എറണാകുളം ജില്ലയിലെ കരുമാല്ലൂരിൽ ഓൺലൈനിലൂടെ വാച്ച് ആവശ്യപ്പെട്ട ആളെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമം. വാച്ചിനു പകരമായി ലഭിച്ചത് വെള്ളംനിറച്ച ഗർഭനിരോധന ഉറ. കരുമാല്ലൂർ സ്വദേശി അനിൽകുമാറിനെയാണ് ഇത്തരത്തിൽ കബളിപ്പിക്കാൻ ശ്രമം നടന്നത്.
അനിൽകുമാർ രണ്ടുദിവസം മുമ്പ് പ്രമുഖ ഓൺലൈൻ കമ്പനിയിൽ 2200 രൂപയുടെ വാച്ച് ഓർഡർ ചെയ്തിരുന്നു. ശനിയാഴ്ച ഉച്ചയോടെ കൊറിയറുമായി രണ്ട് യുവാക്കൾ ബൈക്കിൽ അനിൽകുമാറിന്റെ വീട്ടിലെത്തി. അനിൽകുമാറിൽനിന്ന് പണം വാങ്ങിയ ശേഷമാണ് അവർ കൊറിയർ കൈമാറിയത്.
പക്ഷേ, തൂക്കംകൂടുതലായി തോന്നിയതുകൊണ്ട് അനിൽകുമാർ അപ്പോൾതന്നെ കൊറിയർ തുറന്നുനോക്കി. അപ്പോഴാണ് വാച്ചിനു പകരം ഗർഭനിരോധന ഉറയിൽ വെള്ളംനിറച്ച നിലയിലുള്ള പൊതി ലഭിച്ചത്. കൊറിയറുമായി എത്തിയവരെ തടഞ്ഞുവയ്ക്കുകയും ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയുംചെയ്തു. ഓൺലൈൻ കമ്പനി കബളിപ്പിച്ചതാണോ അതോ കൊറിയർ ഏജൻസി തിരിമറി നടത്തിയതാണോ എന്നറിയാൻ അന്വേഷണം നടത്തുകയാണ് പോലീസ്.