HealthLIFE

മുടികൊഴിയലും, വട്ടത്തില്‍ കൊഴിയലും

പൂര്‍ണാരോഗ്യമുള്ള ഒരു വ്യക്തിയുടെ തലയില്‍ നിന്ന് 50 മുതല്‍ 100 വരെ രോമങ്ങള്‍ നിത്യേന പൊഴിഞ്ഞുകൊണ്ടിരിക്കും. ഇത് നൂറില്‍ കൂടുകയോ ആകെയുള്ള ഒരു ലക്ഷത്തില്‍ കാല്‍ലക്ഷത്തോളം രോമങ്ങള്‍ കുറയുകയോ ചെയ്യുമ്പോഴാണ് മുടികൊഴിച്ചില്‍ (alopecia) എന്നു പറയുന്നത്.

 

രോമവളര്‍ച്ച പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. എന്‍ഡോക്രൈന്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനം, ഭക്ഷണത്തിലെ പോഷകാംശങ്ങള്‍, വ്യക്തിയുടെ മാനസികാവസ്ഥ എന്നിവയാണിവയില്‍ പ്രധാനം.മുഖം മനസ്സിന്റെ കണ്ണാടി എന്നു പറയുന്നതുപോലെ, മുടിയുടെ വളര്‍ച്ച ഒരു വ്യക്തിയുടെ ആന്തരികാവയവങ്ങളുടെയും മനസ്സിന്റെയും പ്രവര്‍ത്തനങ്ങളെ പ്രതിഫലിപ്പിക്കുന്നു.തുടര്‍ച്ചയായ മാനസിക പ്രവര്‍ത്തനം ശിരോചര്‍മത്തിലെ രക്തക്കുഴലുകള്‍ സ്ഥിരമായി സങ്കോചിപ്പിക്കാന്‍ കാരണമാക്കുന്നു. ഇത് രോമകൂപങ്ങളിലെ ഓക്‌സിജന്റെയും പോഷകാംശങ്ങളുടെയും അളവ് കുറയ്ക്കുകയും രോമവളര്‍ച്ച തടസ്സപ്പെടുത്തുകയും അവ എളുപ്പം കൊഴിഞ്ഞുപോകാനിടയാക്കുകയും ചെയ്യുന്നു.
വട്ടം വട്ടം ആകൃതിയില്‍ മുടി പോകുന്ന രോഗമാണ് അലോപീഷ്യ ഏരിയേറ്റ (alope-cia areata) എന്നു പറയുന്നത്. ഇതും മാനസിക പിരിമുറുക്കത്തിന്റെ പരിണത ഫലമാണ്. ചിലരില്‍ ഇത് തല മുഴുവന്‍ വ്യാപിച്ച് അലോപീഷ്യ ടോട്ടാലിസ് (alopecia totalis) ആയി മാറുന്നു. ഈ അവസ്ഥയില്‍ തലയിലും കണ്‍പുരികത്തിലും ഒരു രോമം പോലും കാണില്ല. ശിരോചര്‍മം മിനുസമായി തീരുന്നു.
അലോപീഷ്യ ഏരിയേറ്റ ചുരുക്കം സന്ദര്‍ഭങ്ങളില്‍ ആന്തരികാവയവങ്ങളുടെ രോഗങ്ങളുടെ ലക്ഷണമായി പ്രത്യക്ഷപ്പെടും. സിസ്റ്റമിക് ലൂപ്പസ് എറിതമറ്റോസസ് (Systema-tic Lupas Erythematosus – SLE) എന്ന രോഗമാണിതില്‍ പ്രധാനം. ഈ രോഗമുള്ളവരുടെ തലയിലെ രോമങ്ങള്‍ വട്ടത്തിലോ (alopecia areata) ആരോഗ്യമില്ലാതെ നിറവും കട്ടിയും നീളവും കുറഞ്ഞും (diffuse alopecia) ഒക്കെയോ പൊഴിഞ്ഞുപോകാം. നെറ്റിയോടു ചേര്‍ന്ന ഭാഗത്ത് തലയിലെ രോമങ്ങള്‍ കത്രിക കൊണ്ട് വെട്ടിയതു പോലെ നീളം കുറഞ്ഞു കാണാം (lupus hair).
തൈറോയ്ഡ് ഗ്രന്ഥിയുടെയും പിറ്റിയൂറ്ററി ഗ്രന്ഥിയുടെയും പ്രവര്‍ത്തന മാന്ദ്യം മുടികൊഴിച്ചിലിന്നു കാരണമാകാറുണ്ട്. തൈറോയ്ഡ് പ്രശ്‌നം കൊണ്ടുണ്ടാകുന്ന മൈക്‌സോഡെര്‍മ (myxoederma) ബാധിച്ചവരുടെ ചര്‍മം വരണ്ടതും രോമങ്ങള്‍ ഉണങ്ങിയതും ബലം കുറഞ്ഞതുമായിരിക്കും. തലയിലെയും കക്ഷത്തിലെയും കണ്‍പുരികത്തിലെയും രോമങ്ങള്‍ കൊഴിഞ്ഞുപോകുന്നതു കാണാം.
ആണുങ്ങളില്‍ കാണുന്നതരം കഷണ്ടി (androgenetic alopecia) ആണ് മറ്റൊന്ന്. ചില സ്ത്രീകളില്‍ കാണാറുള്ള അണ്ഡാശയ മുഴകള്‍ (polycystic ovary), അഡ്രിനല്‍ ഗ്രന്ഥികളിലെ മുഴ എന്നിവയൊക്കെ ഇതിനു കാരണമാകാം. ഈസ്ട്രജന്‍ ഹോര്‍മോണിനെക്കാള്‍ കൂടുതല്‍ ആന്‍ഡ്രൊജന്‍ ഹോര്‍മോണ്‍ രക്തത്തിലുണ്ടാകുന്നതാണിതിനു കാരണം. ഹോര്‍മോണ്‍ അളവുകള്‍ കണക്കാക്കിയും അടിവയറില്‍ സ്‌കാന്‍ ചെയ്തും (ultra-sonogram) ഈ രോഗങ്ങളൊക്കെ തുടക്കത്തിലേ കണ്ടുപിടിക്കാന്‍ സാധിക്കും.
Signature-ad

ശരിയായ രോമവളര്‍ച്ചയ്ക്ക് വിറ്റാമിനുകളും ലവണങ്ങളും (പ്രത്യേകിച്ച് സിങ്ക്) പ്രോട്ടീനും അത്യാവശ്യമാണ്. പോഷകാംശങ്ങള്‍ കുറഞ്ഞ ഭക്ഷണം മുടികൊഴിച്ചിലുണ്ടാക്കും. പെട്ടെന്നു തടി കുറയ്ക്കാന്‍ ചിലര്‍ ഭക്ഷണം തീരെ വെട്ടിക്കുറയ്ക്കാറുണ്ട് (cra-sh diet). ഇത്തരക്കാരില്‍ പ്രോട്ടീനുകള്‍ പെട്ടെന്നു കുറയുന്നതിനാല്‍ മുടി കൊഴിയുന്നു. വിറ്റാമിന്‍ എ മുടിവളര്‍ച്ചയ്ക്ക് സഹായകരമാണെങ്കിലും അമിതമായി വിറ്റാമിന്‍ എ കഴിക്കുന്നവരില്‍ അത് ശരീരത്തില്‍ കെട്ടിക്കിടന്ന് മുടികൊഴിച്ചിലുണ്ടാക്കുകയാണ് ചെയ്യുക.

 

കരളിന്റെയും വൃക്കയുടെയും പ്രവര്‍ത്തന മാന്ദ്യവും മുടിയുടെ വളര്‍ച്ചയെ ബാധിക്കും. ചെറുപ്പത്തിലേ വാര്‍ധക്യ ലക്ഷണങ്ങള്‍ കാട്ടുന്ന പ്രൊഗേറിയ (progeria), മോണിലെത്രിക്‌സ് (monilethrix), നഖത്തിനു കട്ടി കൂടുന്ന പാക്കിയോനൈക്കിയ (pachyony-chia) എന്നീ പാരമ്പര്യ രോഗങ്ങള്‍ ബാധിച്ച കുട്ടികളില്‍ നന്നെ ചെറുപ്പത്തില്‍ തന്നെ തലമുടി കുറഞ്ഞിരിക്കുന്നതു കാണാം.

വട്ടത്തിൽ മുടി കൊഴിയുന്നവർക്ക് ആ ഭാഗത്ത് മുടി വളരുന്നതിന് ഡോക്ടറുടെ നിർദേശപ്രകാരം മരുന്ന് കഴിക്കാം.മറ്റേതെങ്കിലും രോഗം കാരണമാണ് മുടി കൊഴിയുന്നതെങ്കിൽ ആ രോഗത്തിന്റെ ചികിത്സയും ഒപ്പം നടത്തും. മുടികൊഴിച്ചിൽ തടയുന്നതിനും നന്നായി മുടി വളരുന്നതിനും പ്ളേറ്റ്ലറ്റ് റിച്ച് പ്ളാസ്മ ഇൻജക്ഷൻ നൽകുന്ന രീതിയും ഇപ്പോൾ വികസിപ്പിച്ചിട്ടുണ്ട്.

മുടിയുടെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ടത് 

∙ വെള്ളം അത്യാവശ്യം. ദിവസം രണ്ടു– രണ്ടര ലിറ്റർ വെള്ളം കുടിക്കണം.

∙ മുട്ട, കരൾ, ടർക്കി, പോർക്ക്, ബീഫ്, കൂൺ, പീനട്ട് ബട്ടർ, ചീസ്, കോളിഫ്ളവർ, സോയാബീൻ, ഏത്തപ്പഴം, ഗോതമ്പുറൊട്ടി, ബട്ടർഫ്രൂട്ട്, പയർ, പരിപ്പുവർഗങ്ങൾ തുടങ്ങിയവയൊക്കെ മുടിക്ക് ഇണങ്ങിയ ഭക്ഷണങ്ങളാണ്.

∙ ഭക്ഷണത്തിലെ പോഷകങ്ങളുടെ കുറവ്, പ്രത്യേകിച്ച് അയൺ, സിങ്ക്, എന്നിവ കുറഞ്ഞാൽ മുടി കൊഴിയാം. അതിനാൽ മുടി കൊഴിച്ചിലിന് മരുന്ന് നൽകുന്നതിനൊപ്പം വിറ്റാമിൻ കുറവ് പരിഹരിക്കുന്നതിനും മരുന്നുകൾ നൽകും.

. പച്ചക്കറിയുടെ ഗണത്തിൽ വലിപ്പം കൊണ്ട് ഭീമനാണ് മത്തൻ. ഗുണങ്ങളിലും മത്തങ്ങ ഒന്നാമതാണ്. ആന്റി ഓക്സിഡന്റുകൾ, വിറ്റാമിനുകൾ തുടങ്ങിയവ മത്തങ്ങയിൽ അടങ്ങിയിട്ടുണ്ട്. തലമുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കെല്ലാം മത്തങ്ങ നല്ലൊരു പരിഹാരമാണ്. തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും മത്തങ്ങ സഹായിക്കും. ഇതിനായി മത്തങ്ങ കുരു പൊടിച്ചത് 100 ഗ്രാം എടുക്കാം. ശേഷം ഇത് 200 മില്ലി ലിറ്റര്‍ കടുകെണ്ണയിലിട്ട് ചൂടാക്കാം. ശേഷം ഇതിലേയ്ക്ക് 100 ഗ്രാം നെല്ലിക്ക കൂടി ചേര്‍ക്കാം. തണുത്തതിന് ശേഷം ഇത് തലമുടിയില്‍ പുരട്ടി മസാജ് ചെയ്യാം. ആഴ്ചയില്‍ മൂന്ന് ദിവസം വരെയൊക്കെ ഇത് ചെയ്യുന്നത് തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും.

വിറ്റാമിൻ സി ചർമ്മത്തിന് മാത്രമല്ല മുടിയുടെ ആരോ​ഗ്യത്തിനും ഏറെ നല്ലതാണ്.  വിറ്റാമിൻ സി ധാരാളം അടങ്ങിയ നാരങ്ങാനീരും വെള്ളവും ചേർത്ത് തല കഴുകുന്നത് ശീലമാക്കുക. മുടി കൊഴിച്ചിൽ കുറയ്ക്കാൻ ഈ പാക്ക് ഏറെ സഹായിക്കും.

തലമുടി കൊഴിച്ചിലും താരനും അകറ്റാനുള്ള മികച്ച പ്രതിവിധിയാണ് കറ്റാര്‍വാഴ. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ കറ്റാര്‍വാഴയുടെ  ജെൽ മുടിയുടെ വളർച്ചയ്ക്കും തലയോട്ടിയിലെ ചൊറിച്ചിൽ തടയുന്നതിനും താരൻ അകറ്റുന്നതിനും സഹായിക്കും. ഒരു കപ്പ് കറ്റാര്‍വാഴ ജെല്ലില്‍ വെളിച്ചെണ്ണയോ ആവണക്കെണ്ണയോ ചേര്‍ത്ത് ശിരോചര്‍മ്മത്തിലും മുടിയിലും പുരട്ടി മസാജ് ചെയ്യാം. ആഴ്ചയില്‍ മൂന്ന് മുതല്‍ നാല് ദിവസം വരെയൊക്കെ ഇത് ചെയ്യാം

ഉലുവ തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. പ്രോട്ടീൻ, വിറ്റാമിനുകൾ, അയേൺ, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമായ ഉലുവ മുടികൊഴിച്ചില്‍, താരന്‍ എന്നിവയെ അകറ്റും. ഇതിനായി ഉലുവ തലേന്ന് വെള്ളത്തിൽ കുതിർത്തു വയ്ക്കണം. പിറ്റേദിവസം രാവിലെ വെള്ളംചേർത്ത് നന്നായി അരച്ചെടുക്കണം. പേസ്റ്റ് രൂപത്തിലായതിനുശേഷം ശിരോചർമ്മത്തിലും മുടിയിലും പുരട്ടാം.

അടുക്കളകളില്‍ സ്ഥിരമായി കാണുന്ന സവാള അല്ലെങ്കില്‍ ഉള്ളി തലമുടിയുടെ സംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ്. തലമുടി കൊഴിച്ചിൽ അകറ്റാനും മുടി വളരാനും സവാളനീരോ ഉള്ളിനീരോ മാത്രം മതി. മുടിയുടെ വളർച്ച കൂടുതൽ വേഗത്തിലാക്കുന്ന ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവ ശിരോ ചർമ്മത്തിൽ ഉണ്ടാകുന്ന താരനെ തടയുകയും ചെയ്യും. ഇതിനായി ഒന്നോ രണ്ടോ സവാള അല്ലെങ്കിൽ ഉള്ളി തൊലി കളഞ്ഞ് വൃത്തിയാക്കിയെടുക്കുക. ശേഷം ഉള്ളി ചെറിയ കഷ്ണങ്ങളായി മുറിക്കണം. ശേഷം ഇവ മിക്സിയിലിട്ടടിച്ച് നീരെടുക്കുക. ഈ നീര് ശിരോ ചർമ്മത്തിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കാം. അര മണിക്കൂറിന് ശേഷം ഏതെങ്കിലും വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ  ചെയ്‌താൽ തലമുടി കൊഴിച്ചിൽ കുറയുകയും മുടി തഴച്ച് വളരുകയും ചെയ്യും.

Back to top button
error: