KeralaNEWS

ദിലീപ് പരിശോധനയ്ക്കയച്ച ഫോണുകള്‍ ഇന്ന് തിരിച്ചെത്തും, തിങ്കളാഴ്ച കോടതിക്ക് കൈമാറും

ദിലീപിൻ്റെ രണ്ട് ഫോണുകളാണ് മുംബൈയിൽ പരിശോധനയ്ക്ക് അയച്ചത്. ഇവ ഇന്ന് വൈകിട്ടോടെ തിരിച്ചെത്തും. ദിലീപിന്റെ മൂന്നാമതൊരു ഫോണും സഹോദരന്‍ അനൂപ് ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളും സഹോദരീഭര്‍ത്താവ് ടി.എന്‍ സൂരജ് ഉപയോഗിച്ചിരുന്ന ഒരു ഫോണും ഉൾപ്പടെ ആറ് ഫോണുകളാണ് കൈമാറേണ്ടത്. കോടതി ആവശ്യപ്പെട്ടതുപോലെ മുദ്രവെച്ച കവറിൽ തിങ്കളാഴ്ച ഇവ കോടതിയിൽ ഹാജരാക്കും

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസില്‍ നടൻ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകള്‍ നാളെ ഹാജരാക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ. രണ്ട് ഫോണുകൾ മാത്രമാണ് പരിശോധനയ്ക്ക് അയച്ചത്. ഇവ ഇന്ന് വൈകിട്ടോടെ തിരിച്ചെത്തും. ആറ് ഫോണുകളും കോടതി ആവശ്യപ്പെട്ടതുപോലെ തിങ്കളാഴ്ച മുദ്രവെച്ച കവറിൽ കോടതിയിൽ ഹാജരാക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിൽ മുൻകൂർ ജാമ്യം പരിഗണിക്കവെയാണ് കോടതി ഫോണുകൾ കൈമാറാൻ ഉത്തരവിട്ടത്. ഫോണുകള്‍ തിങ്കളാഴ്ച രാവിലെ 10.15ന് മുന്‍പ് ഹൈക്കോടതി റജിസ്ട്രാര്‍ ജനറലിന് കൈമാറണം എന്നായിരുന്നു ഉത്തരവ്.

ദിലീപിന്റെ മൂന്ന് ഫോണുകളും സഹോദരന്‍ അനൂപ് ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളും സഹോദരീഭര്‍ത്താവ് ടി.എന്‍ സൂരജ് ഉപയോഗിച്ചിരുന്ന ഒരു ഫോണുമാണ് മുദ്രവച്ച കവറിൽ കൈമാറേണ്ടത്.

ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് മുംബൈയിൽ അയച്ചെന്നും തിരിച്ചെത്തിക്കാൻ ചൊവ്വാഴ്ച വരെ സമയം അനുവദിക്കണമെന്നും ദിലീപ് അഭ്യർഥിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ എത്തിക്കാൻ കോടതി കർശന ഉത്തരവിട്ടു.

മൊബൈലുകൾ കൈമാറണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തെ അവസാനനിമിഷംവരെ ദിലീപ് എതിർത്തിരുന്നു. ഫോൺ കൈമാറാൻ തയ്യാറല്ലെങ്കിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നൽകിയിരിക്കുന്ന സംരക്ഷണം റദ്ദാക്കണമെന്ന നിലപാട് പ്രോസിക്യൂഷനും സ്വീകരിച്ചു. മൊബൈലുകൾ കൈമാറിയാൽ നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് വ്യാജ തെളിവ് ഉണ്ടാക്കുമെന്നതടക്കമുള്ള വാദങ്ങൾ ദിലീപ് ഉന്നയിച്ചെങ്കിലും കോടതി തള്ളി. മുംബൈയിലേക്ക് പരിശോധനയ്ക്കായി അയച്ച മൊബൈലുകൾ തിരികെക്കൊണ്ടുവരുന്നതിനായി ചൊവ്വാഴ്ചവരെ സമയം അനുവദിക്കണമെന്ന ആവശ്യവും നിഷേധിച്ചിരുന്നു. ആവശ്യമെങ്കിൽ ദിലീപിന് സുപ്രീം കോടതിയെ സമീപിക്കാമെന്നും കോടതി നിർദേശിച്ചിരുന്നു.

അതേസമയം ദിലീപിന് നാല് ഫോൺ ഉണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറഞ്ഞിരുന്നതെങ്കിലും മൂന്ന് ഫോൺ മാത്രമാണുള്ളത് എന്നായിരുന്നു ദിലീപിന്റെ വാദം. നാലാമത്തെ ഫോൺ സംബന്ധിച്ചും ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Back to top button
error: