KeralaNEWS

ശബരിമല മകരവിളക്ക് ദർശനത്തിനുള്ള പ്രധാന ഇടങ്ങൾ

ബരിമലയിലെ ഏറ്റവും പ്രസിദ്ധമായ ഉത്സവമാണ് മകരം ഒന്നിന് നടക്കുന്ന മകര വിളക്ക്. ദക്ഷിണായനത്തിൽ നിന്ന് ഉത്തരായനത്തിന്റെ തുടക്കം കുറിച്ച് സൂര്യൻ ധനു രാശിയിൽ നിന്നും മകരം രാശിയിലേക്ക് മാറുന്ന സംക്രമവേളയിലാണ് മകരസംക്രമപൂജ നടക്കുക.
പന്തളത്തു നിന്നും കൊണ്ടുവന്ന തിരുവാഭരണങ്ങള്‍ അയ്യപ്പനു ചാർത്തി ദീപാരാധന കഴിയുമ്പോഴേക്കും പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയിക്കും എന്നാണ് വിശ്വാസം.
ശബരിമലയിൽ ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുന്ന ദിവസങ്ങളിലൊന്ന് മകരവിളക്ക് ദിവസമാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് ഭക്തരാണ് അന്നേദിവസം ശബരിമലയിൽ എത്തുക.
 
ശബരിമല സന്നിധാനത്തും പമ്പയുടെയും മറ്റും വിവിധ ഭാഗങ്ങളിലായാണ് ആളുകൾ മകരവിളക്കു കാണുവാൻ നിൽക്കുക. സന്നിധാനത്തു നിന്നുള്ള മകരവിളക്ക് ദര്‍ശനമാണ് ഏറ്റവും പുണ്യകരമെന്ന് വിശ്വസിക്കപ്പെടുന്നത്. ദീപാരാധനയിൽ സർവ്വാഭരണ വിഭൂഷിതനായി നിൽക്കുന്ന അയ്യപ്പനൊപ്പം തന്നെ മകരവിളക്കും കാണാം എന്നതാണ് സന്നിധാനത്തേക്ക് വിശ്വാസികൾ ഒഴുകിയെത്തുവാൻ കാരണം. ഇവിടെയല്ലാതെ വേറെയും ചില സ്ഥലങ്ങളിൽ നിന്നാൽ മകര വിളക്ക് കാണുവാൻ സാധിക്കും. 
സന്നിധാനം കഴിഞ്ഞാൽ ഏറ്റവും അധികം ആളുകള്‍ മകരവിളക്ക് കാണുവാനായി എത്തുന്ന ഇടങ്ങളാണ് പുല്ലുമേടും പാണ്ടിത്താവളവും മരക്കൂട്ടവും. എത്ര ആളുകളുണ്ടെങ്കിലും വലിയ തിരക്കിൽപെടാതെ മകര ജ്യോതി കാണുവാനാകും എന്നതാണിവിടുത്തെ പ്രത്യേകത. മകരജ്യോതി തെളിയിക്കുന്ന പൊന്നമ്പല മേടിനോട് ചേർന്നു തന്നെയാണ് പുല്ലുമേടുമുള്ളത്.
മാളികപ്പുറം,ശരംകുത്തി,ശബരിപീഠം എന്നിവിടങ്ങളാണ് പിന്നെ തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങൾ. പമ്പയിലെ ഹിൽടോപ് പാര്‍ക്കിങ് ഗ്രൗണ്ട്, ചാലക്കയം,അട്ടത്തോട്, ആങ്ങമൂഴി, ഇലവുങ്കൽ, നീലിമല എന്നീ സ്ഥലങ്ങളിൽ നിന്നും മകരവിളക്ക് കാണുവാൻ സാധിക്കും. എരുമേലി-പമ്പ പാതയും മണ്ണാരക്കുളഞ്ഞി-പമ്പ പാതയും സംഗമിക്കുന്ന ഇടമാണ് ഇലവുങ്കൽ.
ഇതു കൂടാതെ ശബരിമലയിൽ നിന്നും  കിലോമീറ്ററോളം അകലെയുള്ള പാഞ്ചാലിമേട്ടിലോ പരുന്തുംപാറയിലോ നിന്നാലും മകരവിളക്ക് കാണാൻ സാധിക്കും.

Back to top button
error: