KeralaNEWS

100 പിന്നിട്ട ഗുരുനാഥന് ആദരം അർപ്പിച്ചും അനുഗ്രഹം തേടിയും കെ.ടി കുഞ്ഞുമോനും ബിഷപ്പ് ഡോ. മാത്യൂസ് മക്കാറിയോസ് തിരുമേനിയും

രണ്ടാം ലോക മഹായുദ്ധകാലത്ത്, റോയൽ ഇന്ത്യൻ നേവിയിലായിരുന്നു ഏബ്രഹാം കാലായിൽ ജോലി ചെയ്തത്. പിന്നീടാ ജോലി ഉപേക്ഷിച്ച് അധ്യാപകവൃത്തി ഏറ്റെടുത്തു. ലോകമെമ്പാടുമുള്ള നൂറു കണക്കിന് മികച്ച പൗരസമൂഹത്തെ വാർത്തെടുത്ത അനുഭവസമ്പത്താണ് ആ ജീവിതത്തിലെ ഏറ്റവും വലിയ സ്ഥിര നിക്ഷേപം. 100 വയസിലെത്തിയ ഗുരുനാഥനെ ശിഷ്യന്മാരും നാട്ടുകാരും ചേർന്ന് കഴിഞ്ഞ ദിവസം ആദരിച്ചു

ത്തനംതിട്ട: തുമ്പമൺ ചെന്നീർക്കര സ്വദേശി ഏബ്രഹാം കാലായിൽ അത്ര പ്രശസ്‌തനൊന്നുമല്ല. എന്നാൽ ഒരധ്യാപകൻ എന്ന നിലയിൽ നിരവധി പ്രശസ്തരെയും പ്രഗത്ഭരെയും വാർത്തെടുത്ത മഹനീയ വ്യക്തിത്വത്തിന് ഉടമയാണ്.

പ്രായം കൊണ്ട് നൂറ് തികഞ്ഞെങ്കിലും ഇന്നും ഊർജ്ജസ്വലൻ. രണ്ടാം ലോക മഹായുദ്ധ കാലത്ത്, അന്നത്തെ റോയൽ ഇന്ത്യൻ നേവിയിലായിരുന്നു ജോലി. പിന്നീടാ ജോലി ഉപേക്ഷിച്ച് അധ്യാപക ജോലി ഏറ്റെടുത്തു.
ലോകമെമ്പാടുമുള്ള നൂറു കണക്കിന് മികച്ച പൗരസമൂഹത്തെ വാർത്തെടുത്ത അനുഭവസമ്പത്താണ് അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്ഥിര നിക്ഷേപം.
അഭിവന്ദ്യ ബിഷപ്പ് ഡോ. മാത്യുസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പ, പ്രശസ്ത സിനിമാ നിർമ്മാതാവ് ‘ജെൻ്റിൽമാൻ’ കെ.ടി കുഞ്ഞുമോൻ എന്നിവർ അവരിൽ ചിലർ മാത്രം.
ഈ പ്രായത്തിലും എല്ലാ ഞായറാഴ്ചയും പത്നി മേരിയോടൊപ്പം സ്വയം കാറോടിച്ച് പള്ളിയിൽ പോകുന്ന കർമ്മനിരതൻ. ജീവിതത്തിൻ്റെ നൂറു വർഷം പിന്നിടുമ്പോഴും കണ്ണട കൂടാതെ ബൈബിളും പത്രവും വായിക്കുന്ന ഏബ്രഹാം മാസ്റ്റർ നാട്ടുകാർക്കെല്ലാം അത്ഭുതവും അഭിമാനമാണ്.

ഈ മഹത് വ്യക്തിത്വത്തിന് ഉടമയായ ഗുരുനാഥനെ, തൻ്റെ പഴയ സഹപാഠികളെ കൂട്ടിയിണക്കി ഒരു ചടങ്ങ് നടത്തി ആദരിക്കണം എന്ന ആഗ്രഹം ‘ജെൻ്റിൽമാൻ’ കുഞ്ഞുമോൻ്റെ മനസ്സിൽ ഉദിക്കുന്നു.
മാത്രമല്ല തൻ്റെ ബ്രന്മാണ്ഡ സംരംഭമായ ‘ജെൻ്റിൽമാൻ2’ൻ്റെ തുടക്കം അദേഹത്തിൻ്റെ അനുഗ്രഹം വാങ്ങിക്കൊണ്ടാവണം എന്നും കുഞ്ഞുമോൻ ആഗ്രഹിച്ചു. അതിനു മുന്നോടിയായി കുഞ്ഞുമോൻ്റെ നിർദേശ പ്രകാരം ഏബ്രഹാം സാറിൻ്റെ പുത്രൻ ഡോ. ജോസ് ഏബ്രഹാം, 100 വയസു പൂർത്തിയാക്കിയ പിതാവിനെ ആദരിക്കുന്ന ചടങ്ങ് കഴിഞ്ഞ ദിവസം തുമ്പമണ്ണിൽ നടത്തി. ചടങ്ങിൽ കെ.ടി കുഞ്ഞുമോനും ബിഷപ്പ് ഡോക്ടർ മാത്യൂസ് മക്കാറിയോസ് തിരുമേനിയും ഉൾപ്പെടെ ലോകത്തിൻ്റെ നാനാ ഭാഗങ്ങളിൽ സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്ന അദേഹത്തിൻ്റെ ഒട്ടനവധി ശിഷ്യന്മാർ പങ്കെടുത്തു.
ഗുഹാതുരത്വം നിറഞ്ഞ ഓർമകളും ആർദ്രമായ അനുഭവങ്ങളും കൊണ്ടു സമ്പന്നമായിരുന്നു ചടങ്ങ്‌. വിപുലമായ ശിഷ്യഗണങ്ങളുടെയും ഒരു ദേശത്തിൻ്റെയും മുഴുവൻ സ്നേഹാദരവുകൾ ചൊരിഞ്ഞുകൊണ്ട് ചടങ്ങിൽ എബ്രഹാം സാറിനെ ആദരിച്ചു.
“ഏബ്രഹാം കാലായിൽ സാറിനെ ആദരിക്കാനും അദേഹത്തിൻ്റെ അനുഗ്രഹം നേടാനുമായത് മഹാഭാഗ്യമാണ്. ആ മഹാ ഭാഗ്യം നമുക്ക് എല്ലാവർക്കും അരുളിയ സർവ ശക്തനായ ദൈവത്തോട് നന്ദി പറയുന്നു. അദ്ദേഹം പഠിപ്പിച്ച മിക്കവരും കീർത്തിയോടെയും ഐശ്വര്യത്തോടെയും ലോകത്തിൻ്റെ നാനാ ദിക്കിലും ജീവിക്കുന്നു. അത് നമുക്കെല്ലാം അഭിമാനമാണ്. ഏബ്രഹാം സാറിനെ പോലെ ഒരു ഗുരു നാഥനെ നമുക്കു ലഭിച്ചത് സുകൃതവും നമ്മുടെ പൂർവ്വസൂരികളുടെ അനുഗ്രഹം കൊണ്ടുമാണ്. അദ്ദേഹം നമ്മുടെയും നമ്മുടെ നാടിൻ്റെയും അഭിമാനമാണ്. അദ്ദേഹത്തെ പോലെ ഒരു നല്ല മാർഗദർശി അപൂർവങ്ങളിൽ അപൂർവമാണ്. അദ്ദേഹത്തെ കുറിച്ചുള്ള ഭൂതകാല സ്മരണകൾ ഇവിടെ വിവരിക്കുക എന്നത് അസാധ്യമാണ്. കാരണം അതു വിവരിക്കുവാൻ എൻ്റെ ആയുസ്സ് തന്നെ തികഞ്ഞെന്ന് വരില്ല. നമുക്കു മാത്രമല്ലാ നമ്മുടെ ഭാവി തലമുറകൾക്കും സാറിൻ്റെ ജീവിതം ഒരു പാഠപുസ്തകമാക്കാം.   നമ്മളെല്ലാം അതിലെ കണ്ണികളാണെന്നതിൽ നമുക്ക് അഭിമാനിക്കാം. ഈ ചടങ്ങിൽ സംബന്ധിക്കുവാനും ഏബ്രഹാം സാറിനെ കണ്ട് അനുഗ്രഹം വാങ്ങുവാനും ഈ എളിയവന് അവസരം ഉണ്ടാക്കി തന്ന സാറിൻ്റെ സഹോദരപുത്രൻ, എൻ്റെ സഹ സഹപാഠിയുമായ അഭിവന്ദ്യ ബിഷപ്പ് ഡോ. മാത്യുസ് മാർ മക്കാറിയോസ് അവർകൾക്കും സാറിൻ്റെ പ്രിയ പത്നിയായ ‘അമ്മച്ചി’ വി.ജെ മേരി, പുത്രൻ ഡോ. ജോസ് ഏബ്രഹാം, പുത്രി സൂസൻ റോയ് എന്നിവർക്കും അവരുടെ കുടുംബത്തിനും നന്ദി പ്രകാശിപ്പിച്ചു കൊള്ളുന്നു…”

ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേർന്നുകൊണ്ട് കെ.ടി കുഞ്ഞുമോൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: