കീവ്: യുക്രെയ്ന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കി വികാരഭരിതനായി യൂറോപ്യന്‍ യൂണിയനോട് പറഞ്ഞതത്രയും ലോകം കേട്ടു, കയ്യടിച്ചു. പ്രസംഗം യുക്രെയ്‌നിയന്‍ ഭാഷയില്‍നിന്നു തത്സമയം ഇംഗ്ലിഷിലാക്കിയ ദ്വിഭാഷിയും വികാരഭരിതനായി. ‘സ്വന്തം കുഞ്ഞുങ്ങള്‍ ജീവനോടെയിരിക്കണമെന്ന് ആഗ്രഹിക്കുന്നു ഞാന്‍ ഉള്‍പ്പെടെയുളള യുക്രെയ്ന്‍കാര്‍. യുക്രെയ്‌നൊപ്പം നില്‍ക്കൂ. ഞങ്ങള്‍ക്കൊപ്പമാണു നിങ്ങളെന്നു പ്രവര്‍ത്തിച്ചു കാണിക്കൂ! 27 അംഗ യൂറോപ്യന്‍ യൂണിയനില്‍ യുക്രെയ്‌നെയും ചേര്‍ക്കാനുള്ള അപേക്ഷ നല്‍കിയതിനു പിറ്റേന്നാണ് ഇനിയും അംഗത്വം വൈകിപ്പിക്കരുതെന്നു സെലെന്‍സ്‌കി വിഡിയോ സന്ദേശത്തില്‍ യൂറോപ്യന്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടത്.
റഷ്യ നടത്തിയ ക്രൂരതകള്‍ വിവരിക്കുമ്പോള്‍ ഇടയ്ക്ക് പൂര്‍ത്തിയാക്കാനാകാതെ വിതുമ്പിപ്പോയി പരിഭാഷകന്‍. അപ്പോഴും ജനതയുടെ പോരാട്ട വീര്യമുയര്‍ത്തിപ്പിടിച്ച് നായകന്റെ വാക്കുകള്‍. ‘സ്വാതന്ത്ര്യ ചത്വരം വരെ റഷ്യ തകര്‍ത്തു. 16 കുഞ്ഞുങ്ങള്‍ മരിച്ചു. ഇവര്‍ ഏത് സൈനിക യൂണിറ്റില്‍ നിന്നുള്ളവരാണ്.’ സെലന്‍സ്‌കി ചോദിച്ചു. ‘നിങ്ങളില്ലെങ്കില്‍ ഞങ്ങളൊറ്റയ്ക്കാകാന്‍ പോകുന്നു’വെന്ന് പറഞ്ഞാണ് സെലന്‍സ്‌കി പിന്തുണ തേടിയത്. ‘ഇരുട്ടിന് മേല്‍ വെളിച്ചമായി, മരണത്തിന് മേല്‍ ജീവിതമായി പൊരുതി നില്‍ക്കും, വിജയിക്കും. തോല്‍ക്കുകയില്ലെ’ന്നാവര്‍ത്തിച്ചാണ് സെലന്‍സ്‌കി പ്രസംഗമവസാനിപ്പിച്ചത്. ഒന്നടങ്കം എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് യൂറോപ്യന്‍ പാര്‍ലമെന്റ് സെലന്‍സ്‌കിക്ക് പിന്തുണയറിയിച്ചത്.
യുക്രെയ്ന്‍ ഉണ്ടെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ ശക്തി പ്രാപിക്കും; യൂറോപ്യന്‍ യൂണിയനില്‍ ഇല്ലാത്ത യുക്രെയ്ന്‍ ഏകാന്തതയും നിസ്സഹായതയും കൊണ്ടു വീര്‍പ്പുമുട്ടുകയാണും അദ്ദേഹം പറഞ്ഞു. ”ഗുഡ്‌മോണിങ്ങെന്നോ ഗുഡ്‌നൈറ്റെന്നോ പറയാനാവാത്ത വിധം രാത്രികളും പ്രഭാതങ്ങളും എന്റെ ജനതയ്ക്ക് മുന്നില്‍ ദുരന്തം നിറഞ്ഞതായിരിക്കുന്നു”- സ്വന്തം മണ്ണിന്റെ സ്വാതന്ത്ര്യത്തിനായി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ഫലസ്തീന്‍ തലവന്‍ യാസര്‍ അറാഫത്ത് നടത്തിയ പ്രസംഗത്തെ ഓര്‍മ്മിപ്പിക്കുന്നതായി, രാജ്യം കത്തിയെരിയുമ്പോള്‍ യൂറോപ്യന്‍ പാര്‍ലമെന്റിന് മുന്നിലുള്ള സെലന്‍സ്‌കിയുടെ വാക്കുകള്‍.
റഷ്യയ്‌ക്കെതിരെ ശക്തമായ ഉപരോധങ്ങളും യുക്രെയ്‌ന് ആയുധസഹായവുമായി യൂറോപ്യന്‍ യൂണിയന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അംഗത്വം ഉടനെ നല്‍കുമെന്ന സൂചനയില്ല. യൂറോപ്യന്‍ യൂണിയന്‍ അംഗത്വമെന്ന യുക്രെയ്ന്‍ ആവശ്യം ന്യായമാണെങ്കിലും നടന്നു കിട്ടാന്‍ പ്രയാസമായിരിക്കുമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ അധ്യക്ഷന്‍ ചാള്‍ മിഷേല്‍ പറഞ്ഞു. ‘യുക്രെയ്‌നിന്റെ അംഗത്വ അപേക്ഷ പ്രതീകാത്മകവും രാഷ്ട്രീയപരവും നിയമസാധുതയുള്ളതുമാണ്. പക്ഷേ, ഇപ്പോഴത്തെ സ്ഥിതിയില്‍ 27 അംഗങ്ങളുള്ള ഇയു സംഘം വികസിപ്പിക്കുന്ന കാര്യത്തില്‍ അഭിപ്രായ ഐക്യം ഒട്ടുമില്ല. അതു നടക്കാന്‍ വലിയ ബുദ്ധിമുട്ടായിരിക്കും ‘ യൂറോപ്യന്‍ പാര്‍ലമെന്റില്‍ മിഷേല്‍ പറഞ്ഞു.