KeralaNEWS

മൂക്കിലെ ദശ വളർച്ചൽ, പാലത്തിന്റ(Nasal Bone) വളയൽ

മൂക്കിന്റെ പാലമാണ് മൂക്കിന്റെ രൂപത്തിന് അടിസ്ഥാനം.അതിനാൽ മൂക്കിന്റെ പാലത്തിലുണ്ടാകുന്ന വ്യതിചലനങ്ങൾ അഥവാ വളവുകൾ മുക്കിന്റെ സ്ഥാനചലനത്തിന് കാരണമായിത്തീരുന്നു. അത് മുഖ സൗന്ദര്യത്തെ ബാധിക്കുകയും ചെയ്യുന്നു.മൂക്കിന്റെ പാലത്തിലുണ്ടാവുന്ന വ്യതിചലനങ്ങൾ വെറും സൗന്ദര്യ പ്രശ്നം മാത്രമല്ല.മൂക്കിന് മണം തിരിച്ചറിയുന്നതിലും ശ്വസനപ്രകിയയിലുമെല്ലാം നിർണായക പങ്കുണ്ട്.അതിനാൽ തന്നെ മൂക്കിന്റെപാലത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ ആരോഗ്യപ്രശ്നമായി വളർന്നുവരുന്നു.

 

Signature-ad

മൂക്കിനെ ഇടത്തും വലത്തും നാസാദ്വാരങ്ങളായി വർതിരിക്കുന്ന ഒരു മതിലാണ് മൂക്കിന്റെ പാലം, ഇതിന് കൊളുമല്ല, ചർമപാളി, അസ്ഥിയും തരുണാസ്ഥിയും ഉള്ളഭാഗം എന്നിങ്ങനെ മൂന്ന് ഭാഗങ്ങൾ ഉണ്ട്. ആദ്യത്തെ രണ്ടു ഭാഗങ്ങൾ ചലിപ്പിക്കാവുന്നതാണ്. അസ്ഥിയും തരുണാസ്ഥിയും കൊണ്ട് രൂപപ്പെട്ട മൂക്കിന്റെ പാലത്തിന്റെ പ്രധാന ഭാഗം ശേഷമപടലത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. മൂക്കിന്റെ പാലത്തിലേക്ക് നല്ല രക്തയോട്ടം ഉണ്ടെന്നതിനാൽ ചെറിയ പരിക്കേറ്റാൽ പോലും വളരെയേറെ രക്തസ്രാവം ഉണ്ടാകും.

 

സാധാരണമായി ഇടതുവലതു  നാസാദ്വാരങ്ങളുടെ നടുവിലായാണ് മൂക്കിന്റെ പാലം സ്ഥിതിചെയ്യുന്നത്. അതിനാൽ ഇടതുവലതു നാസാദ്വാരങ്ങളിതിന് വലുപ്പമുണ്ടാകുന്നു. എൺപത് ശതമാനം ആളുകളിലും മൂക്കിന്റെ പാലം മധ്യഭാഗത്തു നിന്നും അൽപം ഇടത്തോടത്തോട്ടോ വലത്തോട്ടോ വ്യതിചലിച്ചിരിക്കുന്നതായി കാണപ്പെടുന്നു. ഇത് പലപ്പോഴും ശ്രദ്ധയിൽപ്പെടാറില്ല. മറ്റു ചിലരിൽ മൂക്കിന്റെ പാലം മധ്യഭാഗത്തുനിന്ന് വളരേയേറെ നീങ്ങിയിരിക്കാറുണ്ട്. ഇവരിൽ ഒരു നാസാദ്വാരം വലുപ്പമേറിയതും മറ്റേത് ഇടുങ്ങിയതുമായിരിക്കും. ഇങ്ങനെയുള്ളവർക്കാണ് ബുദ്ധിമുട്ടുകളുടെ സൂചനകളും രോഗങ്ങളും ഉണ്ടാവുക.

പ്രശ്നങ്ങൾ

  • മൂക്കിന്റെ പാലം എങ്ങനെയാണോ വളഞ്ഞിരിക്കുന്നത് അതിനനുസരിച്ച് ശ്വാസതടസം അല്ലെങ്കിൽ മൂക്കടപ്പ് ഉണ്ടാകാം. ഇത് ഒരു മൂക്കിലോ അതോ രണ്ട് മൂക്കിലും കൂടിയോ അനുഭവപ്പെടാം. മൂക്കിന്റെ പാലം ഒരു ഭാഗത്തേക്ക് ചാടിപ്പോയതായും കാണാറുണ്ട്. ചിലപ്പോൾ c ആകൃതിയിലോ s ആകൃതിയിലോ വളഞ്ഞിരിക്കുന്നതായ കാണാം. ചിലപ്പോൾ പാലം വളഞ്ഞ് ഒരു ഭാഗത്തേക്ക് മൂർച്ചയേറിയ രൂപത്തിൽ തള്ളിയിരിക്കുന്നതും കാണാറുണ്ട്.
  • ഇവരിൽ മൂക്കിന്റെ ഒരുഭാഗം വലുപ്പമേറിയതും മറ്റേ ഭാഗം ഇടുങ്ങിയതുമായി കാണുന്നു. ഇത് മൂക്കിലൂടെയുള്ള വായു സഞ്ചാരത്തെ തടസ്സപ്പെടുത്തുന്നു.
  • മൂക്കിന്റെ വലുപ്പമേറിയ നാസാദ്വാരത്തിൽ സാധാരണയായി കാണപ്പെടുന്ന ദശ വികസിക്കുകയും ആ ഭാഗത്ത് ഇടുങ്ങിയ ഭാഗത്തേക്കാൾ കൂടുതൽ മൂക്കടപ്പ് ചില രോഗികളിൽ അനുഭവപ്പെടാറുമുണ്ട്.
  • നേരത്തെ സൂചിപ്പിച്ച സെപ്റ്റൽ സ്പർ മൂലമുണ്ടാവുന്ന സമ്മർദ്ദം തലവേദനയ്ക്കു കാരണമാകുന്നു. സൈനസൈറ്റിസും തലവേദനയ്ക്ക് കാരണമാവുന്നു.
  • പാലത്തിന്റെ വളവുകാരണം മൂക്കിലൂടേയും സൈനസുകളിലൂടേയും വായുസഞ്ചാരം തടസ്സപ്പെടുന്നു.ചില അവസരങ്ങളിൽ സൈനസുകളുടെ സുഷിരങ്ങൾ അടയുകയും സൈനസുകളിലേക്കുള്ള വായുസഞ്ചാരത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത് സൈനസുകളിലെ അണുബാധയ്ക്കും വിട്ടുമാറാത്ത കഫക്കെട്ടിനു തലവേദനയ്ക്കും കാരണമാവുന്നു.
  • മൂക്കിന്റെ പാലത്തിന്റെ വളവുമൂലമുണ്ടാവുന്ന വായുസഞ്ചാരത്തിലെ രൂപാന്തരം മൂക്കിലെ ശ്ലേഷ്മപടലത്തേയു ഉണക്കുകയും വീണ്ടുകീറുകയും ഇടയ്ക്കിടെ മൂക്കിലൂടെ രക്തസ്രാവമുണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ നേരത്തെ സൂചിപ്പിച്ച സെപ്റ്റൽ സ്പർ കാരണം അതിലൂടെ പോകുന്ന രക്തധമനികൾ പെട്ടന്ന് പൊട്ടാനുള്ള സാധ്യതയുണ്ട്.
  • മണമറിയാത്ത അവസ്ഥയുണ്ടാവുന്നു
  • പാലത്തിന്റെ വളവിൽ കൂടെ മൂക്കിന്റെ വളവും മുഖസൗന്ദര്യത്തെ ബാധിക്കുന്നു.
  • പാലത്തിന്റെ വളവ്, ചെവിയിലേക്കുള്ള യൂസ്ത്തേഷ്യൻ ട്യൂബിനെ ബാധിച്ച് ചെവിയിൽ കഫം നിറഞ്ഞ് കേൾവിക്കുറവ്, ചെവിയിലെ പഴുപ്പ് എന്നിവയ്ക്ക് കാരണമാവാം
  • ഉറക്കതടസം, കൂർക്കംവലി എന്നിവയുണ്ടാക്കാം
  • ശബ്ദവ്യതിയാനങ്ങൾ ഉണ്ടാക്കാം.
  • ചെറിയ വളവുള്ളവർക്ക് ജലദോഷം വരുമ്പോൾ മാത്രം ശ്വസനം ബുദ്ധിമുട്ടാവുന്നു. അണുബാധ മാറുമ്പോൾ സാധാരണ രീതിയിലേക്ക് തിരിച്ചുവരുകയും ചെയ്യുന്നു.
രോഗനിർണയം
ശ്വാസതടസം അല്ലെങ്കിൽ മൂക്കടപ്പിനുള്ള കാരണങ്ങൾ വിലയിരുത്തിയശേഷം മൂക്ക് വിശദമായി പരിശോധിക്കുന്നു. ചില അവസരങ്ങളിൽ മരുന്ന് ഉപയോഗിച്ച് മൂക്കിലെ ദശകളെ ചുരുക്കിയതിനുശേഷം പരിശോധിക്കേണ്ടതായി വരാറുണ്ട്.നേസൽ എൻഡോസ്കോപ്പി ഉപയോഗിച്ച് മൂക്കിന്റെ ഉള്ളറകൾ വിശദമായി പരിശോധിക്കാൻ സാധിക്കും. ഇതുവഴി മൂക്കടപ്പിന്റെ മറ്റ് കാരണങ്ങൾ, മൂക്കിലെ ദശകൾ, അലർജി, മുഴകൾ, സൈനസൈറ്റിസ് എന്നിവയെപ്പറ്റിയുള്ള വിവരങ്ങളും ലഭിക്കുന്നു. സിടി സ്കാൻ, എക്സറേ എന്നിവ മൂക്കിന്റെ വളവിനെ സംബന്ധിച്ചും അതുമൂലമുണ്ടാവുന്ന സൈനസൈറ്റിസിനെക്കുറിച്ചുമുള്ള വിവരങ്ങൾ നൽകുന്നു.

ചികിത്സാ രീതികൾ

ലക്ഷണങ്ങൾ കണ്ടാൽ ഇ.എൻ.ടി. ഡോക്ടറെ സമീപിക്കണം.ശസ്ത്രക്രിയ ആവശ്യമായ അവസരങ്ങളിൽ സെപ്റ്റോപ്ലാസ്റ്റി എന്ന ശസ്ത്രക്രിയയിലൂടെ മൂക്കിന്റെ പാലം നേരേയാക്കാവുന്നതാണ്. എൻഡോസ്കോപ്പിയിലൂടെ വളരെ കൃത്യമായി സെപ്റ്റോപ്ലാസ്റ്റി ചെയ്യാം. ഇതിനെ എൻഡോസ്കോപ്പിക് സെപ്റ്റോപ്ലാസ്റ്റി എന്നുപറയുന്നു.

മൂക്കിന്റെ പുറമേയുള്ള വളവ് നേരെയാക്കാനുള്ള ശസ്ത്രക്രിയയ്ക്ക് റൈനോപ്ലാസ്റ്റി എന്നാണ് പറയാറുള്ളത്. മൂക്കിന്റേയും പാലത്തിന്റേയും വളവുകൾ നേരെയാക്കാനുള്ള ശസ്ത്രക്രിയയാണ് സെപ്റ്റോറൈനോപ്ലാസ്റ്റി.

 

കുട്ടികളിൽ മൂക്കിന്റെ പാലത്തിന്റെ വളവ് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെങ്കിൽ മൂക്കിന്റെ വളർച്ച പൂർത്തിയാവുന്നതുവരെ(16-17 വയസ്സ്) ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കാം. അലർജിയുള്ളവർ ശസ്ത്രക്രിയയ്ക്ക് ശേഷം അലർജി കുറയ്ക്കാനുള്ള ചികിത്സ തുടരണം.

മൂക്കിലെ ദശ വളർച്ചൽ

ദീര്‍ഘകാലമായ അണുബാധയുടെ ഭാഗമായി മൂക്കിനകത്ത് നീരുവന്ന് കെട്ടുന്നത് മൂലമാണ് ദശ (nasal polyp) ഉണ്ടാകുന്നത്. മ്യൂകസ് മെംബ്രയ്‌ന്റെ വീക്കമാണിത്. അലര്‍ജിയാണ് മൂക്കില്‍ ദശ വളരുന്നതിന്റെ പ്രധാന കാരണം. ജനിതകമായും ഉണ്ടാകും. അജ്ഞാത കാരണങ്ങള്‍ കൊണ്ടും ദശവളര്‍ച്ച കാണപ്പെടുന്നുണ്ട്. കൂടെക്കൂടെ തുമ്മലുള്ളവര്‍, പൊടി, തണുപ്പ്, ചൂട് തുടങ്ങിയവയോടുള്ള അലര്‍ജി തുടങ്ങിയവയുള്ളവര്‍ക്കാണ് മൂക്കിലെ ദശ കൂടുതലായി കണ്ടുവരുന്നത്. ഇത് ആസ്ത്മയായി മാറാനും സാധ്യതയുണ്ട്.

ലക്ഷണങ്ങള്‍

തുടര്‍ച്ചയായ മൂക്കടപ്പ്, അലര്‍ജി, തലവേദന. രണ്ടുവശത്തുമുള്ള ദശവളര്‍ച്ചക്കാണ് കടുത്ത തലവേദനയുണ്ടാകുക. ദശവളര്‍ച്ച കടുക്കുമ്പോള്‍ ഗന്ധം തിരിച്ചറിയാനാകാത്ത അവസ്ഥയുമുണ്ടാകും. കൂടുതല്‍ കടുത്ത ഘട്ടത്തിലെത്തുമ്പോള്‍ മൂക്കിന്റെ രൂപം മാറും. മൂക്ക് പരന്നിരിക്കും. ഇവര്‍ക്ക് മൂക്കിന്റെ പാലത്തിന് ചുറ്റുമായിട്ട് കറുത്ത പുള്ളികളുണ്ടാകും.

നാട്ടുചികിത്സ

ദശയുടെ സ്വഭാവം അനുസരിച്ചാണ് അതിന്റെ ചികിത്സയും. മൂക്കിലെ ദശ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാവുന്ന ഒരു ഒറ്റമൂലിയുണ്ട്. എന്നാല്‍ ദശയുടെ ആരംഭ കാലഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ മാത്രമേ ഈ ഒറ്റമൂലി ഫലപ്രദമാകുകയുള്ളൂ. നാട്ടിന്‍ പുറങ്ങളില്‍ സുലഭമായി ലഭിക്കുന്ന രണ്ട് ആയുര്‍വേദ സസ്യങ്ങള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ തന്നെ തയ്യാറാക്കിയെടുക്കാവുന്ന ഒന്നാണിത്.

ഇതിനായി പാടത്തും പറമ്പിലും സുലഭമായി ലഭിക്കുന്ന പൂവാംകുരുന്നിലയും മുക്കുറ്റിയും സമൂലം എടുത്ത്  നന്നായി ഇടിച്ചു പിഴിഞ്ഞ് അതിന്റെ നീരെടുക്കുക. നിരവധി ഔഷധ ഗുണങ്ങളുളള സസ്യങ്ങളാണ് പൂവാംകുരുന്നിലയും മുക്കുറ്റിയും. ഇതില്‍ അല്‍പം പോലും വെള്ളം ചേര്‍ക്കാന്‍ പാടുള്ളതല്ല. ആദ്യം ചതച്ചെടുത്തതിനു ശേഷം കൈയ്യില്‍ വച്ച് തന്നെ നന്നായി പിഴിഞ്ഞ് നീര് എടുക്കാവുന്നതാണ്. ശേഷം ദിവസവും രണ്ടുനേരം ഓരോ തുള്ളി വീതം രണ്ടു മൂക്കിലും ഉറ്റിച്ചു കൊടുക്കുക. ഇരുപത്തിയൊന്ന് ദിവസം കൊണ്ടു തന്നെ മൂക്കിലെ ദശ വളര്‍ച്ച പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സാധിക്കും.

 

എന്നാല്‍ ഇത് ആരംഭഘട്ടത്തില്‍ തിരിച്ചറിഞ്ഞാല്‍ മാത്രമേ സാധിക്കുകയുള്ളൂ. അല്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള മരുന്നുകളും ആവശ്യമെങ്കില്‍ സര്‍ജറിയും വേണ്ടിവരും. ജെല്ലി പോലെ മൃദുവായ കട്ടികുറഞ്ഞ ദശയും കട്ടികൂടിയ ദശയും ഉണ്ട്. കട്ടികുറഞ്ഞ ദശയാണെങ്കില്‍ മാത്രമേ മരുന്നു കൊണ്ട് മാറുകയുള്ളു. കട്ടികൂടിയ ദശ നീക്കം ചെയ്യാന്‍ സര്‍ജറി തന്നെനടത്തണം. പാപ്പിലോമാ, ഗ്രാനുലോമ, ഹെര്‍മനോമ എന്നിവയാണ് മൂക്കിലുണ്ടാകുന്ന ദശകള്‍ക്കു പറയുന്ന പേര്. സര്‍ജറി ഇല്ലാതെ അവ കരിച്ചു കളയാനും സാധിക്കും.

Back to top button
error: