നടൻ ദിലീപ് പ്രതിയായ കേസ്, സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മതിയായ കാരണം വേണമെന്ന് കോടതി
“പ്രോസിക്യൂഷന്റെ വീഴ്ചകൾ മറികടക്കാൻ വേണ്ടിയാകരുത് പുനർവിസ്താരം. വിചാരണ നീട്ടനാണോ പ്രോസിക്യൂഷൻ ശ്രമിക്കുന്നത്…? ഇരയുടെ മാത്രമല്ല പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണം. സാക്ഷിവിസ്താരം മാസങ്ങൾ മുമ്പേ കഴിഞ്ഞതാണ്. ഇപ്പോൾ ഉന്നയിക്കുന്ന ആവശ്യത്തിന് പിന്നിൽ എന്താണ്…” ഹൈക്കോടതി ചോദിക്കുന്നു.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ വീണ്ടും വിസ്തരിക്കണം എന്ന പ്രോസിക്യൂഷൻ ആവശ്യത്തിനെതിരെ ഹൈക്കോടതി.
കേസിന് അനുകൂലമാകുന്ന സാക്ഷിമൊഴികൾ ഉണ്ടാക്കാനാണ് പുതിയ നീക്കമെന്നു സംശയിക്കാം എന്ന് അസന്നിഗ്ദ്ധമായി ചൂണ്ടിക്കാട്ടിയ കോടതി സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്നും വ്യക്തമാക്കി.
വിചാരണയിൽ പ്രോസിക്യൂഷന്‍ വീഴ്ചകള്‍ മറികടക്കാനാകരുത് പുനര്‍വിചാരണ. പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. ഇവിടെ സാക്ഷികളെ വിസ്തരിച്ച് മാസങ്ങള്‍ കഴിഞ്ഞാണ് പുതിയ ആവശ്യം ഉയർത്തിയിരിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി.
വിചാരണ നീട്ടാനാണോ പ്രോസിക്യൂഷന്‍ നീക്കമെന്നു കോടതി ചോദിച്ചു.
ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളും കേസും തമ്മിൽ എന്ത് ബന്ധമാണുള്ളത്. ഇയാളുടെ വെളിപ്പെടുത്തലുകൾ കേസിനെ എങ്ങനെയാണ് സഹായിക്കുക എന്നും പ്രോസിക്യൂഷനോട് കോടതി ആരാഞ്ഞു. അതേ സമയം കേസുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങൾക്കു പിന്നിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് എന്നായിരുന്നു പ്രതി ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ ഉയർത്തിയ വാദം.
ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം വിചാരണക്കോടതി അംഗീകരിക്കുന്നില്ലെന്ന പരാതിയുമായാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ പ്രധാന വാദങ്ങൾ കോടതി രേഖപ്പെടുത്തുന്നില്ലെന്നും ഹർജിയിൽ പറയുന്നു.
കേസിൽ പുതിയ വെളിപ്പെടുത്തലുമായെത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴി എടുക്കാൻ കഴിഞ്ഞ ദിവസം എറണാകുളം സി.ജെ.എം കോടതി അനുമതി നൽകിയിരുന്നു.
നടിയെ ആക്രമിച്ച കേസ് വിചാരണ അടുത്ത മാസം പൂർത്തിയാക്കാനിരിക്കെയാണ് പുനർവിചാരണയുമായി പ്രോസിക്യൂഷൻ കോടതിയെ സമീപിക്കുന്നത്.
കേസിൽ തുടരന്വേഷണം ആവശ്യമാണെന്നും വിസ്താരത്തിനു കൂടതൽ സമയം വേണമെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. കേസ് അട്ടിമറിക്കാനും വിചാരണ തടസ്സപ്പെടുത്താനും നടൻ ദിലീപ് അടക്കമുളളവർ ശ്രമിക്കുന്നതിന്റേതെന്ന് അവകാശപ്പെട്ടുകൊണ്ട് ശബ്ദരേഖ അടക്കമുള്ളവയാണ് ബാലചന്ദ്രകുമാർ അടുത്തയിടെ പുറത്തുവിട്ടത്.