കോതമംഗലം: ദേശീയപാത 85ല്‍ നേര്യമംഗലം മുതല്‍ വാളറ വരെ പാതയോരത്ത് വാഹനങ്ങള്‍ നിര്‍ത്തുന്നതിനും യാത്രക്കാര്‍ ഇറങ്ങുന്നതിനും വിലക്കേര്‍പ്പെടുത്തിയ വനംവകുപ്പിന്റെ ഏകപക്ഷീയ നടപടിക്കെതിരെ സിപിഐ എം ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു.10 കിലോമീറ്ററില്‍ പാതയോരത്ത് വാഹനങ്ങള്‍ നിര്‍ത്തുന്നതും യാത്രക്കാര്‍ ഇറങ്ങുന്നതും നിരോധിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
മൂന്നാറിലേക്കുള്ള വിനോദസഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഇടമാണ് നേര്യമംഗലം പാലം മുതല്‍ വാളറ വരെയുള്ള വനമേഖല. പ്രശസ്തമായ വാളറ, ചീയപ്പാറ വെള്ളച്ചാട്ടങ്ങളും നീര്‍ച്ചാലുകളും കണ്ട് ആസ്വദിക്കാനാണ് സഞ്ചാരികള്‍ ഇവിടെ ഇറങ്ങാറുള്ളത്.അതേപോലെ കാലങ്ങളാ യി ഇവിടെ കച്ചവടം നടത്തി ഉപജീവനം ചെയ്തിരുന്ന കുടുംബങ്ങളെയും നടപടി വഴിയാധാരമാക്കും.
ദേശീയപാത വികസനത്തെപ്പോലും വനം വകുപ്പ് തടസ്സപ്പെടുത്തുകയാണെന്നും സിപിഐഎം ആരോപിക്കുന്നു. ദേശീയപാതയ്ക്ക് വീതി കൂട്ടിയപ്പോള്‍ റോഡിന്റെ മധ്യഭാഗത്ത് വന്ന മരങ്ങള്‍ വെട്ടിമാറ്റാന്‍പോലും അനുവദിച്ചിരുന്നില്ല.വാഹനയാത് രക്കാര്‍ക്ക് അപകടകരമായി നിന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ കലക്ടര്‍ നല്‍കിയ ഉത്തരവും പാലിക്കാന്‍ വനംവകുപ്പ് തയ്യാറായില്ല. പൂര്‍ണമായും ജില്ലയുടെയും ടൂറിസം മേഖലയുടെയും വികസനം തടയാനുള്ള ശ്രമമാണ് വനംവകുപ്പ് നടത്തുന്നത്.പാതയോരങ്ങളില്‍ വച്ചിട്ടുള്ള ബോര്‍ഡുകള്‍ മാറ്റി വാഹനങ്ങള്‍ നിര്‍ത്തുന്നതിനും യാത്രക്കാര്‍ ഇറങ്ങുന്നതിനും ഏര്‍പ്പെടുത്തിയ വിലക്ക് വനം വകുപ്പ് അടിയന്തരമായി പിന്‍വലിക്കണമെന്ന് ഏരിയ സെക്രട്ടറി ചാണ്ടി പി അലക്സാണ്ടര്‍ ആവശ്യപ്പെട്ടു.