HealthLIFE

ചിക്കൻ പോക്സിനെ സൂക്ഷിക്കണം

ചിക്കൻ പോക്സ് ഒരു ‘വൈറൽ രോഗമാണ്’.വേരിസെല്ല സോസ്റ്റർ എന്ന വൈറസാണ് രോഗമുണ്ടാക്കുന്നത്. ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് വായു വഴിയാണ് വൈറസ് പകരുന്നത്.ചെറിയ ചൊറിച്ചിലോടെ ആരംഭിക്കുന്ന തിണർപ്പുകൾ വെള്ളം നിറഞ്ഞപോലെയുള്ള, മഞ്ഞുതുള്ളിപോലെയുള്ള കുരുക്കളായി മാറുന്നു.അതിനു മുൻപുതന്നെ ക്ഷീണവും വിശപ്പു കുറവും പനിയുമൊക്കെ ഉണ്ടാവാം.നെഞ്ചിലും പുറത്തുമൊക്കെയാവും ആദ്യം ഇതിന്റെ കുരുക്കൾ കണ്ടുതുടങ്ങുന്നത്.ക്രമേണ ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു.
സാധാരണഗതിയിൽ ചിക്കൻ പോക്സ് വലിയ ശല്യമൊന്നുമുണ്ടാക്കാതെ വന്ന് അങ്ങ് പോവും.കുട്ടികളിൽ പ്രത്യേകിച്ചും. ഒരുതവണ വന്നാൽ പിന്നീട് വരാനുള്ള സാധ്യത ഏതാണ്ട് ഇല്ലെന്നുതന്നെ പറയാം. പക്ഷേ, അപൂർവമായി ന്യൂമോണിയയിലേക്കും എൻകെഫലൈറ്റിസ് അഥവാ തലച്ചോറിനെ ബാധിക്കുന്ന അണുബാധയിലേക്കുമൊക്കെ രോഗം മൂർച്ഛിക്കാനും വളരെ അപൂർവമായി മരണത്തിനുമൊക്കെ സാധ്യതയുണ്ട്.
വൈറസിനെ ഒതുക്കാൻ വിവിധ ആന്റിവൈറൽ മരുന്നുകൾ നിലവിലുണ്ട്.ഒപ്പമുള്ള പനിക്കും ചൊറിച്ചിൽ പോലെയുള്ള അസ്വസ്ഥതകൾക്കും അതനുസരിച്ച് മരുന്നുകളും നൽകി ആശ്വാസം നൽകുന്നു.ഈ അസുഖം വന്നാൽ കുളിക്കരുത് എന്നത് ഏറ്റവും പ്രചാരമുള്ള അന്ധവിശ്വാസമാണ്.
കുളിക്കാതെയിരിക്കുന്നത് ഉള്ള അസ്വസ്ഥതകൾ വർധിപ്പിക്കുന്നെന്ന് മാത്രമല്ല, കുരുക്കളിൽ അണുബാധയും പഴുപ്പുമുണ്ടാവാനും ചൊറിച്ചിൽ കൂട്ടാനും ഇനി ചൊറിഞ്ഞുപൊട്ടി വ്രണമായാൽ അതിൽ പഴുപ്പുണ്ടാവാനും മാത്രമേ സഹായിക്കൂ. കുളിക്കുമ്പോഴും തോർത്തുമ്പൊഴും സോപ്പ് തേക്കുമ്പോഴുമൊക്കെ കുമിളകൾ ഉരച്ച് പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിച്ചാൽ മതി.
അടുത്തത് ഭക്ഷണമാണ്. പട്ടിണിക്കിടുന്നതും പട്ടിണികിടക്കുന്നതുമൊക്കെ ക്ഷീണം കൂട്ടാനേ ഉപകരിക്കൂ.എന്ത് ഭക്ഷണം വേണമെങ്കിലും കഴിക്കാം.വായ്ക്കുള്ളിലും മറ്റും കുരുക്കളുണ്ടെങ്കിലോ ദഹനസംബന്ധമായ അസ്വസ്ഥതകളുണ്ടെങ്കിലോ അതനുസരിച്ച് വ്യത്യാസപ്പെടുത്താമെന്ന് മാത്രം.അതായത് വായ്ക്കുള്ളിലും ദഹനേന്ദ്രിയവ്യവസ്ഥയിലും കുരുക്കളുണ്ടെങ്കിൽ എരിവുള്ള ഭക്ഷണവും എണ്ണയും കൊഴുപ്പുമേറിയ ഭക്ഷണവും ഒഴിവാക്കിയാൽ നന്നാവും.ഉപ്പിന്റെ ഉപയോഗം തീരെ ഒഴിവാക്കുന്നത് ഗുണംചെയ്യില്ലെന്ന് മാത്രമല്ല സോഡിയം കുറഞ്ഞുപോവാനുമിടയാക്കും.
ഒരിക്കൽ വന്നാൽ ചിക്കൻ പോക്സ് സാധാരണഗതിയിൽ വീണ്ടും വരാറില്ല. തൊലിപ്പുറത്ത് ഏതെങ്കിലുമൊരിടത്തുമാത്രം വരുന്ന കുമിളകളായി ഹെർപ്പസ് സോസ്റ്ററെന്ന പേരിൽ വീണ്ടും ചിലപ്പൊ പ്രത്യക്ഷപ്പെടാം. രോഗപ്രതിരോധശേഷി കുറയ്ക്കുന്നതിനുള്ള മരുന്നുകൾ കഴിക്കുന്നവർ, മറ്റേതെങ്കിലും കാരണത്താൽ പ്രതിരോധശേഷി കുറഞ്ഞവർ, ഗർഭിണികൾ, ഉടൻ ഗർഭിണികളാകാൻ തയ്യാറെടുക്കുന്നവർ എന്നിങ്ങനെ ചെറിയൊരു വിഭാഗമൊഴിച്ച് മറ്റുള്ളവർക്ക് വാക്സിന്റെ സംരക്ഷണം തേടാവുന്നതാണ്.

Back to top button
error: