റാന്നി:തിരുവല്ല ഡിപ്പോയിലെ ജനകീയ കെ.എസ്.ആർ.ടി.സി. ബസ് എന്ന പേരിൽ പ്രസിദ്ധമായ വാളക്കുഴി-തീയാടിക്കൽ-നെല്ലിക് കമൺ വഴിയുള്ള തിരുവല്ല-റാന്നി ബസിന്റെ ഓട്ടം ഇനിയും പുനരാരംഭിച്ചില്ല.ഡിപ്പോയിലെ തന്നെ ഏറ്റവും കൂടുതൽ കളക്ഷനുള്ള ഓർഡിനറി സർവീസായിരുന്നു ഇത്. വരുന്ന മാർച്ചിലേക്ക് ബസ് ഓട്ടം നിർത്തിയിട്ട് രണ്ടുവർഷം പൂർത്തിയാകുകയാണ്.
ഡിപ്പോയിൽ മതിയായ ജീവനക്കാരില്ലാത്തതും ഓട്ടം തുടങ്ങിയാൽ ഇടയ്ക്കുവെച്ച് നിർത്തേണ്ടിവരുമോ എന്ന ആശങ്കയുമാണ് വീണ്ടും ഓടുന്നതിന് തടസ്സമെന്നാണ് അറിവ്.ജനുവരി ഒന്നുമുതൽ ബസോട്ടം പുനരാരംഭിക്കാൻ യൂണിയൻതലത്തിൽ ശ്രമങ്ങളുണ്ടായെങ്കിലും അത് ഫലം കണ്ടില്ല.ചില ബസുകൾ ശബരിമല സർവീസിനായി മാറ്റിയതിനാൽ ആവശ്യത്തിന് ഡിപ്പോയിൽ ബസില്ലാത്തതും ഒരു കാരണമാണ്. ശബരിമല സീസണിനുശേഷം ഓട്ടം തുടങ്ങുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
ഈ ബസ് സർവ്വീസ് നിർത്തലാക്കിയതോടെ വെട്ടിലായത് നെല്ലിക്കമൺ, കണ്ടൻപേരൂർ, വൃന്ദാവനം,വാളക്കുഴി പ്രദേശത്തെ ജനങ്ങളാണ്.ജില്ലയിലെ ഏക റയിൽവെ സ്റ്റേഷനായ തിരുവല്ലയിലേക്കുള്ള ഇവരുടെ ആശ്രയമായിരുന്നു ഈ ബസ്.പ്രത്യേകിച്ച് വൈകുന്നേരത്തെ സർവീസ്.ഇപ്പോൾ വൈകിട്ട് നാലര കഴിഞ്ഞാൽ റാന്നിയിൽ നിന്നും നെല്ലിക്കമൺ ഭാഗത്തേക്ക് ബസില്ലാത്ത അവസ്ഥയാണ് ഉള്ളത്.ഈ റൂട്ടിലുള്ള ഏക കെഎസ്ആർടിസി ബസും ഇതായിരുന്നു.