന്ന ചെയ്‌കോവ്‌സ്‌കി ഓപ്പറ അവതരണത്തിന്റെ ഡയറക്ടര്‍ പദവിയില്‍ നിന്നും ജെര്‍ജിയേവിനെ ഒഴിവാക്കുകയാണെന്നു സംഘാടകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ലോക ഓര്‍ക്കസ്ട്ര സംഗീത രംഗത്ത് പകരം വയ്ക്കാനാകാത്ത പ്രതിഭയായി നിലകൊള്ളുമ്പോഴും രാഷ്ട്രീയ കാരണങ്ങളാല്‍ വിവാദങ്ങളില്‍ ചെന്നു പെടുന്നതാണ് വലേറി ജെര്‍ജിയേവിന്റെ രീതി. മുന്‍പ് 2014 ല്‍ റഷ്യ നടത്തിയ ക്രൈമിയന്‍ ആക്രമണത്തെയും എല്‍ജിബിടിക്യു അവകാശപ്പോരാളികള്‍ക്ക് എതിരായി പുട്ടിന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളെയും പിന്തുണച്ച് വിവാദ നായകനായിട്ടുണ്ട്. പുട്ടിനും ജെര്‍ജിയേവും പരസ്പരം മക്കളുടെ തലതൊട്ടപ്പന്മാരാണെന്നു വരെയുള്ള അഭ്യൂഹങ്ങള്‍ സംഗീത ലോകത്തുണ്ട്.
റോട്ടര്‍ഡാം ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്ര, ലണ്ടന്‍ സിംഫണി ഓര്‍ക്കസ്ട്ര തുടങ്ങിയവയുടെയും പ്രിന്‍സിപ്പല്‍ കണ്ടക്ടറായി ദീര്‍ഘകാലം തിളങ്ങിനിന്ന ജെര്‍ജിയേവ് മ്യൂസിക് ഫെസ്റ്റിവലുകളുടെയും മത്സരങ്ങളുടെയും നടത്തിപ്പില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന ആളാണ്. ടോട്ടല്‍ പെര്‍ഫക്ഷനിസ്റ്റ് എന്നു സംഗീതലോകം വാഴ്ത്തുന്ന ജെര്‍ജിയേവിന് മറ്റൊരു ബഹുമതികൂടിയുണ്ട്. യൂറോപ്യന്‍ സംഗീത നിരൂപകരുടെ കൂട്ടായ്മ ലോകത്ത് ഇന്നേവരെയുള്ള 10 വിഖ്യാത കണ്ടക്ടര്‍മാരുടെ പട്ടിക തയാറാക്കിയപ്പോള്‍ അതില്‍ ഇടംപിടിച്ച, ജീവിച്ചിരിക്കുന്ന ഒരേയൊരാള്‍ ജെര്‍ജിയേവ് ആയിരുന്നു.
റഷ്യക്കു പുറമേ പോളണ്ട്, നെതര്‍ലന്‍ഡ്‌സ്, ഫിന്‍ലന്‍ഡ്, സ്‌പെയിന്‍, കസക്കിസ്ഥാന്‍, ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മനി, യുഗോസ്ലോവ്യ, യുക്രെയ്ന്‍, കിര്‍ഗിസ്താന്‍, ഇറ്റലി, അര്‍മീനിയ തുടങ്ങിയ രാജ്യങ്ങളുടെ ദേശീയ ബഹുമതികളും നേടിയ അനന്യ സംഗീത പ്രതിഭയാണ് ജെര്‍ജിയേവ്. അദ്ദേഹത്തിന്റെ സംഗീത കരിയറിന് മുന്‍പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത കടുത്ത പ്രതിസന്ധിയാണ് ഇപ്പോള്‍ രാഷ്ട്രീയമായ കാരണങ്ങളാല്‍ ഉണ്ടായിരിക്കുന്നത്.
ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
WHATSAPP