KeralaNEWS

തെങ്ങ് ചതിച്ചില്ലെങ്കിലും തേങ്ങ ചതിക്കും, ആരൊക്കെ തേങ്ങാവെള്ളം ഉപയോഗിക്കരുത്

തേങ്ങാ ഗുണകരമാണെന്നു പറഞ്ഞ് ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുകയാണെങ്കിൽ അത് ശരീരത്തിൽ കൂടുതൽ ഫാറ്റ് അടിയുന്നതിനും തുടർന്ന് ഹൃദ്രോഗത്തിനും ചില അവസരങ്ങളിൽ കാൻസറിനും കാരണമാകും
മുംബൈയിലെ ടാറ്റാ മെമ്മോറിയൽ കാൻസർ ഇൻസ്റ്റിട്യൂറ്റിലെ പ്രശസ്തനായ കാൻസർ സർജൻ ഡോ. രാജേന്ദ്ര എ. ബഡുവേയുടെ പേരിൽ ഒരു വാട്സ്ആപ് സന്ദേശം ഇപ്പോൾ പരക്കുന്നുണ്ട്.കാൻസറിനെ പ്രതിരോധിക്കുന്ന തേങ്ങാ ചികിത്സയെക്കുറിച്ചാണത്. എന്നാൽ ഡോ. രാജേന്ദ്രയ്ക്ക് ഈ വാർത്തുയുമായി യാതൊരുവിധ ബന്ധമില്ലതാനും.വല്ലപ്പോഴുമൊക്കെ മുടിയിൽ പുരട്ടാനായി മാർക്കറ്റിൽ നിന്നു വാങ്ങിക്കുന്ന ടിൻ വെളിച്ചെണ്ണയെക്കുറിച്ചല്ലാതെ അദ്ദേഹം മറ്റൊന്നിനെയും കുറിച്ച് കേട്ടിട്ടു പോലുമില്ല.
ചൂടുള്ള തേങ്ങാവെള്ളം മരുന്നാണോ?
ചൂടുള്ള തേങ്ങാവെള്ളം കുടിച്ചാൽ കാൻസർ രോഗം മാറുമെന്നാണ് ചിലർ പ്രചരിപ്പിച്ച വാർത്ത. എന്നാൽ ഇത് അശാസ്ത്രീയവും അടിസ്ഥാനരഹിതവുമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു കഴിഞ്ഞു.
തേങ്ങാവെള്ളം എന്നു കേൾക്കുമ്പോൾ സാധാരണയായി നമ്മുടെ മനസ്സിൽ ആദ്യം വരുന്നത്, തേങ്ങായുടെ ഉള്ളിലെ വെള്ളമോ അല്ലെങ്കിൽ കരിക്കിൻവെള്ളമോ ആയിരിക്കില്ലേ? എന്നാൽ പ്രചരിച്ച വാട്സാപ്പ് സന്ദേശത്തിൽ, രണ്ടോ മൂന്നോ തേങ്ങായിട്ടു തിളപ്പിച്ച വെള്ളത്തെ പ്രചാരകർ ‘തേങ്ങാവെള്ളം’ എന്നാണ് വിളിക്കുന്നത്. ഇങ്ങനെ തേങ്ങായിട്ടു തിളപ്പിക്കുമ്പോൾ അതിൽ നിന്ന് ഒരു കാൻസർ വിരുദ്ധ പദാർത്ഥം ഉണ്ടാകുമത്രേ! എന്നാൽ എന്താണ് ഈ കാൻസർ വിരുദ്ധ പദാർത്ഥം എന്നോ, അത് എങ്ങനെയാണ് പുറത്തുവരുന്നതെന്നോ പ്രചാരകർ പറയുന്നില്ല. അങ്ങനെ ആ സന്ദേശം മുന്നോട്ടു വായിച്ചുപോകുമ്പോൾ അവസാനം അത് തേങ്ങായിട്ട വെള്ളവും, തേങ്ങാസത്തും, തേങ്ങാ വിനാഗിരിയുമൊക്കെയായി മാറി.
ഇതുപോലെയുള്ള കപടസന്ദേശങ്ങൾ അഭ്യസ്തവിദ്യരായിട്ടുള്ളവർ പോലും പലപ്പോഴും വിശ്വസിക്കുകയും സ്വന്തം ശരീരത്തിൽ പരീക്ഷിക്കുകയും ചെയ്യുന്നുവെന്നത് വേദനാജനകമാണ്. ഇത് അവരുടെ സ്വാഭാവികമായിട്ടുള്ള ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കുകയും ചെയ്യും.
എന്താണ് ശരിക്കും തേങ്ങാവെള്ളം
വളരെ സ്വാദുള്ള പ്രകൃതിസംബന്ധമായ ഒരു പാനീയമാണ് തേങ്ങാവെള്ളം; അത് കരിക്കിൻവെള്ളമെന്നും അറിയപ്പെടുന്നുണ്ട്. തേങ്ങായുടെ വളർച്ച മുതൽ ഒരു ആറോ, ഏഴോ മാസത്തിനു ശേഷം നമുക്ക് കരിക്കിൻവെള്ളം(ഇളനീർ) ലഭ്യമാകും. എന്നാൽ ഏകദേശം 12 മാസങ്ങൾക്കു ശേഷമാണെങ്കിൽ അത് തേങ്ങാവെള്ളമായി മാറും. വളർച്ചയുടെ ഈ നാളുകളിൽ വെള്ളത്തിന്റെ രുചിക്കും മധുരത്തിനും ഒക്കെ വ്യത്യാസങ്ങൾ സംഭവിക്കും. ഒരു തെങ്ങ് നിൽക്കുന്ന സ്ഥലത്തെ പ്രത്യേകതകൾ കൊണ്ടു പോലും തേങ്ങാവെള്ളത്തിന്റെ ഘടനയ്ക്ക് വ്യത്യാസം വരാം.അങ്ങനെ ചിന്തിക്കുമ്പോൾ ശരിക്കും വളർച്ചയുടെ ഏതു ഘട്ടത്തിൽ ആയിരിക്കുന്ന തേങ്ങാവെള്ളമാണ് നമ്മൾ കുടിക്കേണ്ടത്? കരിക്കിൻവെള്ളമാണോ അതോ സാധാരണ തേങ്ങാവെള്ളമാണോ എന്നൊന്നും വാട്സാപ്പ് പ്രചാരകർ പറയുന്നില്ല.
തേങ്ങാവെള്ളം  ചൂടാക്കുമ്പോൾ അതിലെ എല്ലാ നല്ല പദാർത്ഥങ്ങളും നശിക്കുകയാണ് ചെയ്യുന്നത്. ഇതിനെയാണ് ‘ഓക്സിഡിറ്റി ഡാമേജ്’ എന്നു പറയുന്നത്. അതായത്, അതിനൊരു നിറവ്യത്യാസവും രുചിവ്യത്യാസവും വരും. തേങ്ങാവെള്ളം വെറുതെ തുറന്നുവച്ചാലും ഇതു തന്നെയാണ് സംഭവിക്കുന്നത്. അതുകൊണ്ടു തന്നെ ശുദ്ധമായ, തണുത്ത തേങ്ങാവെള്ളം കുടിക്കുന്നതാണ് ആരോഗ്യപ്രദം.
തേങ്ങാവെള്ളം ആർക്കൊക്കെ ഉപയോഗിക്കാം?
തേങ്ങാവെള്ളം എല്ലാ പ്രായക്കാർക്കും ഉപയോഗിക്കാവുന്ന ആരോഗ്യകരമായ ഒരു പാനീയമാണ്. അത് എപ്പോഴും ഫ്രഷ് ആയി തന്നെ ഉപയോഗിക്കുകയും വേണം. തേങ്ങാവെള്ളത്തിൽ അല്പം ഫ്രക്ടോസ്, പൊട്ടാസ്യം, മഗ്നീഷ്യം, സെലേനിയം എന്നിവയെല്ലാമുണ്ട്. എന്നാൽ തേങ്ങാവെള്ളം കുടിക്കാൻ പാടില്ലാത്തവരുമുണ്ട്.വളരെ ക്ഷീണിച്ചിരിക്കുന്നവർ, ശരീരത്തിൽ ഡീഹൈഡ്രേഷൻ അനുഭവിക്കുന്നവർ തുടങ്ങിയവരൊക്കെ തേങ്ങാവെള്ളം കുടിച്ച് ശക്തിയാർജ്ജിക്കാൻ ശ്രമിക്കരുതെന്നാണ് ആധുനിക പഠനങ്ങൾ സൂചിപ്പിക്കുന്നത്.കാരണം കൂടുതൽ തേങ്ങാവെള്ളം കുടിക്കുമ്പോൾ മൂത്രം കൂടുതൽ പോകാൻ സാധ്യതയുണ്ട്. അത് ശരീരത്തെ കൂടുതൽ ഡീഹൈഡ്രേറ്റ് ചെയ്യും അല്ലെങ്കിൽ ശരീരത്തിലെ വെള്ളത്തിന്റെ അളവ് കുറയ്ക്കും. കിഡ്നി സംബന്ധമായ രോഗമുള്ളവർക്ക് തേങ്ങാവെള്ളം അത്ര നല്ലതല്ല. കാരണം അതിലടങ്ങിയിരിക്കുന്ന  പൊട്ടാസ്യം, ‘ഹൈപ്പർ കലെമിയ’ എന്ന രോഗം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് വർദ്ധിക്കുന്നതിനെയാണ് ഹൈപ്പർ കലെമിയ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
തേങ്ങാവെള്ളം ചൂടാക്കിയാൽ ആൽക്കലൈൻ ആവുമോ?
തേങ്ങാവെള്ളം ഒരു അസിഡിക് പാനീയമാണ്. അത് ചൂടാക്കിയാൽ അതിലെ ആസിഡിന്റെ തോത് ഒന്നുകൂടെ വർദ്ധിക്കുമെന്നല്ലാതെ അതൊരിക്കലും ആൽക്കലൈനാവില്ല. കഠിനമായ കിഡ്നി രോഗമോ, ശ്വാസകോശ സംബന്ധമായ രോഗമോ ഇല്ലാതെ ഒരാളുടെ ശരീരത്തിന്റെ അമ്ലത അതായത് അത് അസിഡിക് ആക്കാനോ, ആൽക്കലൈൻ ആക്കാനോ പുറത്തുനിന്നു നൽകുന്ന ഒന്നിനും സാധിക്കില്ല എന്നുള്ളതാണ് യാഥാർഥ്യം.
തേങ്ങാവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്സ്, മിനറൽസ് എന്നിവയെല്ലാം ഒരു പരിധി വരെ ശരീരത്തിന് ഗുണകരമാണ്. അല്ലാതെ കാൻസറിനെ ചെറുക്കാനോ, പ്രമേഹത്തെയോ, ഹൃദ്രോഗത്തെയോ തടയാനോ അവയെ കൊണ്ട് സാധിക്കില്ല.
തേങ്ങാവെള്ളത്തിലെ അമിനോ അസിഡിനെക്കുറിച്ചും വാട്സാപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്. നമ്മൾ കഴിക്കുന്ന ഏത് ഭക്ഷണപദാർത്ഥം ദഹിച്ചാലും അത് അമിനോ ആസിഡായി മാറും. അല്ലാതെ തേങ്ങാവെള്ളത്തിലെ അമിനോ ആസിഡിനു മാത്രമായി ഒരു പ്രത്യേകതയും ഇല്ല.
എന്താണ് തേങ്ങയിൽ അടങ്ങിയിരിക്കുന്നത്? 
സാധാരണ രീതിയിൽ തേങ്ങാനീര് എന്ന് പറയുന്നത് നമ്മൾ വീടുകളിൽ ഉപയോഗിക്കുന്ന തേങ്ങാപ്പാലാണ്. ഒരു കപ്പ് തേങ്ങാ അല്ലെങ്കിൽ 80 ഗ്രാം തേങ്ങാപ്പീര എടുത്താൽ അതിൽ 10 ഗ്രാം കാർബോഹൈഡ്രേറ്റ്, മൂന്ന് ഗ്രാം പ്രോട്ടീൻ, 27 ഗ്രാം ഫാറ്റ്, അഞ്ച് ഗ്രാം ഷുഗർ, ഏഴ് ഗ്രാം ഫൈബർ, ബാക്കി ജലവുമാണ്. ഇതു കൂടാതെ ഇതിൽ മാൻഖാനെസ്, സെലീനിയം, കോപ്പർ, ഫോസ്‌ഫോറസ്, പൊട്ടാസ്യം, അയൺ, സിങ്ക്, എന്നിങ്ങനെ ഒരുപാട് മൈക്രോന്യൂട്രിയന്റ്സും ഉണ്ട്. അതിനു പുറമേ കാലിക് ആസിഡ്, കഫീക് ആസിഡ്, കൗമാരിക് ആസിഡ് എന്നിവയും അടങ്ങിയിരിക്കുന്നതിനാൽ തേങ്ങാ വളരെ ഗുണമുള്ള ഒരു ഭക്ഷണപദാർത്ഥമാണ്. നമ്മൾ കേരളീയരാണ് ഇത് ഏറ്റവും കൂടുതൽ ഭക്ഷണത്തിൽ ഉപയോഗിക്കുന്നതും. ഇതിൽ സാലിസിലിക് ആസിഡ് എന്നൊരു ഘടകമുണ്ട്. നീരുള്ളടത്ത് തേങ്ങാ പുരട്ടുമ്പോൾ അത് കുറയുന്നതിന്റെ കാരണം ഈ ഘടകമാണ്. അതിന് രക്തം കട്ട പിടിക്കുന്നത് തടയാനുള്ള കഴിവുണ്ട്.
മേല്പറഞ്ഞതൊക്കെയാണ് തേങ്ങയുടെ ഉള്ളടക്കം. അതുകൊണ്ടു തന്നെ രണ്ടോ, മൂന്നോ തേങ്ങാ വെള്ളത്തിലിട്ട് തിളപ്പിച്ചു കുടിക്കുന്നത് കാൻസറിനെ തടയുമെന്നു പറയുന്നത് അസംഭവ്യമായിട്ടുള്ള കാര്യമാണ്. തേങ്ങാ ഗുണകരമാണെന്നു പറഞ്ഞ് ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുകയാണെങ്കിൽ അത് ശരീരത്തിൽ കൂടുതൽ ഫാറ്റ് അടിയുന്നതിനും തുടർന്ന് ഹൃദ്രോഗത്തിനും ചില അവസരങ്ങളിൽ കാൻസറിനും കാരണമാകും.

Back to top button
error: